അടിയന്തരാവസ്ഥ സമരം പാഠ്യവിഷയമാക്കണം: അദ്വാനി

Sunday 11 October 2015 10:39 pm IST

ന്യൂദല്‍ഹി: അടിയന്തരാവസ്ഥാ സമരം രാജ്യത്ത് പാഠ്യവിഷയമാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി. രാജ്യതലസ്ഥാനത്ത് ഉചിതമായ രീതിയില്‍ അടിയന്തരാവസ്ഥാസമര സ്മാരകം നിര്‍മ്മിക്കണമെന്നും എല്‍.കെ. അദ്വാനി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ജയപ്രകാശ് നാരായണന്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 'ലോകതന്ത്ര് കേ പ്രഹരി' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്വാനി. ജയപ്രകാശ് നാരായണനെ അനുസ്മരിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രശംസിച്ച അദ്വാനി മഹത്തായ തുടക്കമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്നും പ്രശംസിച്ചു. രണ്ടുവര്‍ഷം കഴിയുമ്പോഴേക്കും ജനാധിപത്യം അടിയന്തരാവസ്ഥയെ പരാജയപ്പെടുത്തിയതിന്റെ നാല്‍പ്പതു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2016 ജൂണ്‍ 25 മുതല്‍ 2017 ജൂണ്‍ 25 വരെ കേന്ദ്രസര്‍ക്കാര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അടിയന്തരാവസ്ഥയുടെ ദോഷവശങ്ങളെപ്പറ്റി നിരന്തരം ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്താണ് അടിയന്തരാവസ്ഥ, ആരാണ് അത് ഏര്‍പ്പെടുത്തിയത്, എന്തിനാണ് അടിയന്തരാവസ്ഥ കൊണ്ടുവന്നത്, ആരൊക്കെയാണ് അതിനെതിരെ സമരം ചെയ്തത്, അവരെ എങ്ങനെ നേരിട്ടു, ജനങ്ങള്‍ തിരിച്ചറിയേണ്ട പാഠങ്ങളെന്തെല്ലാം, ജനാധിപത്യവും സ്വാതന്ത്ര്യവും എങ്ങനെ തിരികെയെത്തി തുടങ്ങിയ കാര്യങ്ങളെല്ലാം  ജനങ്ങള്‍ ഓര്‍മ്മിക്കണം, അദ്വാനി വ്യക്തമാക്കി. ലോകതന്ത്ര പ്രഹരി ദിവസമായ ഇന്നലെ രാവിലെ അടിയന്തരാവസ്ഥാ സമര നായകനും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയേയും മുന്‍ പ്രതിരോധമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി വസതികളിലെത്തി സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.