കേരളത്തിന് രണ്ടാം സമനില

Sunday 11 October 2015 10:51 pm IST

ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് തുടരെ രണ്ടാം മത്സരത്തിലും ഒന്നാമിന്നിങ്‌സ് ലീഡോടെ സമനില. ഹൈദരാബാദിനെതിരായ കളിയില്‍ അവസാന ദിവസം ഫോളോ ഓണ്‍ ചെയ്ത ഹൈദരാബാദ് രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്ത് നില്‍ക്കെ മത്സരം അവസാനിച്ചു. സ്‌കോര്‍: കേരളം - 401, ഹൈദരാബാദ് - 218, 177/7. കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചപ്പോള്‍, ഹൈദരാബാദിന്റെ സമ്പാദ്യം ഒരു പോയിന്റ്. ഇരട്ട ശതകവുമായി കരുത്തു തെളിയിച്ച രോഹന്‍ പ്രേമിന്റെ പ്രകടനമാണ് കേരളത്തിന് മുന്‍തൂക്കം നല്‍കിയത്. അവസാന ദിവസം ആദ്യ ഇന്നിങ്‌സില്‍ എട്ടിന് 207 എന്ന നിലയില്‍ തുടങ്ങിയ ആതിഥേയര്‍ക്ക് 11 റണ്‍സ് ചേര്‍ക്കാനേ കഴിഞ്ഞുള്ളു. ഫോളോ ഓണ്‍ ചെയ്ത ഹൈദരാബാദ് രണ്ടാമിന്നിങ്‌സില്‍ ഭേദപ്പെട്ട നിലയില്‍ തുടങ്ങി. ഓപ്പണര്‍ തന്മയ് അഗര്‍വാളിന്റെ (64) അര്‍ധശതകവും അക്ഷത് റെഡ്ഡിയുടെ (43) പിന്തുണയുമാണ് അവരെ തോല്‍വിയില്‍നിന്ന് രക്ഷിച്ചത്. ഇവര്‍ക്കു ശേഷം മുറയ്ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും സമയം കഴിഞ്ഞത് രക്ഷയായി. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റെടുത്ത കെ.എസ്. മോനിഷ് രണ്ടാമത്തേതില്‍ അഞ്ചു വിക്കറ്റുമായി കരുത്തുകാട്ടി.