ദല്‍ഹിയില്‍ വന്‍ ആനക്കൊമ്പ് വേട്ട; അഞ്ഞൂറ് കിലോയോളം കണ്ടെടുത്തു

Sunday 11 October 2015 11:46 pm IST

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ വിജയപാര്‍ക്കില്‍ വന്‍ ആനക്കൊമ്പ് വേട്ട. ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ഞൂറ് കിലോയോളം ആനക്കൊമ്പാണ് പിടിച്ചെടുത്തത്. ഏകദേശം 19 കോടി രൂപയോളം വിലവരുമിതിനെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതി ഉമേഷ് അഗര്‍വാള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹിയില്‍ റെയ്ഡ് നടന്നത്. കേരളാ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ കൊമ്പുകളും കൊമ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കരകൗശല വസ്തുക്കളും കണ്ടെത്തി. വിപണിയില്‍ വന്‍ വിലയാണ് ആനക്കൊമ്പില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍ക്ക്. 487 കിലോഗ്രാം ആനക്കൊമ്പ് കണ്ടെടുത്തെന്ന് കേരളാ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തിലെ വനങ്ങളില്‍ നിന്ന് വേട്ടയാടി കൊന്ന ആനകളുടെ കൊമ്പുകളും കണ്ടെടുത്തവയില്‍ ഉണ്ട്. കേരളത്തില്‍ ആനക്കൊമ്പ് വ്യാപാരത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഈഗിള്‍ രാജിനെയും വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.