ബിജെപിയുടെ ജനപങ്കാളിത്തത്തില്‍ മുന്നണികള്‍ക്ക് ആശങ്ക : വി.മുരളീധരന്‍

Sunday 11 October 2015 11:34 pm IST

തിരുവനന്തപുരം: ബിജെപിയുടെ ജനപങ്കാളത്തത്തില്‍ മുന്നണികള്‍ക്ക് ആശങ്കയെന്ന് വി. മുരളീധരന്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം വിലയിരുത്താന്‍ കിട്ടുന്ന അവസരത്തില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിച്ചിരിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രാധാന്യം. പ്രിയദര്‍ശിനി ഹാളില്‍ ബിജെപി ഫോര്‍ട്ട് വാര്‍ഡിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും വികസന സാധ്യതയുള്ള നഗരത്തിന്റെ സമഗ്രവികസനം ഇതുവരെയും സാധ്യമായില്ല. മതത്തിന്റെ പേരു പ്രതിപാദിക്കുന്ന പാര്‍ട്ടിയെ വര്‍ഗ്ഗീയ പാര്‍ട്ടിയല്ല എന്നാണ് ചില പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സാഹിത്യകാരന്മാര്‍ പുരസ്‌കാരം തിരിച്ചു നല്‍കിയതിനു പിന്നിലും രാഷ്ട്രീയമാണ്. അക്കൂട്ടര്‍ ഒഴിഞ്ഞുപോകുന്നതുതന്നെയാണ് നല്ലത്. കര്‍ണാടക സര്‍ക്കാരിനെതിരെയോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയോ പ്രതിഷേധിക്കാന്‍ ആ സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയാല്‍ പോരേ. ദേവസ്വംബോര്‍ഡ് കോളേജിലെ ആല്‍ത്തറയില്‍ വിളക്കുവച്ചാല്‍ വര്‍ഗ്ഗീയമായി. ക്രിസ്ത്യന്‍- മുസ്ലീം മാനേജുമെന്റുകളുടെ കോളേജുകളില്‍ പ്രാര്‍ത്ഥനാമുറി സജ്ജീകരിച്ചാല്‍ അത് വര്‍ഗ്ഗീയമല്ല. ബീഫ് നിരോധിക്കാത്ത കേരളത്തില്‍ അതിനെതിരെ വിവാദം നടത്തേണ്ട കാര്യമില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഇതുവരെ ഒരു സര്‍ക്കാരും ചെയ്യാത്ത പദ്ധതികള്‍ നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റത്തിനുള്ള സാഹചര്യമാണുള്ളത്. അനുകൂല സാഹചര്യം വോട്ടാക്കി മാറ്റുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവരില്‍ വിവിധ ജാതികള്‍തമ്മിലുള്ള അകല്‍ച്ച ഇന്ന് കുറഞ്ഞിരിക്കുന്നതിനാല്‍ ഹൈന്ദവര്‍ ഒന്നിച്ചു നില്‍ക്കേണ്ടത് ആവശ്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ ബ്രാഹ്മിണ്‍സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പ്രദീപ് ജ്യോതി പറഞ്ഞു. ലോകരാഷ്ട്രങ്ങളുടെ ഉത്പാദന രാജ്യമായി ഇന്ത്യ മാറുകയാണ്. ഈ അവസരത്തില്‍ മോദി സര്‍ക്കാരിന് പിന്തുണ നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബ്രാഹ്മണ സഭാ ജില്ലാ സെക്രട്ടറി എസ്.കെ സ്വാമി, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍, ബ്രാഹ്മണ സഭാ നേതാവ് എം.വീരമണി, എ.എന്‍.എ സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, ഗൗഡസാരസ്വത ബ്രാഹ്മണസഭാ നേതാവ് മോഹന്‍ദാസ് പൈ, ബിജെപി നേതാക്കളായ അഡ്വ.ഗീത, കൃഷ്ണകുമാര്‍, അനന്തപുരി ഹിന്ദു ധര്‍മ്മപരിഷത്ത് ജനറല്‍ സെക്രട്ടറി എം.ഗോപാല്‍, ആര്‍.ശാന്താറാം തുടങ്ങിയവര്‍ പങ്കെടുത്തു.