കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആചാര ലംഘനം നവരാത്രി വിഗ്രഹഘോഷയാത്ര വീണ്ടും അസ്വാരസ്യങ്ങള്‍ക്ക് ഇടനല്കി

Sunday 11 October 2015 11:50 pm IST

പത്മനാഭപുരം: ഭക്ത്യാദരപൂര്‍വ്വം നടത്തേണ്ട നവരാത്രി വിഗ്രഹ ഘോഷയാത്ര അധികൃതരുടെ അനാസ്ഥയില്‍ ഇക്കുറിയും അസ്വാരസ്യങ്ങള്‍ക്ക് ഇടനല്കി. പതിവുപോലെ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് ഇക്കുറിയും ചിട്ടവട്ടങ്ങള്‍ തെറ്റിക്കാന്‍ അവസരം ഒരുക്കിയത്. കഴിഞ്ഞ വര്‍ഷത്തേതുപോലെ നിരവിധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കുറിയും പത്മാനാഭപുരത്ത് എത്തിയിരുന്നു. ഗവര്‍ണ്ണര്‍ പങ്കെടുക്കുന്നതിനാല്‍ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. പിആര്‍ഡി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നവരും മാത്രം ഉടവാള്‍ കൈമാറ്റ ചടങ്ങിന് മാളികയില്‍ കയറിയാല്‍ മതി എന്ന നിര്‍ദ്ദേശം നേരത്തെ നല്കിയിരുന്നു. എന്നാല്‍ പതിവു പോലെ മന്ത്രി വി.എസ്. ശിവകുമാറിനോടൊപ്പം എത്തിയ പ്രവര്‍ത്തകര്‍ മറ്റുള്ളവരെ നോക്കുകുത്തിയാക്കി ഉപ്പിരിക്കമാളികയില്‍ കയറിക്കൂടുകയായിരുന്നു. നേതാക്കളുടെ ഫോട്ടോ എടുക്കുന്നതിന് കൊണ്ടുവന്നവരെയും കടത്തിവിട്ടു. പുലര്‍ച്ചെ മുതല്‍ എത്തിയ പത്രഫോട്ടോഗ്രഫര്‍മാരെല്ലാം പുറത്തും. കഴിഞ്ഞ വര്‍ഷത്തെ ഉടവാള്‍ കൈമാറ്റ ചടങ്ങും കോണ്‍ഗ്രസ്സുകാര്‍ അലങ്കോലമാക്കിയിരുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറുമായിരുന്നു പങ്കെടുത്തത്. ചടങ്ങിന് ഡസന്‍ കണക്കിന് കോണ്‍ഗ്രസ് അനുയായികളെയും കൊണ്ടു വന്നിരുന്നു. പത്മനാഭ സ്വാമിയുടെ സാന്നിധ്യം ഉണ്ടെന്ന് കണക്കാക്കുന്ന പവിത്രമായ ഉപ്പിരിക്ക മാളികയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമെ കയറാന്‍ സാധിക്കുകയുള്ളു. ഒരു കെടാവിളക്കിന്റെ വെളിച്ചം മാത്രമാണ് ഇവിടെ ഉള്ളത്. മുന്‍ കാലങ്ങളില്‍ പത്ര ഫോട്ടാഗ്രാഫര്‍മാരും ഉടവാള്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കുന്നവരും മാത്രമാണ് പ്രവേശിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ വരവോടെ ഉടവാള്‍ കൈമാറ്റ ചടങ്ങിന് കൂടെ വരുന്ന കോണ്‍ഗ്രസ്സുകാരും മാളികയില്‍ പ്രവേശിക്കും. കഴിഞ്ഞ തവണ മന്ത്രിമാരോടൊപ്പം നിരവധി പേര്‍ മാളികയില്‍ പ്രവേശിച്ചു. ഫോട്ടോക്ക് പോസ് ചെയ്യാനുള്ള തിക്കും തിരക്കുമായതോടെ ഉന്തിലും തള്ളലിലും കൊട്ടാരത്തിലെ അത്യപൂര്‍വ്വങ്ങളായ ചുമര്‍ ചിത്രങ്ങള്‍ക്കും കിളി വാതിലുകള്‍ക്കും കേടു പാടുകള്‍ പറ്റി. പത്മനാഭസ്വാമി ശയിക്കുന്നു എന്ന് വിശ്വസിക്കുന്ന ആട്കട്ടിലില്‍ കോണ്‍ഗ്രസ്സുകാര്‍ കയറി ഇരിക്കുകയും ചെയ്തിരുന്നു. പത്മനാഭപുരം നിവാസികളും വിവിധ ഹൈന്ദവ സംഘടനകളും ഇതിനെതിരെ അന്ന് പ്രതിഷേധം ഉന്നയിച്ചിരുന്നു. ഘോഷയാത്ര നെയ്യാറ്റിന്‍കരിയില്‍ എത്തിയപ്പോഴും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. എംഎല്‍എ ശെല്‍വരാജിന്റെ നേതൃത്വത്തില്‍ ഘോഷയാത്ര സ്വീകരണകമ്മറ്റി രൂപീകരിച്ച് കോണ്‍ഗ്രസ് ജാഥ നടത്താന്‍ ശ്രമം നടത്തി. വിവധ ഹൈന്ദവ സംഘനടകള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. ഘോഷയാത്രയില്‍ പങ്കെടുത്ത എംഎല്‍എക്ക് സുഗമമായ വഴിയൊരുക്കിയില്ലെന്ന് ആരോപിച്ച് പാറശ്ശാല സിഐയെ എംഎല്‍എയും നഗരസഭചെയര്‍മാനും ചേര്‍ന്ന് ഷര്‍ട്ടിനു പിടിച്ചു. മറ്റ് മതവിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരെ ഉപയോഗിച്ച് സിഐയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. എംഎല്‍എയുടെ നടപടിക്ക് എതിരെ ഹിന്ദു ഐക്യവേദി ദേശീയപാത ഉപരോധിച്ചിരുന്നു. പുരാവസ്തു വകുപ്പ് ജീവനക്കാരുടെ കഴിവുകേടും പാര്‍ട്ടി പ്രീണനവുമാണ് ഇത്തരത്തിലുള്ള ആചാര ലംഘനങ്ങള്‍ക്ക് കാരണം. പത്മനാഭപുരം നിവാസികളില്‍ ഇത് കടുത്ത അമര്‍ഷത്തിന് വീണ്ടും ഇടയാക്കിട്ടുണ്ട്.