ടിപി വധക്കേസും സിബിഐ അന്വേഷിക്കണം: വെള്ളാപ്പള്ളി

Monday 12 October 2015 12:18 am IST

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം മാത്രമല്ല  ടിപി വധക്കേസും സിബിഐ അന്വേഷിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.  ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പല ഭാഗങ്ങളില്‍ നിന്നുമുണ്ടാവുന്ന എല്ലാ വെളിപ്പെടുത്തലുകളും ഒരുമിച്ച് ചേര്‍ത്ത് സിബിഐയോ അതിനും മുകളില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അവരെക്കൊണ്ടോ അന്വേഷിപ്പിച്ച് തന്നെ അഗ്‌നിശുദ്ധി വരുത്തണം. കാന്തപുരവും തൃശൂര്‍ ബിഷപ്പും ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ ആരും എതിര്‍ക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാനുള്ള തീരുമാനത്തിന് മാറ്റവുമില്ല. മുന്നോട്ടു വച്ച കാല്‍ പിന്നോട്ടില്ല. ശിവഗിരി മഠത്തോട് ആദരവ് മാത്രമേയുള്ളു. ഹിന്ദുക്കള്‍ക്ക് ഒന്നിക്കുവാന്‍ ഒരിടമില്ലാത്തതാണ് പ്രശ്‌നം. ഈഴവന് നീതി തേടിയാണ് പ്രധാനമന്ത്രിയെ കാണുവാന്‍ പോയത്. വീടില്ലാത്തവരുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. അല്ലാതെ ഹോള്‍സെയിലായോ റീട്ടെയിലായോ സമുദായത്തെ കൊടുക്കുവാനല്ല പോയത്. ശ്രീനാരായണ ഗുരുദേവനെ  ഞങ്ങള്‍ മഞ്ഞ പുതപ്പിച്ച് കൊണ്ടു നടന്നോളാമെന്നും  എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും വിരോധമോ വിധേയത്വമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമുദായത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന് കേട്ടപ്പോള്‍ എല്ലാ പാര്‍ട്ടിക്കാരും മത്‌സരിച്ച് സീറ്റ് തരാന്‍ തയാറാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.