മധൂരില്‍ ഇരുപതും നേടാന്‍ ബിജെപി

Monday 12 October 2015 12:28 am IST

കാസര്‍കോട്: സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മറികടക്കാനാവാത്ത ചരിത്രനേട്ടമാണ് മധൂരിലെ ബിജെപിക്ക്. പഞ്ചായത്തു രൂപീകരിച്ചതുമുതല്‍ കഴിഞ്ഞ 35 വര്‍ഷമായി പഞ്ചായത്ത് ഭരിക്കുന്നത് ബിജെപി. തെരഞ്ഞെടുപ്പിലെ ഈ വിജയചരിത്രം ആവര്‍ത്തിച്ചാല്‍ പോരെന്നു നിശ്ചയിച്ച് ഒരുങ്ങി കഴിഞ്ഞു. ഇക്കുറി നൂറില്‍ നൂറും നേടാനുള്ള പ്രവര്‍ത്തനമാണ് അണിയറയില്‍. പഞ്ചായത്ത് രുപീകൃതമായ 1963 മുതല്‍ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനത്തെ ഏക ഗ്രാമപഞ്ചായത്താണിത്. 20 സീറ്റുള്ള പഞ്ചായത്തില്‍ 15 സീറ്റും ബിജെപിക്കാണ് കഴിഞ്ഞ തവണ ലഭിച്ചത്. അതില്‍ 10 സീറ്റിലും വിജയിച്ചത് വനിതകളാണ്. പ്രതിപക്ഷമായ യുഡിഎഫ് നേടിയത് അഞ്ച സീറ്റാണ്. ആദ്യ തെരഞ്ഞെടുപ്പില്‍ എട്ടുവാര്‍ഡുകളില്‍ അഞ്ചെണ്ണത്തില്‍ ബിജെപി വിജയിച്ചു. അന്നത്തെ ബിജെപിയുടെ കരുത്തനായ സാരഥി എ.കെ. വാസുദേവ റാവുവായിരുന്നു ആദ്യ പ്രസിഡണ്ട്. തുടര്‍ന്ന് യു.കെ. ഗട്ടി അദ്ധ്യക്ഷ പദവിയിലെത്തി. പ്രസിഡണ്ടായിരിക്കെ അദ്ദേഹം അന്തരിച്ചതിനെ തുടര്‍ന്ന് കെ. ജഗന്നാഥഷെട്ടി അദ്ധ്യക്ഷനായി. പ്രസിഡണ്ട് സ്ഥാനത്തിരിക്കെ അദ്ദേഹവും മരണപ്പെട്ടതിനെ തുടര്‍ന്ന് ബി. മഹാലിംഗേശ്വരയ്യ തലപ്പത്തെത്തി. തുടര്‍ന്ന് വന്ന പ്രേമാവതി എം. റൈയായിരുന്നു പഞ്ചായത്തിലെ ആദ്യ വനിതാ അദ്ധ്യക്ഷ. 2010 ല്‍ മാധവന്‍മാസ്റ്ററായി അദ്ധ്യക്ഷന്‍. 41,463 ആണ് മധൂരിന്റെ ജനസംഖ്യ. ഇതില്‍ 21,214 സ്ത്രീകളും, 20,249 പുരുഷന്മാരും. 50 ശതമാനം പേരും കന്നഡഭാഷ സംസാരിക്കുന്ന പഞ്ചായത്തു കൂടിയാണിത്. കന്നഡ, തുളു, മലയാളം കൊങ്കിണി ഭാഷകളാണിവിടെ വ്യവഹാരത്തിന്. ഇത്തവണ അദ്ധ്യക്ഷ പദവിയില്‍ വനിതാ സംവരണമാണ്. 2014 ല്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും, 2010ല്‍ കേന്ദ്ര ശുചിത്വ മിഷന്റെ നിര്‍മ്മല്‍ പുരസ്‌കാരവും നേടിയ പഞ്ചായത്താണ് മധൂര്‍. വേര്‍തിരിവില്ലാതെ വികസന കാഴ്ചപ്പാടൊടെയുള്ള ചിട്ടയായ ഭരണമാണ് ബിജെപിയെ വീണ്ടും ജനങ്ങള്‍ അധികാരത്തിലേറ്റുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ്ഞാനി എസ്. ഷ്യാന്‍ബോഗ് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിപ്പിച്ച് ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാനുള്ള കാത്തിരിപ്പിലാണ് മധൂരിലെ സമ്മതിദായകര്‍. പാര്‍ട്ടിയുടെ ആസൂത്രിത പ്രചാരണ പദ്ധതികൂടിയാകുമ്പോള്‍ 20 മണ്ഡലത്തിലും താമര വിരിയുമെന്നുറപ്പാണെന്ന് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.