ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്‍പ്പശി ഉത്സവത്തിന് നാളെ കൊടിയേറും

Monday 12 October 2015 1:35 am IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവങ്ങളുടെ കാലം. അല്‍പ്പശി ഉത്സവത്തിന് നാളെ കൊടിയേറും. നവരാത്രി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി മഹോത്സവം 14നും ആരംഭിക്കും. നാളെ കൊടിയേറുന്ന അല്‍പ്പശി ഉത്സവം 22 ന് ആറാട്ടോടെയും 14 ന് ആരംഭിക്കുന്ന നവരാത്രി മഹോത്സവം 3 ന് വിദ്യാരംഭത്തോടെയും സമാപിക്കും. നവരാത്രി മഹോത്സവത്തിനും അല്‍പ്പശി ഉത്സവത്തിനും  കലാപരിപാടികളും സംഗീതക്കച്ചേരികളും വിവിധ വേദികളിലായി നടക്കും. തമിഴ് വര്‍ഷത്തിലെ അല്‍പ്പശി അഥവാ ഐപ്പശി എന്നാല്‍ മലയാളവര്‍ഷത്തിലെ തുലാമാസമാണ്. മീനമാസത്തിലെ ഉത്സവത്തിനുള്ള എല്ലാ ചടങ്ങുകളും തുലാമാസത്തിലെ ഉത്സവത്തിനും ആവര്‍ത്തിക്കുന്നു. തുലാമാസത്തില്‍ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെ ഉത്സവം സമാപിക്കും. അല്‍പ്പശി ഉത്സവത്തിന്റെ കൊടിയേറ്റ്  നാളെ രാവിലെ 9നും 9.30 നും ഇടയ്ക്കുള്ള മഹൂര്‍ത്തത്തില്‍ നടക്കും. ക്ഷേത്രതന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ശ്രീലകത്ത് നിന്നു പൂജിച്ച കൊടിക്കൂറയും കയറും കിഴക്കേ മുഖമണ്ഡപത്തിന് സമീപത്തെ സ്വര്‍ണക്കൊടിമരത്തിന് മുന്നില്‍ തന്ത്രിക്ക് കൈമാറും. തുടര്‍ന്നാണ് കൊടിയേറ്റ്.  രാത്രി 8.30 ന് സിംഹാസന വാഹനത്തില്‍ എഴുന്നള്ളിപ്പ് നടക്കും. തിരുവിതാംകൂര്‍ രാജകുടുംബസ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ അകമ്പടി സേവിക്കും.ഉത്സവത്തിന്റെ പത്തുദിവസങ്ങളിലും പൊന്നും ശീവേലി നടക്കും. ഓരോ ദിവസവും സിംഹാസന വാഹനം, അനന്തവാഹനം, കമലവാഹനം, പല്ലക്ക് വാഹനം, ഇന്ദ്രവാഹനം, ഗരുഡവാഹനം എന്നിവയിലാണ് എഴുന്നെള്ളത്ത്. എല്ലാ ദിവസവും രാവിലെ ദ്രവ്യകലശവും നടക്കും. എട്ടാം ഉത്സവദിവസമായ 20 ന് കലശാഭിഷേകവും വലിയ കാണിക്കയും നടക്കും. രാവിലെ 9നാണ് കലശാഭിഷേകം. രാത്രി 8.30ന് വലിയ കാണിക്ക. ശീവേലിക്കൊപ്പം എഴുന്നള്ളിക്കുന്ന ശ്രീ ഭണ്ഡാരക്കുടത്തില്‍ കിഴക്കേ ശീവേലിപ്പുരയില്‍ വച്ച് പുഷ്പാഞ്ജലി സ്വാമിയാര്‍ കാണിക്കയിടും. തുടര്‍ന്ന് രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും കാണിക്കയിടും. 21 ന് രാത്രി 8.30 നാണ് പള്ളിവേട്ട.  വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപം തയ്യാറാക്കുന്ന വേട്ടക്കളത്തിലാണ് വേട്ട നടക്കുക. പത്താം ദിവസമായ 22 നാണ് ആറാട്ട്. വൈകിട്ട് ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന ആറാട്ട് ഘോഷയാത്ര ശംഖുംമുഖം തീരത്തെത്തി കടലില്‍ ആറാടി തിരിച്ചെത്തുന്നതോടെ ഉത്സവച്ചടങ്ങുകള്‍ക്ക് സമാപനമാകും. ഉത്സവത്തോടനുബന്ധിച്ച് ദര്‍ശന സമയത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. ദിവസവും തുലാഭാരമണ്ഡപത്തിലും ശ്രീപാദ മണ്ഡപത്തിലും നൃത്തസംഗീത പരിപാടികളും രാത്രി 10 ന് നാടകശാല മുഖപ്പില്‍ കഥകളിയും ഉണ്ടായിരിക്കും. 13 ന് വൈകീട്ട് 6ന്  ഉമാ തപസ്യാനന്ദയുടെ മോഹിനിയാട്ടം, 14 ന് ശോഭനാ കൃഷ്ണമൂര്‍ത്തിയുടെ ശാസ്ത്രീയ സംഗീതം,  16 ന് ബിജുമോന്റെ ശാസ്ത്രീയ നൃത്തം, 17ന് ലക്ഷ്മി സുദര്‍ശന്റെ ശാസ്ത്രീയ നൃത്തം, 18 ന് വിജയ സുന്ദറിന്റെ വീണക്കച്ചേരി, 19 ന് വി. അശ്വിനിയുടെ നൃത്തനൃത്യങ്ങള്‍, 20 ന് സരസ്വതി അമ്മാളിന്റെ ശാസ്ത്രീയ നൃത്തം, 21 ന് രാമചന്ദ്രമൂര്‍ത്തിയുടെ നൃത്തപരിപാടി എന്നിവ അരങ്ങേറും. 13 മുതല്‍ രാത്രി 10 ന് യഥാക്രമം നരകാസുരവധം, കുചേലവൃത്തം, നളചരിതം രണ്ടാം ദിവസം, കിര്‍മീരവധം, സീതാസ്വയംവരം, അംബരീഷചരിതം, രുഗ്മാംഗത ചരിതം, ദുര്യോധനവധം, കിരാതം, ദക്ഷയാഗം എന്നീ കഥകളികള്‍ ഉണ്ടായിരിക്കും. നാട്യശാല കഥകളിസംഘമാണ് അവതാരകര്‍. 14 ന് ആരംഭിക്കുന്ന നവരാത്രി മഹോത്സവം  23 ന് വിദ്യാരംഭത്തോടെ സമാപിക്കും. 13ന് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ എത്തിച്ചേരുന്ന വിഗ്രഹങ്ങള്‍ക്ക് നവരാത്രി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആചാരപരമായ സ്വീകരണം നല്‍കും. ഘോഷയാത്രയില്‍ സരസ്വതീവിഗ്രഹത്തെ കോട്ടയ്ക്കകം നവരാത്രി പണ്ഡപത്തില്‍ മൂലം തിരുനാള്‍ രാമവര്‍മ ഉടവാള്‍അടക്കം ഏറ്റുവാങ്ങി പൂജയ്ക്കിരുത്തും. ഒന്‍പതു ദിവസത്തെ പൂജയ്ക്കുശേഷം 23ന് വിദ്യാരംഭം നടക്കും. രാവിലെ 8.30 മുതല്‍ 10.30 വരെയാണ് വിദ്യാരംഭം.  24 ന് നല്ലിരിപ്പ്. 25 ന് രാവിലെ  9 ന് പദ്മനാഭപുരത്തേക്ക് വിഗ്രഹങ്ങള്‍ തിരിച്ചെഴുന്നെള്ളുന്നതോടെ  നവരാത്രി മഹോത്സവത്തിനു സമാപനമാകും. തമിഴ്‌നാട് ദേവസ്വത്തിലെ നാരായണന്‍ പോറ്റിയാണ് സരസ്വതീമണ്ഡപത്തി ലെത്തുന്നതുവരെയുള്ള പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നവരാത്രി മണ്ഡപത്തില്‍ വാസുദേവന്‍ ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നവരാത്രി പൂജകള്‍ നടക്കും. 14 മുതല്‍ 22 വരെ പ്രശസ്തരുടെ സംഗീതക്കച്ചേരികളും മണ്ഡപത്തില്‍ അരങ്ങേറും. രാവിലെ അഞ്ചു മുതല്‍ 7.30 വരെയും 8..30 മുതല്‍ 10.30 രെയും വൈകീട്ട് 3 മുതല്‍ 5 വരെയുമാണ് ദര്‍ശനസമയം. നവരാത്രി മണ്ഡപത്തില്‍ ദിവസവും വൈകീട്ട് 5 ന് തോടയം മംഗളം സംഗീതം ഉണ്ടായിരിക്കും