ബീഹാറില്‍ പോളിംഗ് 57 ശതമാനം. ആദ്യഘട്ടം സമാധാനപരം; വിജയം ബിജെപിക്കെന്ന് മുലായം

Tuesday 13 October 2015 7:59 am IST

പാട്‌ന: ബീഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവ്. 49 മണ്ഡലങ്ങളിലെ പോളിംഗ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പൂര്‍ത്തിയായപ്പോള്‍ 57 ശതമാനം പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ ബിജെപിക്ക് അനുകൂലമായിട്ടാണ് ചിന്തിക്കുന്നതെന്നും ബീഹാറില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് പ്രസ്താവിച്ചത് സംസ്ഥാന രാഷ്ട്രീയം എങ്ങോട്ടെന്നതിന്റെ വ്യക്തമായ സൂചനയായി. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കാളും 6.15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന കിഴക്കന്‍ ബീഹാറിലെ പത്തു ജില്ലകളില്‍ ഇത്തവണ ഉണ്ടായത്. 2010ല്‍ 50.85 ശതമാനമായിരുന്നു ഇവിടെ പോളിംഗ്. 1.35 കോടി വോട്ടര്‍മാരിലെ 59.5 ശതമാനം സ്ത്രീകളും 54.5 ശതമാനം പുരുഷന്മാരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ബീഹാര്‍ ജനത സ്വീകരിച്ചതാണ് ഉയര്‍ന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ നടന്നതെന്ന് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ വലിയ നിരതന്നെ കാണാന്‍ സാധിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയായ ജമൂയിയില്‍ ഉള്‍പ്പെടെ വലിയ പോളിംഗ് നടന്നു. ജമൂയി ജില്ലയില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥിക്കു നേരേ വെടിവെയ്പ്പ് ഉണ്ടായെങ്കിലും സ്ഥാനാര്‍ത്ഥിക്ക് പരിക്കില്ല. അക്രമിസംഘത്തിലെ ഒരാള്‍ പിടിയിലായിട്ടുണ്ട്. ആദ്യഘട്ട വോട്ടിംഗ് നടന്ന 49 മണ്ഡലങ്ങളിലെ 13,212 പോളിംഗ് സ്‌റ്റേഷനുകളിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. സംസ്ഥാന പോലീസിന് പുറമേ കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗവും പോളിംഗ് സ്‌റ്റേഷനുകളില്‍ വിന്യസിക്കപ്പെട്ടിരുന്നു. പോളിംഗ് സ്റ്റേഷനുകളുടെ നിരീക്ഷണത്തിനായി ആളില്ലാ നിരീക്ഷണ വിമാനമായ ഡ്രോണുകളും ഉപയോഗിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പ് ബിജെപിക്ക് വലിയ വിജയം സമ്മാനിക്കുമെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ പ്രസ്താവന ജെഡിയു-ആര്‍ജെഡി കക്ഷികള്‍ക്ക് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് ബിജെപി നടത്തിയ മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അഭിനന്ദിച്ച മുലായം നിതീഷ് കുമാറിന്റെ മഹാസഖ്യത്തിന് കാര്യങ്ങള്‍ ഒട്ടും നല്ലതായിരിക്കില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബാബുവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നിതീഷ് കുമാറിനെ വഞ്ചകന്‍ എന്നുവിളിച്ച മുലായം, ലാലുപ്രസാദ് യാദവിനെ വീഴ്ത്തിയ കാലിത്തീറ്റ കേസ് ജെഡിയു നേതാക്കളുടെ കെണിയായിരുന്നെന്നും ആരോപിച്ചു. ഒക്‌ടോബര്‍ 16നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 32 നിയോജക മണ്ഡലങ്ങളിലാണ് 16ന് വോട്ടെടുപ്പ് നടക്കുക.