എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നേതാക്കളുടെ ബന്ധുക്കള്‍; 33 സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് സീറ്റില്ല

Monday 12 October 2015 10:58 am IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലവിലുള്ള 33 കൗണ്‍സിലര്‍മാര്‍ പുറത്ത്. അഴിമതി ആരോപണ വിധേയരായ മേയര്‍ പ്രൊഫ. എ.കെ.പ്രേമജം, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുള്‍ ലത്തീഫ്, കൗണ്‍സില്‍പാര്‍ട്ടി നേതാവ് എം.മോഹനന്‍ എന്നിവര്‍ക്ക് സീറ്റില്ല. മറ്റ് 30 കൗണ്‍സിലര്‍മാരെയും പല കാരണങ്ങളാല്‍ ലിസ്റ്റില്‍ നിന്നും പുറത്തായി. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ഉള്‍പ്പെടെയുള്ളവര്‍ക്കും സീറ്റില്ല. ജില്ലാ പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നേതാക്കളുടെ ബന്ധുക്കളും പ്രമുഖ വ്യവസായികളും ഇടംപിടിച്ചു. ഇന്നലെ പ്രഖ്യാപിച്ച ഇടതുമുന്നണിയുടെ പട്ടികയില്‍ ജനതാദള്‍-എസ് സ്ഥാനാര്‍ത്ഥികളില്ല. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുന്‍മേയര്‍മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം എം പത്മാവതി എന്നിവര്‍ സ്ഥാനംപിടിച്ചു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ ബേപ്പൂര്‍ എം എല്‍ എയും വ്യവസായ പ്രമുഖനുമായ വി കെ സി മമ്മദ്‌കോയ അരീക്കാട്ടു നിന്നാണ് മത്സരിക്കുന്നത്. മേയര്‍ സ്ഥാനം ലക്ഷ്യംവെച്ചിരുന്ന മുന്‍മേയര്‍ ടി പി ദാസന് പകരം അദ്ദേഹത്തിന്റെ ഭാര്യ ടി വി ലളിതപ്രഭ തിരുത്തിയാടു നിന്ന് മത്സരിക്കും. തോട്ടത്തില്‍ രവീന്ദ്രന് ചക്കോരത്തുകുളം സീറ്റ് നല്‍കി. സി ഐ ടി യു നേതാവ് പി ടി രാജന് പകരം അദ്ദേഹത്തിന്റെ ഭാര്യ എം എം പത്മാവതി മെഡിക്കല്‍ കോളജ് സൗത്തില്‍ നിന്ന് ജനവിധി തേടും. പ്രമുഖ ചെരുപ്പ് വ്യവസായിയും പഴയ സി ഐ ടി യു നേതാവ് മുല്ലവീട്ടില്‍ അബ്ദുറഹ്മാന്റെ മകനുമായ എം മൊയ്തീന്‍ കൊളത്തറ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാണ്. സിപിഎമ്മിന്റെ പാത പിന്തുടര്‍ന്ന് എന്‍ സി പിയും സി പി ഐയും തങ്ങള്‍ക്ക് അനുവദിച്ച കോര്‍പ്പറേഷന്‍ സീറ്റിലും ബന്ധുക്കളെയാണ് രംഗത്തിറക്കിയത്. സി പി എം കൗണ്‍സിലര്‍ സി കെ രേണുകാദേവിയുടെ ഭര്‍ത്താവ് എന്‍ പി പത്മനാഭന്‍ മൊകവൂരില്‍ എന്‍ സി പി സ്ഥാനാര്‍ത്ഥിയാവും. നിലവിലെ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായ അനിതാ രാജനുള്‍പ്പെടെ നാല് സീറ്റാണ് എന്‍ സി പിക്ക് അനുവദിച്ചത്. സി പി ഐക്ക് ലഭിച്ച വെസ്റ്റ്ഹില്‍ വാര്‍ഡില്‍ ഐ വി ശശാങ്കന്റെ ഭാര്യ ആശ ശശാങ്കന്‍ മത്സരിക്കും. സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഭാസി മലാപ്പറമ്പ് പാറോപ്പടിയില്‍ സി പി ഐ സ്വതന്ത്രനായി മത്സരിക്കും. വലിയങ്ങാടിയിലെ സ്ഥാനാര്‍ ത്ഥിയാരാണെന്ന് തീരുമാനിക്കാന്‍ തര്‍ക്കം മൂലം പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. തോല്‍ക്കുന്ന സീറ്റുകളാണ് തങ്ങള്‍ക്ക് നല്‍കിയതെന്നാണ് ജനതാദള്‍-എസി ന്റെ ആരോപണം. ജില്ലാ പഞ്ചായത്തിലേക്ക് 15 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് സി പി എം പ്രഖ്യാപിച്ചത്. ഭരണസമിതിയില്‍ സ്ഥിരം സമിതി അധ്യക്ഷനായ പി ജി ജോര്‍ജ്ജ് കുറ്റിയാടിയില്‍ മത്സരിക്കും. ജില്ലാ പഞ്ചായത്ത് പട്ടികയിലും പ്രാദേശിക നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. കട്ടിപ്പാറ, ഈങ്ങാപ്പുഴ, ചാത്തമംഗലം, ചോറോട് എന്നിവയാണ് സി പി ഐക്ക് അനുവദിച്ചത്. ആര്‍ എം പിയെ ഭയന്ന് ചോറോട് സീറ്റ് ഏറ്റെടുക്കാന്‍ സി പി ഐയെ സി പി എം നിര്‍ബന്ധിക്കുകയായിരുന്നു. ആര്‍ എം പി സ്വാധീനമേഖലയായ അഴിയൂര്‍ ജനതാദള്‍-എസ് ഏറ്റെടുക്കണമെന്നും സി പി എം നിര്‍ബന്ധം പിടിച്ചു. നന്മണ്ടയും കുന്ദമംഗലവും എന്‍ സി പിക്കും മടവൂര്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സി നും നല്‍കി. 14നാണ് സിപി എം അന്തിമ ലിസ്റ്റ് പുറത്തിറക്കുക. അന്ന് മുതലക്കുളത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.