കഞ്ചിക്കോട് വീണ്ടും സിപിഎം അക്രമം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Monday 12 October 2015 11:20 am IST

പാലക്കാട്: സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാനം പുനസ്ഥാപിച്ച കഞ്ചിക്കോട്ട് വീണ്ടും സിപിഎം സംഘത്തിന്റെ വെട്ടേറ്റ് മൂന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍വര്‍ത്തകര്‍ ആശുപത്രിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ കഞ്ചിക്കോട് വാട്ടര്‍ ടാങ്കിനു സമീപത്തെ ശെല്‍വന്‍ മകന്‍ സന്തോഷ്‌കുമാര്‍ (19), കണ്ണന്റെ മകന്‍ രാധാകൃഷ്ണന്‍ എന്ന മധു (17), ബിജെപി പ്രവര്‍ത്തകനായ ചടയന്‍കലായ് നരസിംഹപുരം കോളനിയിലെ ബാബുവിന്റെ മകന്‍ പ്രവീണ്‍ (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റു രണ്ടു പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം 5.30 ഓടെ വീടിനടുത്ത് സുഹൃത്തുക്കളോടു സംസാരിച്ചു കൊണ്ടിരിക്കേ ബൈക്കിലെത്തിയ സിപിഎം-ഡിവൈഎഫ് ഐ സംഘം വടിവാള്‍ ഉപയോഗിച്ച് സന്തോഷിനെയും അക്രമിക്കുകയായിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മകന്‍ ശിവദാസ്, കോച്ചപ്പള്ളം ദിലീപ്, കിഴക്കേമുറി നിതിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്ന് എഴുമണിയോടെയാണ് ചടയല്‍കലായില്‍ പ്രവിണിനെ വെട്ടിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ദിലീപിന്റെ നേതൃത്വത്തില്‍ അജീഷ്, അനീഷ് എ.#ിവരടങ്ങിയ സംഘമാണ് അക്രം നടത്തിയത്. കഴിഞ്ഞമാസം കഞ്ചിക്കോട് പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളിലെ പ്രതി കൂടിയാണ് ഇപ്പോള്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ശിവദാസ്. രണ്ടാഴ്ച മുമ്പ് കഞ്ചീക്കോട്-പുതുശ്ശേരി മേഖലകളില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് സമാധാനം നിലനിര്‍ത്താന്‍ സഹകരണം ഉറപ്പു നല്‍കിയതാണ്. അവിടെയാണ് സിപിഎം സംഘം വീണ്ടും അക്രമം തുടങ്ങിയത്.