രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് പാലക്കാട് നഗരസഭയെ

Monday 12 October 2015 11:26 am IST

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്നത് പാലക്കാട്ടേക്കാണ്. ബിജെപി നഗരസഭപിടിച്ചെടുക്കുന്നത് എത്ര സീറ്റിന്റെ ഭൂരിപക്ഷത്തിലായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. നഗരസഭ പിടിച്ചെടുക്കാനായി 9 സിറ്റിംഗ് കൗണ്‍സിലര്‍മാരും ബാക്കി പുതിയ ആളുകളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.നഗരവികസനത്തിനായി 101 കര്‍മ്മ പദ്ധതികള്‍ ഉള്‍പ്പെട്ട വികസനരേഖ കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കി. സംസ്ഥാനത്തെ നഗരസഭകളുടെ കാരണവരായ പാലക്കാട് മുനിസിപ്പാലിറ്റി 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. ബിജെപി മുഖ്യപ്രതിപക്ഷസ്ഥാനത്തിരിക്കുന്ന നഗരസഭയാണ് പാലക്കാട്. നിലവില്‍ 15 സീറ്റുകളാണ് ബിജെപിക്കുള്ളത്. അത് 35 ആക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി മാസങ്ങള്‍ക്കു മുമ്പെ ആരംഭിച്ചുകഴിഞ്ഞു. വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍തൂക്കം ബിജെപിക്കു തന്നെയാണ്. വികസന വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന യുഡിഎഫിനും അണികളുടെ കൊഴിഞ്ഞുപോക്കും, വിഭാഗീയതയും നിലനില്‍ക്കുന്ന സിപിഎമ്മിനും കനത്ത തിരിച്ചടിയാണ് പാലക്കാട്ട്് ഉണ്ടാവുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ സിപിഎമ്മിനു പലയിടത്തും അടിതെറ്റിയതാണ്. മാത്രവുമല്ല നേതാക്കള്‍ ഉള്‍പ്പെടെ ആയിരകണക്കിനാളുകളാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് വന്നത്. കഴിഞ്ഞദിവസം മുന്‍സിപിഎം കൗണ്‍സിലര്‍ കെ.ബാബു സിപിഎം വിട്ടിരുന്നു. ബിജെപി പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് നിരവധിപ്പേരാണ് ബിജെപിയിലേക്ക് വരുന്നത്. ജില്ലയില്‍ ആറു നഗരസഭകളും 91 ഗ്രാമപഞ്ചായത്തുകളും, 13 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തുമാണുള്ളത്. ജില്ലയിലെ പലപഞ്ചായത്തുകളും ഒന്നു രണ്ടുസീറ്റുകളുടെ വ്യത്യാസത്തിലാണ് ഇടതു മുന്നണി നിലനിര്‍ത്തിയത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സിപിഎം ആധിപത്യം ചെലുത്തിയെങ്കിലും നഗരസഭകളില്‍ യുഡിഎഫ് വിജയമായിരുന്നു. ഷൊര്‍ണൂര്‍ നഗരസഭയിലും സിപിഎമ്മിനു ഭരണം നഷ്ടപ്പെട്ടിരുന്നു. അതിനു കാരണം സിപിഎം വിട്ടുപോയ എം.ആര്‍. മുരളിയും കൂട്ടരുമാണ്. ചില രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കൊടുവില്‍ പിന്നീട് ഇവരിലൂടെ തന്നെ സിപിഎം ഷൊര്‍ണൂരിന്റെ ഭരണം തിരിച്ചുപിടിച്ചു. ആദ്യ മൂന്നു വര്‍ഷം കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കിലും പിന്നീട് സിപിഎമ്മുമായി കൈകോര്‍ക്കുകയായിരുന്നു മുരളി. കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉപേക്ഷിച്ച് മടങ്ങിയെത്തിയ മുരളി സിപിഎമ്മിന് അധികാരം തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മുരളി അറിയിച്ചിരുന്നു. ഇത്തവണ ഒറ്റപ്പാലത്തും ഷൊര്‍ണൂരും ബിജെപിയുടെ സീറ്റ് വര്‍ദ്ധിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ സിപിഎം നേതാക്കള്‍ക്ക് പാലക്കാട്, ചിറ്റൂര്‍ നഗരസഭകളുടെ കാര്യത്തില്‍ ഒരു പ്രതീക്ഷയും ഇല്ല എന്നതാണ് വാസ്തവം. നിലവില്‍ യുഡിഎഫിനാണ് രണ്ടിന്റെയും ഭരണമെങ്കിലും പാലക്കാടിന്റെ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നാണ് ജനങ്ങള്‍ നല്‍കുന്ന വാഗ്ദാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.