പിഒകെയിലെ ജനങ്ങളെ പാക്കിസ്ഥാന്‍ ക്രൂരമായി പീഡിപ്പിക്കുന്നു: പരീഖര്‍

Monday 12 October 2015 6:45 pm IST

പനാജി: പാക് അധിനിവേശ കശ്മീരിലെ ജനങ്ങളെ പാക്കിസ്ഥാന്‍ സൈന്യം അതിക്രൂരമായി പീഡിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ച് കശ്മീരി ജനത മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി ഭീകരന്മാരെ ഭാരതത്തിലേക്ക് തള്ളിവിടുകയാണ്. ഭീകരതയെ പരിപാലിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ഇതൊരിക്കല്‍ പൊട്ടിത്തെറിക്കും. എന്‍ഡിഎ സര്‍ക്കാര്‍ ഭാരതം ഭരിക്കുന്നത് പാക്കിസ്ഥാന് അലോസരമുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പനാജിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പരീഖര്‍. തങ്ങള്‍ ഭാരതത്തിന്റെ ഭാഗമാണെന്നാണ് പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ പറയുന്നത്. തങ്ങളുടെ സഹോദരി സഹോദരന്മാര്‍ ഭാരതത്തിലാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് നേരെ അതിക്രൂരമായ പീഡനമാണ് പാക്കിസ്ഥാന്‍ സൈന്യം അഴിച്ചുവിടുന്നത്. പെഷവാറില്‍ കുട്ടികളെ കശാപ്പ്‌ചെയ്യുകയാണ്. പ്രാര്‍ത്ഥനക്കായി മോസ്‌ക്കില്‍ പോകുന്നവരും കൊല്ലപ്പെടുന്നു. കൊലപാതകങ്ങള്‍ അവിടെ സര്‍വവ്യാപകമാണ്. ഈ വിഷമയമായ വിത്തുകളും പഴങ്ങളും അവര്‍തന്നെ വിതച്ചതാണ്. ഭാരതവിരുദ്ധ പ്രചാരണം ഇതിനൊരു പരിഹാരമല്ലായെന്ന് അവര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുകയും ഭീകരരെ ഭാരതത്തിലേക്ക് കടത്തിവിടുകയുമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതില്‍ അവര്‍ക്ക് വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്. ഇതവരുടെ മുഖങ്ങളില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.