ജില്ലയെ പരീക്ഷണശാലയാക്കി രാഷ്ട്രീയപാര്‍ട്ടികള്‍

Monday 12 October 2015 1:39 pm IST

പരപ്പനങ്ങാടി: മതേതരത്വത്തിന്റെ മലപ്പുറം മോഡല്‍ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്. പേരില്‍ തന്നെ വര്‍ഗീയതയുള്ള മുസ്ലീം ലീഗും ഒരപക്ഷേ അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടെ കാറ്റുപോയെക്കാവുന്ന കോണ്‍ഗ്രസും സിപിഎമ്മും ജില്ലയെ പരീക്ഷണശാലയാക്കി മാറ്റുകയാണ്. ഈ പരീക്ഷണത്തിലെ ഫലം അനുസരിച്ചായിരിക്കും കേരള രാഷ്ട്രീയത്തിന്റെ ഭാവി. രാപ്പകല്‍ സമരവും സോളാര്‍ സമരവും എങ്ങുമെത്താതെ പാതിവഴിയില്‍ നിന്നപ്പോള്‍ വഞ്ചിക്കപ്പെട്ടത് പാവം അണികള്‍ തന്നെയായിരുന്നു. വേദനിക്കുന്ന മനസ്സുമായി അവര്‍ അഭയം പ്രാപിച്ചത് ദേശീയ പാര്‍ട്ടിയായ ബിജെപിയിലായിരുന്നു. ചരിത്രപരമായ മണ്ടത്തരങ്ങള്‍ മാത്രം പറ്റിയ പാര്‍ട്ടിക്ക് കാല്‍ക്കീഴിലെ മണ്ണ് ചോര്‍ന്നുപോകുമ്പോഴും മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അധികാരം നിലനിര്‍ത്താന്‍ എന്ത് മണ്ടത്തരവും കാണിക്കുന്ന കോണ്‍ഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിലെ ആരും ഇല്ലാത്തതാണ് അവരെ കുഴക്കുന്ന പ്രധാനപ്രശ്‌നം. ബാനറും പോസ്റ്ററും ഒട്ടിക്കാന്‍ വേണ്ടിമാത്രമായി യുവതലമുറയെ ഇപ്പോള്‍ കിട്ടാനില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്നാണ് ഇരുകൂട്ടരുടെയും ഇപ്പോഴത്തെ മുദ്രാവാക്യം. ജില്ലയിലെ പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളിലും, വള്ളിക്കുന്ന്, ചേലേമ്പ്ര, മുന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലും ബിജെപിക്കെതിരെ സംയുക്തമായണ് കോണ്‍ഗ്രസും സിപിഎമ്മും അണിനിരക്കുന്നത്. പരപ്പനങ്ങാടിയിലെ ലീഗ് വിമതവിഭാഗം ഐഎന്‍എല്‍, സിപിഎം, പിഡിപി, സിഎംപി, സിപിഐ തുടങ്ങി എല്ലാവരെയും ഒരു കുടക്കീഴിലാക്കി സഹകരണ മുന്നണി കോണ്‍ഗ്രസ് രൂപീകരിച്ചു കഴിഞ്ഞു. താനൂരില്‍ ശിവസേനയും ഇവരുടെ കൂടെ കൂടിയിട്ടുണ്ട്. ജില്ലയിലെ പലഭാഗത്തും ബിജെപിയുടെ എതിര്‍കക്ഷി സാമ്പാര്‍ മുന്നണിയാണ്. പക്ഷേ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളില്‍ ഒലിച്ചുപോകുന്നത് ഈ സാമ്പാര്‍ തന്നെയാകുമെന്ന കാര്യത്തില്‍ സംശയമില്ല. മനംമടുത്ത ഗ്രാമീണ ജനതയുടെ മനസ്സ് ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്.