ജീവനക്കാരില്ല; പരപ്പനങ്ങാടി കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു

Monday 12 October 2015 1:40 pm IST

എ.വി.ബാലകൃഷ്ണന്‍ പരപ്പനങ്ങാടി: ജില്ല സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ഒരുങ്ങുമ്പോഴും പരപ്പനങ്ങാടി കെഎസ്ഇബി സെക്ഷനില്‍ ഉപഭോക്താക്കള്‍ക്ക് ദുരിതകാലം. ഗാര്‍ഹിക കണക്ഷന് അപേക്ഷ നല്‍കിയവര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം ഉദ്യോഗസ്ഥരില്ലാ എന്നാണ്. നിലവില്‍ 23000 ഉപഭോക്താക്കളാണ് സെക്ഷന് കീഴിലുള്ളത്. ആറ് ഓവര്‍സിയര്‍മാര്‍ വേണ്ടിടത്ത് മൂന്ന് പേര്‍ മാത്രമാണുള്ളത്. 12 ലൈന്‍മാരുടെ ജോലി ചെയ്യുന്നതാകട്ടെ അഞ്ച് പേരും. കഴിഞ്ഞ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കേടുപാടുകളുണ്ടായതും പരാതി ഉയര്‍ന്നതും പരപ്പനങ്ങാടി സെക്ഷന് കീഴിലാണ്. പരിമിതമായ ജോലിക്കാര്‍ ഓവര്‍സിയര്‍മാരടക്കം എല്ലാവരും ഒടുവില്‍ ലൈനില്‍ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നു വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍. ഉദ്യോഗസ്ഥരുടെ കുറവ് മൂലം പുതിയ കണക്ഷന്റെ അപേക്ഷകള്‍ പരിഗണിക്കാനാവാതെ കുന്നുകൂടി കിടക്കുകയാണ്. ഓഫീസിലെ ജോലികള്‍ ചെയ്യാനും എസ്റ്റിമേറ്റ് തയ്യാറാക്കനും ജോലിക്കാരില്ലാത്ത അവസ്ഥ. ഈ ജോലികള്‍ ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരെ തിരുവന്തപുരത്തേക്ക് സ്ഥലം മാറ്റിയതാണ് കാര്യങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണം. വൈദ്യുതി മന്ത്രിയുടെ സ്വന്തം ജില്ലയിലേക്ക് ഉദ്യോഗസ്ഥര്‍ വരാന്‍ മടികാണിക്കുന്നുണ്ടെന്നാണ് ജീവനക്കാര്‍ക്കിടയിലെ അടക്കംപറച്ചില്‍. തീരദേശ മേഖലയിലെ ഉപഭോക്താക്കള്‍ വൈദ്യുതി മുടങ്ങുമ്പോള്‍ വൈകാരികമായി പ്രതികരിക്കുന്നത് ഉദ്യോഗസ്ഥരെ ഇവിടെ നിന്നും അകറ്റുന്നതിന് കാരണമാകുന്നു. ജില്ലയില്‍ സ്ഥിര താമസക്കാരായവര്‍ കെഎസ്ഇബിയില്‍ കുറവാണ്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും ഇവിടെ ജോലി ചെയ്യുന്നത്. നിലവിലുള്ള അസി.എഞ്ചിനീയര്‍ക്കും സ്ഥലമാറ്റം ആയിട്ടുണ്ട്. പകരം ആളെ ഇതുവരെ നിശ്ചയിച്ചിട്ടുമില്ല. തിരൂരങ്ങാടി ഡിവിഷന് കീഴിലെ അഞ്ച് സെക്ഷനുകളിലും അസി.എഞ്ചിനീയര്‍മാരില്ല. തീരദേശ മേഖലയില്‍ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിമൂഖത കാട്ടുന്നുയെന്നാണ് ഹിതപരിശോധനകള്‍ വ്യക്തമാകുന്നത്. ചേളാരി-തിരൂര്‍ ഫീഡറുകളില്‍ നിന്നാണ് നിലവില്‍ പരപ്പനങ്ങാടിയിലേക്ക് വൈദ്യുതി എത്തുന്നത്. ലൈനില്‍ നടക്കുന്ന പ്രധാന അറ്റകുറ്റപണികള്‍ക്ക് സബ് എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരും മേല്‍നോട്ടം വഹിക്കേണ്ടതുണ്ട്. വെയിലിലും മഴയിലും അത്യന്തം അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍പോലും ബോര്‍ഡിനാകുന്നില്ല. പണവാരാന്‍ പല പദ്ധതികളും വൈദ്യുതി വകുപ്പ് ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും വേണ്ടിടത്ത് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ശ്രമിക്കുന്നില്ല. നിലവിലുള്ള അസി. എഞ്ചിനീയര്‍കൂടി പടിയിറങ്ങുന്നതോടെ പരപ്പനങ്ങാടി സെക്ഷന് നാഥനില്ലാത്ത അവസ്ഥയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.