ആദ്ധ്യാത്മിക കേന്ദ്രമായി കൊടശ്ശേരി

Monday 12 October 2015 1:41 pm IST

വണ്ടൂര്‍: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ കീഴില്‍ ആരംഭിച്ച ശ്രീശങ്കര സേവാശ്രമത്തിന്റെ വരവോടെ ആദ്ധ്യാത്മിക കേന്ദ്രമായി മാറിയിരിക്കുകയാണ് കൊടശ്ശേരി. ജില്ലയുടെ ഉന്നതിക്കും സേവനമനോഭാവമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലും സേവാശ്രമം മുഖ്യപങ്ക് വഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആയിരങ്ങളാണ് ഇന്നലെ ഉദ്ഘാടന ചടങ്ങിലേക്ക് ഒഴുകിയെത്തിയത്. നിരവധി സന്ന്യാസിവര്യന്മാരുടെ സാന്നിധ്യത്തിലാണ് സേവാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. അദ്വൈതാശ്രമ ഭക്തയായ ഒരു അമ്മ നിരുപാധികം ട്രസ്റ്റിന് സമര്‍പ്പിച്ച വീട്ടിലാണ് സേവാശ്രമം പ്രവര്‍ത്തനത്തിന് സജ്ജമായി യിരിക്കുന്നത്. ശാസ്ത്രപ്രചാരണത്തോടൊപ്പം സന്ന്യാസിനിമാരും സമൂഹത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്നവരുമായ അമ്മമാരെ താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് സേവാശ്രമം ആദ്യമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ആശ്രമത്തില്‍ പ്രതിമാസ വേദാന്ത ക്ലാസുകളും സത്സംഗങ്ങളും നടക്കും. ശാന്തവും പ്രകൃതി സുന്ദരവുമായ ഈ സ്ഥലത്ത് തുടര്‍ന്ന് തീര്‍ത്തും നിരാംലബരായ അമ്മമാരെ താമസിപ്പിക്കുന്നതിനും ശുശ്രൂഷിക്കുന്നിതിനുമുള്ള സാഹചര്യം ഒരുക്കും. ഇതിനായി പ്രത്യേക മാതൃഭവനം വിഭാവനം ചെയ്യുന്നുണ്ട്. 1992ല്‍ സ്ഥാപിതമായ കൊളത്തൂര്‍ അദ്വൈതാശ്രമം നിരവധി ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധേയമായി തീര്‍ന്നിട്ടുണ്ട്. ആശ്രമത്തിനോടനുബന്ധിച്ച് ശ്രീശങ്കര ചാരിറ്റബില്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു. ട്രസ്റ്റിന്റെ കീഴില്‍ വിവിധ സ്ഥലങ്ങളിലായി നാലോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മീകുമാരി സേവാശ്രമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാലേമാട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ആത്മസ്വരൂപാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആമുഖഭാഷണം നടത്തി. വിരജാനന്ദ തീര്‍ത്ഥ സ്വാമികള്‍, സ്വാമിനി ശിവാനന്ദപുരി, സ്വാമി പരമാനന്ദപുരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് സുദര്‍ശന്‍ജി, ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി എന്‍.എം.കദംബന്‍ മാസ്റ്റര്‍, ഭാസ്‌ക്കരപ്പിള്ള മധുവനം, കുഞ്ഞിരാമന്‍, ഗംഗാധരന്‍ മാസ്റ്റര്‍, എന്‍.ടി.സുരേന്ദ്രന്‍, എം.എന്‍.സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്, ഡോ.കെ.എം.രാമന്‍ നമ്പൂതിരി, സ്വാമി സത്യാനന്ദപുരി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.