രഞ്ജിത്ത് വധശ്രമം: ഒന്നാം പ്രതി വേടന്‍സുരേഷ് ഗോവയില്‍ പിടിയില്‍

Monday 12 October 2015 3:55 pm IST

പുത്തൂര്‍: രഞ്ജിത്ത് വധശ്രമ കേസില്‍ ഒന്നാം പ്രതി വേടന്‍ സുരേഷിനെ ഗോവയില്‍ നിന്ന് പോലീസ് പിടികൂടി. ഇരുപതിലധികം കേസുകളിലെ പ്രതിയും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനുമായ വേടന്‍ സുരേഷിനെയാണ് പോലീസിലെ പ്രത്യേക അന്വഷണസംഘം പിടികൂടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രധാനപ്രതികളെല്ലാം സുരക്ഷിതരായി കഴിയുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പോലീസും സിപിഎമ്മും തമ്മിലുള്ള ധാരണയിലാ ണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. അക്രമത്തിന് ശേഷം സിപിഎം നേതാക്കളുടെ നിര്‍ദ്ദേശാനുസരണം അവര്‍ ഒരുക്കിയ ഒളിത്താവളത്തില്‍ കഴിയുകയായിരുന്നു പ്രതി. കേരളത്തില്‍ പലയിടത്തും സിപിഎം വേടന്‍ സുരേഷിന് ഒളിത്താവളമൊരുക്കി സംരക്ഷിച്ചു. പോലീസിലെ ചിലരുടെ പിന്തുണയും കൂടി ആയപ്പോള്‍ സുഖമായി കഴിഞ്ഞു. കേരളത്തില്‍ ഇയാളെ പിടിക്കാന്‍ പോലീസിലെ ഒരു സംഘം വല വീശിയതറിഞ്ഞ് സിപിഎം നേതാക്കളാണ് ഇയാളെ ഗോവയില്‍ എത്തിച്ചത്. കൈതക്കോട് മേഖലയില്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമാണ് വേടന്‍ സുരേഷ്. പള്ളിസെമിത്തേരികളില്‍ ശവക്കല്ലറകള്‍ക്ക് മുകളിലാണ് ഇയാളുടെ രാത്രിവാസമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ വ്യാജവാറ്റ് സംഘത്തിന്റെ നേതാവ് കൂടിയായ ഇയാളെ സംരക്ഷിക്കുന്നത് മുതിര്‍ന്ന സിപിഎം നേതാക്കന്മാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതിപ്പട്ടികയിലുള്ള ഇയാള്‍ ഗുണ്ടാലിസ്റ്റിലായതിനെത്തുടര്‍ന്ന് ഒളിവിലാണെന്ന് പറഞ്ഞ് കേസില്‍ നിന്ന് സംരക്ഷിക്കാന്‍ പോലീസ് ശ്രമം നടന്നിരുന്നു. എന്നാല്‍ ആര്‍എസ്എസ് കല്ലുംമൂട് ശാഖാ മുഖ്യശിക്ഷകായിരുന്ന മേച്ചിറ രമ്യഭവനില്‍ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിന്റെ തലവന്‍ ഇയാളായിരുന്നു എന്നത് പോലീസിലെ ഇയാളുടെ ബന്ധം തെളിയിക്കുന്നതായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ രഞ്ജിത്ത് തലനാരിഴക്കാണ് രക്ഷപെട്ടത്. ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന രഞ്ജിത്തിനെ ഒമ്പതംഗ അക്രമി സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമായ അജിത്ത്, കണ്ടച്ചരുവിള അജിത്ത്, പവിത്രേശ്വരം അനുരാഗ്, ജയകൃഷ്ണന്‍, വേടന്‍ സുരേഷിന്റെ അനുജന്‍ സു'ാഷ്, പരപ്പില്‍കോണം സിജോമാത്യു, അനുജന്‍ ജിജോമാത്യു, വെള്ളംപൊയ്ക അനി തുടങ്ങിയവരായിരുന്നു രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കേസില്‍ ഒരാളെ മാത്രമാണ് ഇതിന് മുമ്പ് പിടികൂടിയത്. മേച്ചിറ മേഖലയില്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ അടിത്തറയിളകിയ സിപിഎം പ്രദേശത്ത് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് എക്‌സൈസ് സംഘം നേരത്തെ സുരേഷിനെ അറസ്റ്റ് ചെയ്തിരുന്നു. കൈതക്കോട്, പവിത്രേശ്വരം, ഇടവട്ടം മേഖലകളില്‍ ആര്‍എസ്എസ്, ബിജെപി സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച തിലും സുരേഷിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മുകാര്‍ പ്രതികളായിരുന്നു. ഇടവട്ടത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയും അക്രമം പതിവാണ്.