കൊച്ചിയിലെ 'വിദേശകാര്യമന്ത്രി'

Saturday 8 April 2017 11:31 pm IST

ടോണി ചമ്മിണി

അഞ്ച് വര്‍ഷത്തിനിടെ കൊച്ചി മേയര്‍ ടോണി ചമ്മിണി ആത്മാര്‍ത്ഥമായി സംസാരിച്ചത് ഒരുപക്ഷെ അവസാന കൗണ്‍സില്‍ യോഗത്തിലായിരിക്കും. തന്റെ ഭരണകാലത്തേക്ക് കണ്ണോടിച്ച് വിടവാങ്ങല്‍ പ്രസംഗം നടത്തവെ ലോകത്തെക്കുറിച്ച് കുറെക്കൂടി മനസിലാക്കാന്‍ സാധിച്ചുവെന്ന് മേയര്‍ പറഞ്ഞത് ആത്മാര്‍ത്ഥമാണെന്ന് പ്രതിപക്ഷം പോലും സമ്മതിക്കും. കോടികള്‍ പൊടിച്ച് നടത്തിയ ഇരുപതിലേറെ വിദേശയാത്രകള്‍ കോര്‍പ്പറേഷന് ഒന്നും തന്നില്ലെങ്കിലും മേയര്‍ക്ക് അല്‍പ്പം ലോകവിവരം നല്‍കിയെന്നതില്‍ ഭരണപക്ഷത്തിനും അഭിമാനിക്കാം.

എത്ര വിദേശയാത്രകള്‍ നടത്തിയെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ മേയര്‍ക്ക് പോലുമാവില്ല. കോര്‍പ്പറേഷനോട് രേഖാമൂലം ചോദിക്കാമെന്നുവെച്ചാല്‍ കേട്ട ഭാവമില്ല. എവിടെ പോയി, എത്ര ചെലവാക്കി, കോര്‍പ്പറേഷന് എന്ത് നേട്ടം തുടങ്ങിയ അനാവശ്യ ചോദ്യങ്ങള്‍ മേയര്‍ക്കിഷ്ടമല്ല. സ്വന്തം തറവാട്ടിലെ കാശ് മുടക്കിയാണ് പോകുന്നതെങ്കില്‍ അത് ന്യായം. എന്നാല്‍ ജനങ്ങളുടെ ചെലവില്‍ വിദേശത്തേക്ക് പറക്കുമ്പോള്‍ കൗണ്‍സിലിനെയെങ്കിലും അറിയിക്കണമെന്നത് ജനാധിപത്യ മര്യാദ. അതുമുണ്ടായില്ല.

കൊച്ചിയില്‍ എന്ത് നല്ല കാര്യം നടന്നാലും മേയര്‍ വിദേശത്തായിരിക്കും. ഇരുപതിലേറെ യാത്രകളിലായി മുന്നൂറോളം ദിവസങ്ങള്‍ മേയര്‍ വിദേശത്ത് ചെലവഴിച്ചുവെന്നാണ് പ്രതിപക്ഷം പറയുന്നത്. ആസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, കൊറിയ തുടങ്ങി തനിക്കറിയാവുന്ന രാജ്യങ്ങളൊക്കെ മേയര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ചില രാജ്യങ്ങള്‍ ഒന്നിലധികം തവണയും. ദുബായിയിലെത്തിയത് ഏഴ് തവണ.

എല്ലാം കോര്‍പ്പറേഷന്റെ നന്മക്കെന്നാണ് മേയറുടെ മറുപടി. സ്വീഡനില്‍ ശുചീകരണത്തിന്റെ മാതൃക പഠിക്കാന്‍ പ്രതിപക്ഷ നേതാവിനെയും കൂട്ടിയാണ് മേയര്‍ പോയത്. പ്രതിപക്ഷ നേതാവ് സ്വീഡനില്‍ നിന്നും നേരിട്ട് കൊച്ചിയിലെത്തിയപ്പോള്‍ മേയര്‍ മറ്റ് ചില രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ചു. ഇപ്പോഴും നഗരത്തിലൂടെ നടക്കാന്‍ മൂക്ക് പൊത്തേണ്ടി വരുമ്പോഴാണ് കൊച്ചിക്കുവേണ്ടി സ്വീഡനില്‍ പോയി കഷ്ടപ്പെട്ട നന്മനിറഞ്ഞ മേയറുടെ മുഖം ഓര്‍മ്മയില്‍ വരുന്നത്. കോര്‍പ്പറേഷന് വേണ്ടിയല്ലെങ്കില്‍ പിന്നെ ഈ യാത്ര സ്വന്തം കാര്യത്തിനാകാനേ വഴിയുള്ളു. അതിനെക്കുറിച്ച് പല കഥകളും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.

വിദേശ യാത്രകള്‍ക്ക് പുറമെ വിജിലന്‍സ് അന്വേഷണത്തിലും മേയര്‍ക്ക് അഭിമാനിക്കാവുന്ന വകയുണ്ട്. ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം പതിക്കാന്‍ ടൗണ്‍ പ്ലാനിംഗ് കമ്മറ്റിയില്‍ ചര്‍ച്ച നടന്നു. പിന്നെ കാണുന്നത് പോസ്റ്റുകളില്‍ പരസ്യം തൂങ്ങുന്നതാണ്. കാശ് കിട്ടാത്ത ഉദ്യോഗസ്ഥര്‍ പ്രശ്‌നമാക്കിയപ്പോഴാണ് കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ടെണ്ടറില്ല, കൗണ്‍സില്‍ അറിയില്ല. റിലയന്‍സിന് പോസ്റ്റ് നാട്ടി കേബിളിടാന്‍ അനുമതി നല്‍കിയതും ഇത് പോലെ തന്നെ. രണ്ടിലും വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.