സിപിഎം കോണ്‍ഗ്രസ്സുമായി സഹകരിക്കണം: കെ.സി ജോസഫ്

Monday 12 October 2015 7:33 pm IST

കോട്ടയം:സംസ്ഥാനത്ത് ബിജെപി നടത്തുന്ന പ്രചാരണത്തെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് മന്ത്രി കെ.സി ജോസഫ് ആവശ്യപ്പെട്ടു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി-എസ്എന്‍ഡിപി സഖ്യം തെരഞ്ഞെടുപ്പില്‍ എങ്ങനെ ബാധിക്കുമെന്നറിയില്ല. വെള്ളാപ്പള്ളി നടേശ്ശന്റെ രാഷ്ട്രീയ നിലപാടുകളെ മുഖ്യമന്ത്രി പിന്തുണക്കുന്നുവെന്ന പിണറായി വിജയന്റെയും, വി.എസ് അച്യുതാനന്ദന്റെയും നിരന്തരമുള്ള അടിസ്ഥാനരഹിതമായ പ്രസ്താവന ബിജെപിയെ സഹായിക്കുവാനേ ഉപകരിക്കൂ. വടക്കന്‍ ജില്ലകളില്‍ നിന്നും സിപിഎം അണികള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് തടയാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. സിപിഎമ്മില്‍നിന്ന് അണികള്‍ കൊഴിഞ്ഞുപോകുമ്പോള്‍ യുഡിഎഫിനുണ്ടാകുന്ന താല്‍ക്കാലിക നേട്ടം കോണ്‍ഗ്രസ്സിന് ആഗ്രഹമില്ല. കൊലക്കേസുകളില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ജനകീയ കോടതികളിലല്ല. നീതിന്യായ കോടതികളിലാണ്. കൊലപാതകികളെ ഉപയോഗിച്ച് പഞ്ചായത്ത് ഭരണം നിയന്ത്രിക്കുവാനുള്ള ശ്രമം സമാധാനപ്രിയരായ കേരള ജനത അംഗീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുനരന്വേഷണം വേണമോ എന്ന് ആഭ്യന്തരവകുപ്പ് തീരുമാനിക്കും. അതിന് മന്ത്രിസഭ ചേരേണ്ട കാര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നതിനെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരോട് സാഹിത്യകാരന്മാരെ വിലയിരുത്തുവാന്‍ താനില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറി. യുഡിഎഫ് സ്ഥാനാര്‍ത്ഥിപട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതിന് മുമ്പ് യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ലെന്ന എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.