ഡിസിസി പ്രസിഡന്റ് സമുദായ പരിഗണനയില്‍ ജെഎസ്എസ്സിനെ തഴയുന്നെന്ന്

Monday 12 October 2015 8:17 pm IST

ആലപ്പുഴ: സാമൂഹിക നീതിക്കുവേണ്ടി നിലനില്‍ക്കുന്ന ജെഎസ്എസ്സിനെ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സാമുദായിക പരിഗണനയുടെ പേരില്‍ തഴയാന്‍ ശ്രമിക്കുകയാണെന്നും സീറ്റുനിഷേധത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജെഎസ്എസ് രാജന്‍ബാബു വിഭാഗം ജില്ലാ പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞതവണ മത്സരിച്ച സീറ്റുകളുടെ പകുതി എണ്ണം സീറ്റുകള്‍ ഇത്തണവണ ജെഎസ്എസ്സിന് നല്‍കാനാണ് യുഡിഎഫ് സംസ്ഥാന സമിതി തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ഇത് അട്ടിമറിക്കുകയാണ്. ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞതവണ മനക്കോടം, പള്ളിപ്പുറം ഡിവിഷനുകളിലാണ് മത്സരിച്ചത്. ഇത്തവണ മനക്കോടം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ലംഘിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ്സിനെ പാടെ അവഗണിച്ച സമീപനമാണ് കോണ്‍ഗ്രസിന്റേത്. ഈസാഹചര്യത്തിലാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്. കോണ്‍ഗ്രസിലെ ചിലര്‍ യുഡിഎഫിന്റെ ആരാച്ചാരന്മാരായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമോപദേശം നല്‍കിയതിന്റെ പേരില്‍ ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ബാബുവിനെ കുറ്റപ്പെടുത്തുന്ന ഡിസിസി പ്രസിഡന്റ് സ്വന്തം പാര്‍ട്ടി നേതാക്കളായ ഡി. സുഗതന്‍, സി.ആര്‍. ജയപ്രകാശ് തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ച എസ്എന്‍ഡിപി ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തകാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.