മൂന്നാര്‍ തോട്ടം സമരം;ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മെല്ലെപ്പോക്ക് തന്ത്രവുമായി പെമ്പിളൈ ഒരുമൈ

Monday 12 October 2015 8:35 pm IST

  മൂന്നാര്‍:500 രൂപ ദിവസക്കൂലി ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. തൃപ്തികരമായ പാക്കേജ് ഉണ്ടായില്ലെങ്കില്‍ കുത്തിയിരിപ്പ് സമരവും നിരാഹാര സമരവും ഉപേക്ഷിച്ച് എസ്റ്റേറ്റ് ഉടമകളെ സമ്മര്‍ദ്ദത്തിലാക്കുന്ന സമരതന്ത്രത്തിലേക്ക് കടക്കാന്‍ പെമ്പിളൈ ഒരുമൈ കക്ഷികള്‍ തീരുമാനിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ജോലിക്ക് കയറാനും മെല്ലെപ്പോക്ക് നയം സ്വീകരിക്കും. കേവലം 21 കിലോ കൊളുന്ത് നുള്ളി തൊഴിലാളികള്‍ വീട്ടിലേക്ക് മടങ്ങും. 21 കിലോ കൊളുന്തില്‍ നിന്നും 4 കിലോ തേയില ലഭിക്കും. ഇങ്ങനെ വന്നാല്‍ ഉല്‍പ്പാദനചെലവും തൊഴിലാളികളുടെ കൂലിയും കഴിഞ്ഞ് കമ്പനിക്ക് നാമമാത്രമായ ലാഭമേ ലഭിക്കൂ. ലാഭം കുത്തനെ ഇടിയുന്നതോടെ മാനേജ്‌മെന്റ് തൊഴിലാളികളുമായി ചര്‍ച്ച നടത്തി ഇപ്പോഴത്തെ നിലപാടില്‍ അയവ് വരുത്തുമെന്നാണ് തൊഴിലാളികള്‍ കണക്കുകൂട്ടുന്നത്. ഇന്നലെ മൂന്നാറില്‍ സംയുക്ത ട്രേഡ് യൂണിയനും പെമ്പിളൈ ഒരുമൈയും നടത്തിയ സമരത്തില്‍ തൊഴിലാളികളുടെ പങ്കാളിത്തം കുറവായിരുന്നു. ഒരു മാസത്തോളമായി നടക്കുന്ന സമരം തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പല തൊഴിലാളികള്‍ക്കും ഇപ്പോഴുള്ള കൂലി കിട്ടിയാല്‍ മതിയെന്ന മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇത് പെമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. വരും ദിവസങ്ങളില്‍ സമരമുഖത്ത് തൊഴിലാളികള്‍ എത്താതിരുന്നാല്‍ സമരം തുടരാനാവില്ല. ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ നാളെ മുതല്‍ ജോലിക്ക് കയറി മെല്ലെപ്പോക്ക് നയം സ്വീകരിക്കും. പെമ്പിളൈ ഒരുമൈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എങ്ങും എത്തിയതുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.