വംശീയ അധിക്ഷേപം: ബല്‍ജിത് സാഹിനി പരാതി നല്‍കി

Monday 12 October 2015 8:51 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വംശീയ അധിക്ഷേപം നടന്നതായി പരാതി. അത്‌ലറ്റികോ കൊല്‍ക്കത്തയുടെ ഇന്ത്യന്‍ താരം ബല്‍ജിത് സാഹ്‌നി ഗോവ എഫ്‌സിയുടെ ഫ്രഞ്ച് താരം ഗ്രിഗറി അര്‍നോളിനെതിരെ പരാതി നല്‍കി. കഴിഞ്ഞദിവസം ഗോവ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെ അര്‍നോളിനെ തലകൊണ്ടിടിച്ചതിന് ബല്‍ജിത് സാഹ്‌നി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. പിന്നീട് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് നേരെ അര്‍നോള്‍ വംശീയ അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബല്‍ജിത് ഇന്ത്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍നോളിനെതിരെ ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്വേഷണം നടത്തും. തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും കുശാല്‍ ദാസിന് കത്ത് കൈമാറിയിട്ടുണ്ടെന്നും ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്ത അറിയിച്ചു. അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.