മെസ്സി കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറെന്ന് പെലെ

Monday 12 October 2015 8:52 pm IST

കൊല്‍ക്കത്ത: കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയാണെന്ന് കാല്‍പ്പന്തുകളിയുടെ ചക്രവര്‍ത്തി പെലെ. മെസ്സിയെ മറ്റു കളിക്കാരുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും രണ്ടു തരത്തിലുള്ള കളിക്കാരാണെന്നും പെലെ പറഞ്ഞു. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറെയും പെലെ പുകഴ്ത്തി. മെസ്സിയും റൊണാള്‍ഡോയും ഒരുമിച്ചുള്ളൊരു ടീമാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ താരം നെയ്മര്‍ ഭാവി വാഗ്ദാനമാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ഫിഫ പ്രസിഡന്റ് സ്ഥാനം താന്‍ ആഗ്രഹിക്കുന്നില്ലെന്നും മൂന്ന് തവണ ലോകകപ്പ് നേടിയ ഫുട്‌ബോള്‍ ഇതിഹാസം പെലെ. കൊല്‍ക്കത്തയില്‍ പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനുത്തരമായാണ് കറുത്തമുത്ത് മനസ്സുതുറന്നത്. ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റര്‍ ഉള്‍പ്പടെയുള്ളവരെ അഴിമതിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തെക്കുറിച്ചു പ്രതികരിക്കാനും പെലെ തയാറായില്ല. 38 വര്‍ഷത്തിനുശേഷമാണ് പെലെ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 1977-ല്‍ ന്യൂയോര്‍ക്ക് കോസ്‌മോസും മോഹന്‍ബഗാനും തമ്മില്‍ നടന്ന മത്സരത്തിനായിരുന്നു അന്ന് കറുത്ത മുത്ത് പെലെ ഇന്ത്യയിലെത്തിയത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണെന്നും കൊല്‍ക്കത്തയിലെ മത്സരം കാണുന്നതിലുള്ള ആവേശത്തിലാണ് താനെന്നും പെലെ കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ മുഖ്യാതിഥിയായാണ് പെലെ ഇന്ത്യയിലെത്തിയത്. ഇന്നത്തെ മത്സരത്തിന് ബ്ലാസ്‌റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറും കൊല്‍ക്കത്തയിലെത്തും. അങ്ങനെയായാല്‍ ഒരു അപൂര്‍വ്വ സംഗമത്തിനായിരിക്കു സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. ഫുട്‌ബോള്‍ ചക്രവര്‍ത്തിയും ക്രിക്കറ്റ് ചക്രവര്‍ത്തിയും തമ്മിലുള്ള അപൂര്‍വ്വ കൂടിക്കാഴ്ചക്ക്. അത്‌ലറ്റികോ കൊല്‍ക്കത്തയുടെ സഹ ഉടമയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും ഇരുവര്‍ക്കുമൊപ്പം ഇന്ന് സ്‌റ്റേഡിയത്തിലുണ്ടാവും.