കോണ്‍ഗ്രസില്‍ അടിമൂത്തു: മുതുകുളത്ത് എ വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Monday 12 October 2015 9:22 pm IST

മുതുകുളം: കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തി. ഇതോടെ എ ഗ്രൂപ്പ് സ്വയം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രത്യേകമണ്ഡലം കമ്മിറ്റികള്‍ രൂപവത്ക്കരിച്ച് പ്രവൃത്തിച്ചുവരുന്ന ഐ, എ വിഭാഗങ്ങള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനനാളുകളായിട്ടും അകന്നുതന്നെയാണ്. സീറ്റ് പങ്ക് വെക്കലുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചപോലും ഇവര്‍ തമ്മില്‍ നടന്നിട്ടില്ല. കഴിഞ്ഞദിവസം സ്വന്തം നിലയില്‍ കണ്‍വന്‍ഷന്‍ വിളിച്ച് എ വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. എ.കെ. ആന്റണിയുടെ നി ര്‍ദ്ദേശംപോലും ചെവിക്കൊളളാതെ തുടര്‍ന്നും തങ്ങളെ അവഗണിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് സ്വന്തം നിലയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് എ വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. എതിര്‍പക്ഷം ചര്‍ച്ചക്കുപോലും തയ്യാറാകുന്നില്ലെന്നാണ് ഐ വിഭാഗം നല്‍കുന്ന വിശദീകരണം. ഇവരും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുതുകുളത്തെ 15 വാര്‍ഡുകളിലും മത്സരിക്കാനാണ് എ ക്കാരുടെ തീരുമാനം. കൂടാതെ മുതുകുളം ഉള്‍പ്പെട്ട രണ്ട് ബ്ലോക്ക് ഡിവിഷനിലും ജില്ലാപഞ്ചായത്തിലേക്കും എ വിഭാഗം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ തദ്ദേശസ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പിന് ശേഷമാണ് മുതുകുളത്ത് കോണ്‍ഗ്രസിനുളളിലെ തര്‍ക്കം രൂക്ഷമായത്. തമ്മിലടി മൂര്‍ച്ഛിച്ച് കഴിഞ്ഞവര്‍ഷം രമേശ് ചെന്നിത്തലയുടെ കോലംകത്തിക്കല്‍ വരെ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.