കോണ്‍ഗ്രസ് നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

Monday 12 October 2015 9:31 pm IST


യുവാക്കളെകുറിച്ച് മിണ്ടരുത്…….. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗ സ്ഥലത്തേയ്ക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് പി.പി. നൗഷീറിനെ വായ് പൊത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുന്ന കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് (ഫോട്ടോ എം.ആര്‍. ദിനേശ് കുമാര്‍)

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ യുവാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃയോഗം നടക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കോഴിക്കോട് അളകാപുരി ഹോട്ടലിലാണ് ഇന്നലെ വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി എട്ടു മണി വരെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സീറ്റുകളിലേക്കും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള അന്തിമ യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്ററി മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. ഡിസിസി ഓഫീസില്‍ ബഹളം ഉണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് യോഗം ഹോട്ടലിലേക്ക് മാറ്റിയതായിരുന്നു. യോഗം മാറ്റിയതറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് കെപിസിസി നേതാക്കളടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ തട്ടിക്കയറിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറുന്നത് തടയാന്‍ കെപിസിസി മുന്‍ ജന. സെക്രട്ടറി ടി. സിദ്ദിഖ് മുന്നോട്ടുവന്നെങ്കിലും പ്രവര്‍ത്തകര്‍ വക വെച്ചില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.പി. നൗഷീറിന്റെ വായ അടക്കിപ്പിടിച്ച് നിശ്ശബ്ദനാക്കാന്‍ സിദ്ദിഖ് കിണഞ്ഞ് ശ്രമിക്കുന്നത് കാണാമായിരുന്നു. കെപിസിസി ജന. സെക്രട്ടറി കെ.പി. അനില്‍കുമാര്‍, എം.പി.മാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, ഡിസിസി പ്രസിഡന്റ് കെസി അബു, അഡ്വ. പി.എം. സുരേഷ്ബാബു, എഡ്വ.എ, ശങ്കരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് സീറ്റുനല്‍കാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രവര്‍ത്തകരുടെ ഭീഷണി. കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നല്‍കിയ അഞ്ച് സീറ്റുകളില്‍ മൂന്നു സീറ്റുകളില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വിജയിച്ചിരുന്നുവെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇത്തവണ ഒരു സീറ്റുപോലും നല്‍കിയില്ല. ഡിസിസി പ്രസിഡന്റ് കെ.സി. അബുവിന്റെ മകള്‍ക്ക് സീറ്റ് നല്‍കിയതിനെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം തോറ്റ ചരിത്രം മാത്രമുള്ള പി.വി. ഗംഗാധരന് സീറ്റ് നല്‍കിയതിനെയും യൂത്ത് നേതാക്കള്‍ ചോദ്യം ചെയ്തു.
പ്രശ്‌നം നിയന്ത്രണാതീതമായതിനെതുടര്‍ന്ന് എം.കെ. രാഘവന്‍ എം.പി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. രാത്രി എട്ടുമണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.