മദ്ദള വിദ്വാന്‍ കലാമണ്ഡലം ഈശ്വരവാരിയര്‍ അന്തരിച്ചു

Monday 12 October 2015 9:34 pm IST

തിരുവില്വാമല: പ്രശസ്ത മദ്ദള വിദ്വാന്‍ കലാമണ്ഡലം ഈശ്വരവാരിയര്‍ (86) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30ന് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഭാര്യ: സരസ്വതി. മകന്‍: മോഹന്‍ദാസ്. മരുമകള്‍: രതി. കലാമണ്ഡലം, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം, സദനം, ഗുരുവായൂര്‍ കലാലയം തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിനു നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചേറോട്ടൂര്‍ കുളിയില്‍ വാരിയത്ത് നാരായണന്‍ എമ്പ്രാന്തിരിയുടെയും രുഗ്മിണി വാരസ്യാരുടെയും മകനായി 1929ലാണ് ഈശ്വരവാരിയരുടെ ജനനം. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍. കേരള കലാമണ്ഡലം അവാര്‍ഡ്, ഉണ്ണായി വാരിയര്‍ പുരസ്‌കാരം, ഗാന്ധി സേവാ സദനം കഥകളി അക്കാദമി പുരസ്‌കാരം തുടങ്ങിയ ഇരുപതോളം പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രസിദ്ധ മദ്ദള കലാകാരന്‍ ചെറുപ്പള്ളശേരി ശിവന്‍ ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രധാനിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.