പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ബിജെപി

Monday 12 October 2015 9:42 pm IST

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് ഭരിക്കുന്ന പരപ്പ ബ്ലോക്കിലെ 14 ഡിവിഷനുകളിലും ബിജെപി തനിച്ച് മത്സരിക്കും. കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, കിനാനൂര്‍-കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകള്‍ ഉള്‍പ്പടുന്നതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്. നിലവില്‍ കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപിക്ക് പഞ്ചായത്തംഗങ്ങളുള്ളത്.
വരുന്ന തെരഞ്ഞെടുപ്പില്‍ പരപ്പ ബ്ലോക്കിന് കീഴിലെ എല്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പ്രാതിനിധ്യമുറപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. കോടോം, കള്ളാര്‍, പനത്തടി, പാണത്തൂര്‍, മാലോം, കോട്ടമല, ചിറ്റാരക്കാല്‍, കമ്പല്ലൂര്‍, എളേരി, പരപ്പ, കിനാനൂര്‍, ബളാല്‍, കാലിച്ചാനടുക്കം, ബേളൂര്‍ തുടങ്ങിയവയാണ് പതിനാലു ഡിവിഷനുകള്‍. 7-കോണ്‍ഗ്രസ്, 1-കേരള കോണ്‍ഗ്രസ്, സിപിഎം-5, സിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. കാഞ്ഞങ്ങാട് നിയോജക മണ്ഡലവും, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ഒരു ഭാഗവും പരപ്പ ബ്ലോക്കില്‍പ്പെടുന്നു.
 കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍ പഞ്ചായത്തുകള്‍ വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്നു. കഴിഞ്ഞ തവണ കോടോം ബേളൂരില്‍ രണ്ട് സീറ്റില്‍ ബിജെപി താമര വിരിയിച്ചിരുന്നു. ഇത്തവണ ഇവിടെ തനിച്ച് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് അടിയൊഴുക്കിലൂടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. പലരും നിശബ്ദ അനുഭാവികളായി തുടരുന്നുണ്ടെന്ന് സിപിഎം നേതൃത്വം തന്നെ സമ്മതിക്കുന്നു. ഇങ്ങനെ അല്ലെന്ന് സ്വന്തം അണികളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കാലിച്ചാനടുക്കത്ത് ബിജെപി വിട്ട് വരുന്നവര്‍ക്ക് സ്വീകരണമെന്ന പേരില്‍ തട്ടിക്കൂട്ട് പരിപാടി സിപിഎമ്മിന് സംഘടിപ്പിക്കേണ്ടി വന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് കുറച്ച് കാലമായി വിട്ട് നില്‍ക്കുന്ന പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് പരിപാടി നടത്തിയത്. പാര്‍ട്ടി ഗ്രാമമായ കോടോത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അനുഭാവം പുലര്‍ത്തുന്നവരായി നിരവധി പേര്‍ വോട്ട് ചെയ്തിരുന്നു. നിശബ്ദമായി ബിജെപിയെ അനുകൂലിക്കുന്ന ഇവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അനുകൂല വോട്ട് ചെയ്യും. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ നിരവധി യുവാക്കള്‍ ഈ പാര്‍ട്ടി ഗ്രാമത്തിലുണ്ടെന്നത് സിപിഎം നേതാക്കളെ അസ്വസ്തരാക്കുന്നു.
മലയോര പഞ്ചായത്തായ പനത്തടിയില്‍ രണ്ട് സീറ്റാണ് ബിജെപിക്ക് നിലവിലുളളത്. ഇവിടെ അഞ്ച് വാര്‍ഡും ഒരു ബ്ലോക്ക് ഡിവിഷനും കൂടി പിടിച്ചെടുക്കാമെന്നുള്ള ആത്മവിശ്വാസത്തില്‍ അതിനുള്ള നിശബ്ദ പ്രവര്‍ത്തനം നടന്നുവരുന്നു. കോണ്‍ഗ്രസ് സീറ്റ് തര്‍ക്കവും ഗ്രൂപ്പ് വഴക്കും മൂലം സ്ഥാനാര്‍ത്ഥി നിര്‍ണയംപോലും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ബിജെപി കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍ മലയോര പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക നല്‍കി ഒന്നാം ഘട്ടം പ്രവര്‍ത്തനം കഴിഞ്ഞിരിക്കുകയാണ്. ഇത് ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കള്ളാര്‍ പഞ്ചായത്തിലെ ശക്തി കേന്ദ്രമായ പതിനാലാം വാര്‍ഡ് കൂടാതെ 11, 7, 9 വാര്‍ഡുകള്‍ കൂടി പിടിച്ചെടുക്കാനുള്ള പ്രയത്‌നത്തിലാണ്. കോടോം ബേളൂര്‍ പഞ്ചായത്തില്‍ നിലവിലുളള രണ്ട് വാര്‍ഡുകള്‍ അഞ്ച് എണ്ണമായി വര്‍ധിക്കും. ബളാല്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ ശക്തമായ പോരാട്ടമായിരിക്കും ഇരുമുന്നണികളോടും ബിജെപി നടത്തുക. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പാണത്തൂര്‍, പനത്തടി ഡിവിഷനുകളില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് വിഭജിച്ച് രൂപീകരിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് മതിയായ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ യുഡിഎഫ് ഭരണം പരാജയപ്പെട്ടു. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ വേണ്ടവിധം വിനിയോഗിക്കാന്‍ ഭരണ സമിതിക്കായിട്ടില്ലെന്നത് പ്രധാന ന്യൂനതയാണ്.
പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്ന പരപ്പയില്‍ നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമായിട്ടില്ല. ഏറെ ചര്‍ച്ചാ വിഷയമായതും ജനകീയ പ്രശ്‌നവുമായിരുന്ന കരിന്തളം ഖനനത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞില്ലെന്നു ആക്ഷേപമുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ മയ്യങ്ങാനം ഉള്‍പ്പെടെയുള്ള തകര്‍ന്നു വീഴാറായ അംഗണ്‍വാടികള്‍ക്ക് മതിയായ കെട്ടിട സൗകര്യമൊരുക്കാനുള്ള ശ്രമം പോലും കാലാകാലങ്ങളിലായി മാറിമാറി ഭരണം നടത്തിയ ഇടത് വലതി മുന്നണികള്‍ നടത്തിയില്ല. പല പദ്ധതികളും യുഡിഎഫ് അനകൂല പ്രദേശങ്ങളില്‍ മാത്രമാക്കി മാറ്റി.
ഭരണസമിതിയുടെ ഇത്തരം വികസന പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയായിരിക്കും ബിജെപി അംഗത്തിനിറങ്ങുകയെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.