കള്ളാര്‍ പഞ്ചായത്തില്‍ സീറ്റ് വര്‍ധനയ്ക്ക് സാധ്യത തെളിയുന്നു

Monday 12 October 2015 9:42 pm IST

കാഞ്ഞങ്ങാട്:'മലയോര പഞ്ചായത്തായ കള്ളാറില്‍ മുന്നേറ്റമാകാന്‍ ബിജെപി ഒരുങ്ങി. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്. 11-കോണ്‍ഗ്രസ്, 1-കേരള കോണ്‍ഗ്രസ്, 1-സിപിഎം, 1-ബിജെപി എന്നിങ്ങനെയാണ് കക്ഷിനില.
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പതിനാലാം വാര്‍ഡില്‍ നിലവിലുള്ള ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും മൂന്ന് വാര്‍ഡുകള്‍ കൂടി പിടിച്ചടക്കുകയുമാണ് ലക്ഷ്യം. 1090 വോട്ടര്‍മാരാണ് പതിനാലാം വാര്‍ഡിലുള്ളത്. ബിജെപിയുടെ രാഷ്ട്രീയ പരിവര്‍ത്തന യാത്രയുടെ ജനസമ്മതി മൂന്ന് വാര്‍ഡ് എന്ന ലക്ഷ്യത്തിന് സാധ്യതയേറ്റുന്നു. ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മറ്റി നടത്തിയ പദയാത്രയും അണികളിലും അനുഭാവികളിലും ചലനം സൃഷ്ടിച്ചിച്ചുണ്ട്. യുഡിഎഫിലെ തമ്മില്‍ തല്ലും വികസനമില്ലായ്മയും ബിജെപിക്ക് നേട്ടമാകും.
തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പോരിനൊടുവില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത് യുഡിഎഫിന് തലവേദനയായിട്ടുണ്ട്. നിലവില്‍ 1 സീറ്റുള്ള കേരള കോണ്‍ഗ്രസ് വരുന്ന തെരഞ്ഞെടുപ്പില്‍ 5 സീറ്റാണ് ആവശ്യപ്പെടുന്നത്. ഇത് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. സിപിഎമ്മുമായി കൂട്ടുപിടിച്ചാണ് കേരള കോണ്‍ഗ്രസ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പോലും പൂര്‍ത്തിയായിട്ടില്ല. സീറ്റ് വിഭജന തര്‍ക്കത്തില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് രാജിവെച്ച സംഭവം കോണ്‍ഗ്രസില്‍ വിവാദമായിട്ടുണ്ട്. കര്‍ഷക കോണ്‍ഗ്രസ് നേതാക്കളും ഇടഞ്ഞ് നില്‍ക്കുകയാണ്. ചില സീറ്റുകളിലുളള റിബല്‍ ശല്യം നേതൃത്വത്തിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ബിജെപി എല്ലാ വാര്‍ഡിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. വാര്‍ഡുകള്‍ പിടിച്ചടക്കാനും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുമുള്ള ചടുലമായ പ്രവര്‍ത്തനങ്ങളാണ് കള്ളാര്‍ പഞ്ചായത്തില്‍ നടന്നുവരുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ബിജെപിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസിലെ രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വഴക്കിലും രാജിയിലും എത്തിനില്‍ക്കുന്നതില്‍ മനംമടുത്ത പ്രവര്‍ത്തകര്‍ എല്ലാ വാര്‍ഡിലുമുണ്ട്. ഇത്തവണ ബിജെപി എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളയും നിശ്ചയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ വോട്ടാക്കിമാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.