സിപിഎം ബ്രാഞ്ചംഗത്തിന്റെ അമ്പല നിര്‍മാണം: കോടോം ബേളൂരില്‍ പ്രവര്‍ത്തകര്‍ രണ്ട് തട്ടില്‍

Monday 12 October 2015 9:43 pm IST

 രാജപുരം: സിപിഎം പാര്‍ട്ടി ഗ്രാമമായ കോടോം ബേളൂര്‍ പഞ്ചായത്തിലെ ഉദയപുരത്ത് ബ്രാഞ്ച് കമ്മറ്റിയംഗം നടത്തുന്ന ക്ഷേത്ര നിര്‍മ്മാണത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. പ്രവര്‍ത്തകര്‍ രണ്ട് തട്ടില്‍. നിര്‍മാണത്തിനെതിരെ ബ്രാഞ്ച് സെക്രട്ടറി രാജപുരം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം ബ്രാഞ്ചംഗത്തിന്റെ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ നേതൃത്വം കുഴപ്പത്തിലായി. വര്‍ഷങ്ങളായി പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. ക്ഷേത്രത്തെ ചൊല്ലി പ്രവര്‍ത്തകര്‍ രണ്ട് തട്ടിലായത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന നേതൃത്വം ഭയപ്പെടുന്നു. തൊട്ടടുത്ത് നിലവിലുള്ള മറ്റൊരു ക്ഷേത്രത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സിപിഎം അനുഭാവികളാണ് എന്നുള്ളതുകൊണ്ട് ബ്രാഞ്ചംഗം സ്വന്തം ഭൂമിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിനെ എതിര്‍ത്തത് ശരിയായില്ലെന്ന് നിലപാടിലാണ് ഒരു വിഭാഗം.
ഉദയപുരം കോടോം പ്രദേശത്ത് ബിജെപി അനുകൂലികളായുള്ള സിപിഎം പ്രവര്‍ത്തക ഏറെയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടും നല്‍കിയിരുന്നു. ഇതില്‍ അമ്പതോളം പേര്‍ ക്ഷേത്രനിര്‍മാണത്തിന് പിന്തുണയുമായുണ്ട്. തൃശൂരിലെ താന്ത്രിക വിദ്യാലയത്തില്‍ പഠിച്ച ശേഷമാണ് ഇയാള്‍ ക്ഷേത്രം പണിയാരംഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. നിര്‍മ്മാണത്തിനായി കളക്ടറുടെ അനുമതി ഇല്ലാത്തതിനാലാണ് താല്‍കാലികമായി നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തന്നോടുളള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് ബ്രാഞ്ച് സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയതെന്ന് ബ്രാഞ്ചംഗം പറയുന്നു. അനുമതി വാങ്ങിയ ശേഷം ക്ഷേത്രം നിര്‍മാണവുമായി  മുന്നോട്ട് പോകാനാണ് അംഗത്തിന്റെ തീരുമാനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.