കാവേരി തീര്‍ത്ഥസ്‌നാനം 17 ന്

Monday 12 October 2015 9:46 pm IST

കാസര്‍കോട്: കുമ്പളയ്ക്ക സമീപം മുജംകാവ് ശ്രീ പാര്‍ത്ഥ സാരഥി കൃഷ്ണ ദേവ ക്ഷേത്രത്തിലെ കാവേരി തീര്‍ത്ഥ സ്‌നാനം 17 ന് നാല് മണിക്ക് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മേല്‍ശാന്തി തീര്‍ത്ഥം കൊണ്ടു വന്ന് ദേവന് അഭിഷേകം ചെയ്യുന്നതോടെ ഈ വര്‍ഷത്തെ തീര്‍ത്ഥ സ്‌നാനത്തിന് തുടക്കമാകും. ഭക്ത ജനങ്ങള്‍ വീട്ടില്‍ നിന്ന് കുളിച്ച് ശുദ്ധമായി വന്ന് മുജംകാവ് ക്ഷേത്ര കുളത്തില്‍ തീര്‍ത്ഥസ്‌നാനം ചെയ്ത് കുളത്തിന് പ്രദക്ഷിണം വെയ്ക്കണം. അപ്പോള്‍ പച്ചരിയും മുതിരയും കുളത്തില്‍ അര്‍പ്പിക്കണം.
രോഗശാന്തി തേടി വര്‍ഷം തോറും ആയിരക്കണക്കിന് ആളുകള്‍ തീര്‍ത്ഥ സ്‌നാനത്തിനായി വിവിധ ജില്ലകളില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമായെത്തി ചേരാറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12.30 ന് മഹാപൂജയോടെ തീര്‍ത്ഥസ്‌നാനത്തിന് പരിസമാപ്തിക്കുറിക്കും. ഭക്തജനങ്ങള്‍ക്ക് പ്രസാദഭോജനവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ബാലകൃഷ്ണ അഗ്ഗിത്തായ, സെക്രട്ടറി എം.സുബ്രായ ഭട്ട്, കെ.ഗോപാലകൃഷ്ണ ഗട്ടി, സുനീതി സുബ്രായ ഭട്ട് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.