പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വികസനം കടലാസില്‍ 15 വാര്‍ഡുകളില്‍ ബിജെപി സ്വാധീനമുറപ്പിക്കും

Monday 12 October 2015 9:47 pm IST

 കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ശക്തമായ മത്സരത്തിനൊരുങ്ങി ബിജെപി. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 15 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. നിലവില്‍ പത്താം വാര്‍ഡില്‍ ബിജെപിക്ക് പ്രാതിനിധ്യമുണ്ട്. ഈ വാര്‍ഡുള്‍പ്പെടെ പതിനഞ്ച് വാര്‍ഡുകളില്‍ സ്വാധീനമുറപ്പിക്കാനുള്ള തേരോട്ടത്തിലാണ് നേതൃത്വം. കോണ്‍ഗ്രസ് ഭരിച്ച പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വികസനം കടലാസില്‍ മാത്രമാണെന്നും വോട്ടര്‍മാര്‍. യുഡിഎഫ് ഭരണത്തില്‍ പഞ്ചായത്തില്‍ അടിസ്ഥാന വികസനം കൊണ്ടുവരുന്ന കാര്യത്തില്‍ പൂര്‍ണ്ണമായും പരാജയമായിരുന്നു. കുടിവെള്ളത്തിന്റെ കാര്യത്തില്‍ പൂര്‍ണ വികസനം നടത്താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ഭരണ മുന്നണിയായ കോണ്‍ഗ്രസിനായിട്ടില്ല. കാര്‍ഷിക രംഗങ്ങളില്‍ കുടുംബശ്രീ മുഖേന നടത്തിയ പച്ചക്കറി കൃഷികള്‍ എടുത്തു കാണിക്കുന്നുണ്ടെങ്കിലും റോഡ്, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഭരണം പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം കേരളത്തിലെ എല്ലാ ത്രിതല പഞ്ചായത്തുകളിലും തനിച്ച് മത്സരിക്കാനാണ് ബിജെപി തീരുമാനം.
പെരിയ കേന്ദ്രസര്‍വ്വകലാശാല ആസ്ഥാനം വക സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാളത്തുംപാറ കോളനി നിവാസികളെ പുനരധിവസിപ്പിക്കാനാവശ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടും അവരെ പുനരധിവസിപ്പിക്കാനോ സൗജന്യമായി നല്‍കിയ സ്ഥലം ആധാരം ചെയ്ത് നല്‍കാനോ പഞ്ചായത്ത് ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പകരം കേന്ദ്രസര്‍ക്കാറിനെതിരെ തെറ്റായ പ്രചരണവും നടത്തി. നീര്‍ത്തട പദ്ധതിയില്‍പ്പെടുത്തി സ്വജല്‍ധാര കുടിവെള്ള വിതരണം ആരംഭിച്ചിരുന്നെങ്കിലും മുഴുവന്‍ അംഗങ്ങള്‍ക്കും കുടിവെളളമെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഭരണ വീഴ്ചയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. നൂറു കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ആരംഭിച്ച ബേങ്കാട്ട് ശുദ്ധജല വിതരണ പദ്ധതിയും പരാജയമാണ്.
100 രൂപ മാസവാടക നല്‍കേണ്ട പദ്ധതിയില്‍ നിന്ന് കുടിവെള്ളം ലഭിക്കാത്തതിനാല്‍ പലരും പിന്‍വാങ്ങിയിരിക്കുകയാണ്. രാഷ്ട്രീയം നോക്കി ജലവിതരണം നടത്തി എന്നതും ഭരണസമിതിക്കെതിരെയുള്ള ജനവികാരമായി മാറിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ കൃത്യമായി ആവിഷ്‌കരിക്കാന്‍ സാധിച്ചിട്ടില്ല തുടങ്ങിയ വിവിധ ഭരണ പരാജയങ്ങള്‍ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഒരു സീറ്റ് നേടാനായ ബിജെപിക്ക് ഇത്തവണ കൂടുതല്‍ വാര്‍ഡുകള്‍ നേടാന്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരവും കല്ല്യോട്ട് സിപിഎം നടത്തിയ നടത്തിയ തെറ്റായ വര്‍ഗീയ പ്രചരണവും കാരണമാകും. അഴിമതിയില്‍ മുങ്ങിനിന്നിരുന്ന പെരിയ സര്‍വകലാശാലയെ കേന്ദ്രസര്‍ക്കാര്‍ അഴിമതി മുക്തമാക്കിയത് ബിജെപിയുടെ പ്രചരണത്തിന് കരുത്തേകുന്നു. അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഇല്ലാതാകുമെന്ന ഘട്ടത്തില്‍ ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വെളിച്ചം വീശുന്ന കേരള കേന്ദ്ര സര്‍വകലാശാലയെ മുന്നോട്ട് നയിക്കാനായത് ബിജെപിയുടെ ശക്തമായ ഇടപെടല്‍ മൂലമാണെന്ന് പെരിയയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. സാധാരണക്കാരായ നിരവധി യുവതി യുവാക്കള്‍ക്കാണ് സര്‍വകലാശാലയില്‍ ജോലി ലഭിച്ചിട്ടുള്ളത്. ഇത് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമാകും. പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ പെരിയ പഞ്ചായത്തില്‍ ബിജെപിയുടെ പ്രചരണ മുന്നേറ്റം ഇടത് വലതു മുന്നണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.