തെരുവ്‌നായ്ക്കളെ പിടികൂടി; ഉന്മൂലനസംഘത്തെ പോലീസ് തടഞ്ഞു

Monday 12 October 2015 9:51 pm IST

തെരുവുനായ്ക്കളെ പിടികൂടുന്നത് തടഞ്ഞ പോലീസുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍

മൂവാറ്റുപുഴ: തെരുവുനായ്ക്കളെ പിടിക്കാനിറങ്ങിയ തെരുവുനായ ഉന്മൂലനസംഘത്തെ പോലീസ് തടഞ്ഞു. നായപിടുത്തക്കാര്‍ക്ക് പിന്തുണയുമായെത്തിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷാവസ്ഥയും.

ആയവന പഞ്ചായത്തിലെ കാലാമ്പൂരായിരുന്നു സംഭവം. ഉന്മൂലസംഘം പ്രസിഡന്റ് ഒ.എം. ജോയിയുടെയും നായപിടുത്തക്കാരന്‍ വരാപ്പുഴ രഞ്ജന്റെയും നേതൃത്വത്തില്‍ ഒമ്പതോളം തെരുവ് നായ്ക്കളെ പിടകൂടിയിരുന്നു. ഇതിനെതിരെ മൃഗസംഘടനകള്‍ ആലുവ എസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തടഞ്ഞു. ഇതോടെ പോലീസിനെതിരെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. ഇതിനിടെ സ്ഥലത്തെത്തിയ ചിറ്റലപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം നായ്ക്കളെ കൊണ്ട് പോകുമെന്ന് നിലപാടെടുത്തു.

നായ്ക്കളെ പിടികൂടാന്‍ പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും കോയമ്പത്തൂരിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ സംരക്ഷിക്കുമെന്നും ഉന്മൂലന സംഘം പറഞ്ഞു. എന്നാല്‍ നേരത്തെ നല്‍കിയ അനുമതി റദ്ദാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഇവര്‍ പിന്മാറി. നായ്ക്കളെ മൃഗസ്‌നേഹി സംഘം ഏറ്റെടുത്തു. നേരത്തെ തെരുവുനായ്ക്കളെ കൊലപ്പെടുത്തിയതിന് ഉന്മൂലനസംഘത്തിനെതിരെ അടുത്തിടെ പോലീസ് കേസെടുത്തിരുന്നു.

ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം നല്‍കും
കൊച്ചി: തെരുവുനായ ഉന്മൂലന സംഘത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. നായകളെ കൊല്ലുന്നതിന് താനും എതിരാണ്. എന്നാല്‍ തെരുവുനായകളുടെ അക്രമം തടയാന്‍ നടപടി സ്വീകരിക്കണം. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് കേരള എന്ന സംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ് ചിറ്റിലപ്പള്ളി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.