ആനക്കൊമ്പ് വേട്ട: പ്രതിയെ കൊച്ചിയിലെത്തിച്ച് റിമാന്റ് ചെയ്തു

Monday 12 October 2015 9:58 pm IST

ദല്‍ഹിയില്‍ പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ കൊച്ചിയിലെത്തിച്ചപ്പോള്‍

കൊച്ചി: ആനക്കൊമ്പ് കേസില്‍ ദല്‍ഹിയില്‍ അറസ്റ്റിലായ പ്രതിയെ കൊച്ചിയിലെത്തിച്ച് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കിഴക്കന്‍ ദല്‍ഹി വിജയപാര്‍ക്കിലെ സുരേന്ദ്ര സിംഗ് റാവത്തിനെ (55)യാണ് റിമാന്റ് ചെയ്തത്. വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ അമിത് മാലികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ പ്രതിയെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിച്ചത്.

പിന്നീട് കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് അപേക്ഷ നല്‍കും. ദല്‍ഹിയില്‍ നിന്നും കണ്ടെടുത്ത 487 കിലോ ആനക്കൊമ്പുകളും ശില്‍പങ്ങളും പ്രതിയോടൊപ്പം എത്തിച്ചിട്ടുണ്ട്. ഇത് തുണ്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേസില്‍ നേരത്തെ അറസ്റ്റിലായ ഉമേഷ് അഗര്‍വാളിന്റെ സഹായിയാണ് സുരേന്ദ്ര റാവത്ത്. വനംവകുപ്പും ദല്‍ഹി പൊലീസും സംയുക്തമായി നടത്തിയ റെയഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.