അസഹിഷ്ണുതയോടെ സുധീരം....

Monday 12 October 2015 10:24 pm IST

1971-ലെ പൊതുതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി തോറ്റത് സോഷ്യലിസം 'ശോഷലിസം' (ശോഷിക്കല്‍) ആയി പരിണമിച്ചതുകൊണ്ടാണെന്ന് സംഘടനാ കോണ്‍ഗ്രസ് നേതാവ് നിജലിംഗപ്പ വിലപിച്ചതായി മലയാളത്തിന്റെ ഇതിഹാസകാരന്‍ ഒ.വി.വിജയന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ശോഷലിസം ബിജെപിക്ക് പോഷകലിസമായി മാറുന്നതുകണ്ട് ഹാലിളകിയ സുധീര-ആന്റണിമാരുടേയും അച്യുതാനന്ദന്റെയും വിഭ്രാന്ത വിലാപം കാണുമ്പോ നിജലിംഗപ്പയ്‌ക്കൊരു ബിഗ് സല്യൂട്ട് കൊടുത്തേ പറ്റൂ; എങ്കിലും 'പണിയും തുണിയുമില്ലാത്ത' കുറെ ഏറാന്‍ മൂളികളും മാധ്യമ ശിങ്കിടികളും ചേര്‍ന്ന് കുശുമ്പ്, കുന്നായ്മ, അഹങ്കാരം, അസഹിഷ്ണുത, പരദ്വേഷം, പൊങ്ങച്ചം, പാരവെയ്പ് ഇത്യാദികള്‍ സമൂലം അരച്ചുരുട്ടി സൃഷ്ടിച്ചെടുത്ത ഈ മൂന്ന് കപടബിംബങ്ങളും കൂടി കാലങ്ങളായി കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷം മലയാളിക്കിന്ന് അണ്‍സഹിക്കബിള്‍ ആയിരിക്കുന്നു. വെള്ളാപ്പള്ളി നടേശനെതിരെ തറ രാഷ്ട്രീയം കളിക്കാനും മോദി-അമിത് ഷാമാരെ കറക്കുകമ്പനിയെന്നു വിളിച്ച് പരിഹാസ്യനാകാനും വിധം സുധീരന്‍ അധപ്പതിച്ചതെന്തുകൊണ്ട്? ഉത്തരം നിസ്സാരം: സുധീരന്‍ കെപിസിസി പ്രസിഡന്റായത് ഈഴവരെ പറ്റിച്ചുകൂടെനിര്‍ത്താമെന്ന് മദാമ്മയെ തെറ്റിദ്ധരിപ്പിച്ചാണ്. എന്നാല്‍ സ്വജനത്തിന് വായുഗുളികയ്ക്കുപോലും ഉപകാരമില്ലാതെ തന്റെ ഉഡായിപ്പാദര്‍ശത്തേക്കാളും ഈഴവര്‍ക്കിഷ്ടം വെള്ളാപ്പള്ളിയുടെ വിഭക്തിയാണെന്നും തന്മൂലം മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പള്ളിയുടെ പിന്തുണയോടെ ഉമ്മന്‍ചാണ്ടിയ്ക്കും സുകുമാരന്‍ നായരുടെ പിന്തുണ (?) അവകാശപ്പെടുന്ന ചെന്നിത്തലയ്ക്കും പിന്നിലാണ് സമുദായ പിന്തുണയില്ലാത്ത തന്റെ സ്ഥാനമെന്നും സുധീരന്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. ആദര്‍ശത്തമ്പുരാന്റെ ഹാലിളക്കത്തിനു കാരണവും ഇതുതന്നെ. ഒരു ഫ്‌ളാഷ് ബാക്ക്: 1977 ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ സ്വന്തം ജില്ലയായ തൃശൂര്‍ ഉപേക്ഷിച്ച് സുധീരന്‍ ആലപ്പുഴ തിരഞ്ഞെടുത്തതുതന്നെ മണ്ഡലത്തിലെ വമ്പിച്ച ഈഴവവോട്ടില്‍ കണ്ണുവച്ചായിരുന്നു. ടിയാന്‍ തന്നെ എഴുതി ട്യൂണ്‍ ചെയ്തതെന്ന് ആരോപിക്കപ്പെടുന്ന 'ധീരാ, വീരാ, വി.എം.സുധീരാ...' എന്ന മുദ്രാവാക്യം വിളിച്ചുകൂവി വാലുമാക്രികളായ യൂത്തന്മാര്‍ ആലപ്പുഴയുടെയും പിന്നെ കേരളത്തിന്റെയും ശുദ്ധവായുവിനെ മലീമസമാക്കിത്തുടങ്ങിയതും ഇക്കാലത്താണ് (എം.എം.ജോണ്‍ നമ്മെ നയിക്കും എന്ന മുദ്രാവാക്യമായിരിക്കാം പ്രചോദനം). 'ഈഴവച്ചെക്കന്‍' എന്ന വികാരം വസൂലാക്കി അന്ന് വിജയിച്ച സൂധീരന്‍ പിന്നീട് 96, 98, 99 വര്‍ഷങ്ങളിലെ ഇലക്ഷനുകളിലും ഈഴവരുടെ സ്വജാതി സ്‌നേഹം മുതലെടുത്ത് വിജയം കൊയ്‌തെങ്കിലും 2004- ല്‍ കാലിടറി. പേരില്‍ത്തന്നെ കുരിശുമായി വന്ന മനോജ് കുരിശിങ്കലിന്റെ പിന്നില്‍ പള്ളിയൊന്നടങ്കം അണിനിരക്കുകയും സമുദായത്തിന് ഗുണമില്ലാത്ത ഈഴവനെ ഈഴവനായി കാണേണ്ടതില്ലെന്ന് ആലപ്പുഴയിലെ ശ്രീനാരായണീയരും ചിന്തിച്ചതിന്റെ ഫലമായിരുന്നു അത്. കൂനിന്മേല്‍ കുരുപോലെ അപരന്‍ പിടിച്ചവോട്ടുകളും ആദര്‍ശധീരന്റെ പരാജയത്തില്‍ മുളകുതേച്ചു. ഡോക്ടര്‍, മനോജിന്റെ വിജയത്തില്‍ അസഹിഷ്ണുവായി 'തകര്‍ന്നേ...' എന്ന മട്ടില്‍ അന്ന് മാധ്യമങ്ങളുടെ മുന്നില്‍നിന്ന ആദര്‍ശവീരന്റെ കൈയിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ അപരസുധീരന്റെ കാര്യം കട്ടപ്പൊഹയാകുമായിരുന്നുവെന്നതില്‍ രണ്ട് പക്ഷമില്ല. ഇതുപോലെ അസഹിഷ്ണുതയുടെ പലമുഖങ്ങളും സുധീരനുണ്ട്. ആന്റണിയുടെ ചാവേറായി ഒരുകാലത്തും കരുണാകരനെ സമാധാനമായി ഭരിക്കാന്‍ അനുവദിക്കാതിരുന്ന സുധീരന്‍ തന്റെ ഊഴംവന്നപ്പോഴാവട്ടെ സ്വതസിദ്ധമായ അസഹിഷ്ണുത പുറത്തെടുത്തു. നിയമസഭാ സ്പീക്കറായിരിക്കെ 'റബര്‍ സ്റ്റാമ്പ്' വിവാദമുണ്ടാക്കി കരുണാകരനേയും കോണ്‍ഗ്രസ് എംഎല്‍എമാരെയും സമൂഹമധ്യത്തില്‍ അപഹാസ്യരാക്കി ജനാധിപത്യസംരക്ഷക വേഷം കെട്ടിയപ്പോള്‍ താനും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും കൂടി ആടിയ പഴയ പൊറാട്ടുവേഷങ്ങള്‍ സുധീരന്‍ മറന്നുപോയെന്നു മാത്രം. ഇദ്ദേഹം ആരോഗ്യമന്ത്രിയായിരുന്നപ്പോഴോ? ഒരു ദിവസം പോലും സ്വസ്ഥമായി ഭരിക്കാന്‍ കരുണാകരഗ്രൂപ്പുകാര്‍ സമ്മതിക്കുന്നില്ലെന്നു പറഞ്ഞ് സുധീരന്‍ അസഹിഷ്ണുവായി. എന്നാല്‍ താന്‍ വിതച്ചതാണ് കൊയ്യുന്നതെന്ന പ്രപഞ്ചസത്യം സുധീരന്‍ അപ്പോഴും മറന്നുപോയി. ഇവയ്‌ക്കെല്ലാം പുറമേ മലയാളികള്‍ മറന്നുപോയ മറ്റൊരു സംഭവം കൂടി ഓര്‍മിപ്പിക്കാം: ആന്റണി പക്ഷക്കാര്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ പങ്കെടുത്ത് നാടുനീളെ കരുണാകര വിദ്വേഷം പ്രചരിപ്പിക്കുന്ന കാലത്തൊരിക്കല്‍ അന്നത്തെ വിവാദനായകനായ ഒരു ഡിവൈഎസ്പി സുധീരന്റെ വേദിയിലേക്ക് പോലീസ് ജീപ്പോടിച്ചു കയറ്റുകയുണ്ടായി. ആ സംഭവത്തിലും സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞത് അതിനുപിന്നിലും കരുണാകരനെന്ന മട്ടില്‍ എല്‍കെജി പിള്ളേരെപ്പോലെ കൊതിക്കെറുവ് കുത്തുന്ന സുധീരനെയും ആ മനുഷ്യന്റെ സ്ഥായിയായ അസഹിഷ്ണുതാ മനോഭാവത്തെയുമാണ്. ഇനി ആദര്‍ശത്തില്‍ സുധീരന്റെ മൂത്തമുറിയായ ആന്റണിയുടെ കാര്യം എടുത്താലോ? കിട്ടാവുന്ന സകല സ്ഥാനമാനങ്ങളും നന്നേ ചെറുപ്പത്തില്‍ തന്നെ ഒപ്പിച്ചെടുത്ത് ആവോളം ആസ്വദിച്ച ആളാണ് ആന്റണി. കേരളത്തില്‍ കഴിഞ്ഞകാലമത്രയും സുധീരനെയും വയലാര്‍ രവിയേയും ഉമ്മന്‍ചാണ്ടിയേയും തനിക്കുമീതെ വളരാന്‍ ആന്റണി അനുവദിച്ചില്ല. പിന്നീട് രാജ്യരക്ഷാവകുപ്പു മന്ത്രിയായി ദല്‍ഹിയിലേക്ക് പോയതില്‍പ്പിന്നെയാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്ക് സൂര്യപ്രകാശം സ്വീകരിച്ച് വളരാന്‍ സാധിച്ചത്. മന്‍മോഹന്‍-ഷീലദീക്ഷിത് സര്‍ക്കാരുകളുടെ ചീനച്ചട്ടിയില്‍ വറുക്കുകയും കോണ്‍ഗ്രസിനെ വട്ടപ്പൂജ്യമാക്കുകയും ചെയ്ത ദല്‍ഹി മാനഭംഗക്കേസ് ഓര്‍ക്കുക: അന്ന് തലസ്ഥാനം ജനരോഷത്തില്‍ എരിഞ്ഞമര്‍ന്നപ്പോള്‍ ആന്റണിയുടെ മുഖം മാത്രം ഒരിടത്തും കണ്ടില്ല. പ്രശ്‌നങ്ങള്‍ ഒതുങ്ങിയപ്പോഴോ? ആരുമറിയാതെ സൂത്രത്തില്‍ വന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു. (ക്രിസ്ത്യാനികളായ അന്റോണിയ ആല്‍ബിന മൈനോ എന്ന സോണിയ, മകന്‍ റൗള്‍ വിന്‍സി എന്ന രാഹുല്‍, ആന്റണി എന്നീ മൂന്നു പേരും സിഖുകാരനായ മന്‍മോഹനും ചേര്‍ന്ന് അന്നു കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി). ഫഌഷ്ബാക്കിലേക്ക് പോയാല്‍ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വയലാര്‍ രവിയോട് തോറ്റ ആന്റണിയുടെ അന്നത്തെ രൂപവും സ്വരവും 'ചതിച്ചു, എല്ലാം നശിച്ചു...' എന്ന അധികാരം നഷ്ടപ്പെട്ടവന്റെ അസിഹ്ഷ്ണുതയായിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അസഹിഷ്ണുതയാവട്ടെ അഞ്ചുവര്‍ഷംകൂടി കോണ്‍ഗ്രസ് ഭരിച്ചിരുന്നെങ്കില്‍ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആകേണ്ട തന്നെ തിരികെ കേരളത്തിലേക്ക് പറപ്പിച്ച ബിജെപി ഇവിടെയും വളരുന്നതിന്റെ അസഹിഷ്ണുതയും. ആന്റണിയെ പഠിച്ച ഏതൊരാള്‍ക്കും അദ്ദേഹത്തിന്റെ മതേതരക്കീശയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന 'വെന്തിങ്ങയും കുരിശും' കാണാന്‍ യാതൊരു പാടുമില്ലെന്നതാണ് വാസ്തവം. അവസാനമായി ആദര്‍ശത്തിന്റെ ആള്‍രൂപമായ അച്യുതാനന്ദന്റെ കാര്യം- പാര്‍ട്ടി സെക്രട്ടറിസ്ഥാനത്തേക്ക് നായനാരോട് തോറ്റ അന്നുമുതല്‍ക്കല്ലേ അച്യുതാനന്ദന്‍ അസഹിഷ്ണുത മൂത്ത് സിപിഎമ്മിന്റെ നാരായവേര് പറിച്ചെടുക്കാന്‍ പരിശ്രമിച്ചുതുടങ്ങിയത്. ഇവിടെ സുധീരനുമായി അച്യുതാനന്ദനുള്ള വലിയൊരു സാദൃശ്യത്തെപ്പറ്റിയും പറയേണ്ടിയിരിക്കുന്നു. താന്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ സകലരും തന്നെ അനുസരിച്ചുകൊള്ളണമെന്നും എന്നാല്‍ പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ തനിക്ക് എന്തുമാകാമെന്നും ധരിച്ചുവച്ചിരിക്കുന്ന അച്യുതാനന്ദനും കരുണാകരനോട് ഇതേ രീതി അവലംബിച്ച സുധീരനനും അസഹിഷ്ണുതയുടെ ഒരേ തൂവല്‍പ്പക്ഷികളല്ലാതെ മറ്റെന്താണ്? ആലപ്പുഴയിലെ പാര്‍ട്ടിസമ്മേളനം നോക്കൂ: പണ്ട് അടിയും ഇടിയും കൊണ്ടതിന്റെ വീരസ്യം വിളമ്പിയിട്ട് കസേരയില്‍വന്ന് ഞെളിഞ്ഞിരുന്ന അച്യുതാനന്ദനെ നിഷമിങ്ങള്‍ക്കുള്ളില്‍ പിണറായി വിജയന്‍ പൊളിച്ചടുക്കി (ഇടിയും കുത്തും കൊണ്ടവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്ന്). അപ്പോള്‍ തുടങ്ങി അച്യുതാനന്ദന്റെ അസഹിഷ്ണുതയും- കരയുന്നു, പിഴിയുന്നു, വീട്ടിലേക്ക് ഓടുന്നു, മുറിയടച്ചിരിക്കുന്നു, വഴിയേപോയ വയ്യാവേലികളെയെല്ലാം വിളിച്ചുകുട്ടുന്നു- അസിഹ്ഷ്ണുതയുടെ ഒമ്പതാമുത്‌സവംതന്നെ. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന നേതാക്കളെയേ ലഭിക്കൂ! നാടുനീളെ 'പുലപ്പള്ളി'കളും 'ചോവപ്പള്ളി'കളും പെരുകുമ്പോഴും മതേതരത്വത്തെപ്പറ്റി വായാടുന്ന പൊങ്ങച്ചജീവികള്‍ക്ക് സുധീരനെയും ആന്റണിയെയും അച്യുതാനന്ദനെയുമേ ലഭിക്കൂ. ''ലോകം ഇടിഞ്ഞുവീണാലും എനിക്കും എന്റെ ചേട്ടനും ഞങ്ങടെ ഡബിള്‍കോട്ട് കിടക്കക്കും മാത്രം ഒന്നും പറ്റരുത്'' എന്നുപറഞ്ഞു പണ്ടത്തെ നാട്ടിന്‍പുറത്തുകാരിപ്പെണ്ണ് ഇവരുടെ മുന്നില്‍ ദക്ഷിണവെച്ച് നമസ്‌കരിക്കും. എംഎല്‍എ, എംപി, മന്ത്രി, പാര്‍ട്ടി സെക്രട്ടറി, പ്രസിഡന്റ്, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി- സകല പദവികളും അടിച്ചെടുത്തിട്ടും ആര്‍ത്തിതീരാത്ത ഈ സുധീരനെയും ആന്റണിയെയും അച്യുതാനന്ദനെയും ഉദ്ദേശിച്ചായിരിക്കാം പണ്ട് പൂന്താനം 'എണ്ണിയെണ്ണിക്കുറയുന്നതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും' എന്നു പാടിയതും. ഈ പുണ്യാളന്മാരുടെ ആര്‍ത്തിക്ക് പ്രതിബന്ധമാകുമ്പോഴാണ് സ്വന്തം പാര്‍ട്ടിക്കാരും മോദി-അമിത്ഷാ-വെള്ളാപ്പള്ളിമാരും ഇവര്‍ക്ക് കറക്കുകമ്പനിയാകുന്നതും. ചോദ്യം ഉത്തരം ''സിപിഎം എന്തിന് എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നു?'' ''പിന്നോക്കക്കാരനെ എന്നും ഉയരാന്‍ അനുവദിക്കാതെ അടിച്ചമര്‍ത്തി ഇട്ടാലേ ചൊങ്കൊടി പിടിക്കാന്‍ ആളെ കിട്ടുകയുള്ളൂവെന്ന് സഖാക്കളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.''