മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുരുവിനെ അംഗീകരിക്കുമോ?

Monday 12 October 2015 10:29 pm IST

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ എസ്എന്‍ഡിപിയോടുള്ള സമീപനം ചര്‍ച്ച ചെയ്ത് അവരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടത്രേ. എത്രയെത്ര ചര്‍ച്ചകള്‍. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ കഴിയുന്നത്ര കുളമാക്കിയിട്ടുണ്ട്. യുപിഎ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചപ്പോഴും പാര്‍ട്ടി ചര്‍ച്ച ചെയ്ത് അദ്ദേഹം ഒരു കാരണവശാലും പ്രധാനമന്ത്രിയാകാതിരിക്കാന്‍ തീരുമാനിക്കുകയുണ്ടായി. പിന്നീട് ചര്‍ച്ച 'ആന മണ്ടത്തര'മാണെന്ന് പാര്‍ട്ടിക്കാര്‍ പൊതുവെ സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം ജനകീയ പിന്തുണയുള്ള അവരുടെ നേതാവായ വി.എസ്.അച്യുതാനന്ദനെ 'പടിയടച്ച് പിണ്ഡം' വെക്കാന്‍ കേരള പാര്‍ട്ടി ഘടകം തീരുമാനിച്ചത് ചര്‍ച്ചചെയ്യാനാകാതെ കുന്തം വിഴുങ്ങികളായി ഈ 'പൊളിറ്റ് ബ്യൂറോ' പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ നിലക്ക് നോക്കിയാല്‍ നിര്‍ണായകമായ തീരുമാനമെടുക്കാനുള്ള ശേഷിയോ വഴിത്തിരിവാകുന്ന മാര്‍ഗദര്‍ശനത്തിനുള്ള വൈഭവമോ ഈ ബ്യൂറോക്കുള്ളതായി കരുതാനാവില്ല. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബൗദ്ധികമേഖലയില്‍ മേധാവിത്വമുണ്ടെന്ന് ഒരു സഖാവ് ബുദ്ധിജീവി ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. വാസ്തവമാണത്. ബൗദ്ധികമേഖലയില്‍ കേരളം ചലനരഹിതമായ ഗതാനുഗതികത്വത്തിന്റെ പിടിയിലാണ്. മാര്‍ക്‌സിസം കേരളത്തില്‍ ഒരു വിപ്ലവശക്തിയല്ല, മറിച്ച് യാഥാസ്ഥിതിക ശക്തിയാണ്. സാംസ്‌കാരിക നായകന്മാര്‍, കോളേജദ്ധ്യാപകര്‍, ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ (മൊത്തത്തില്‍ അദ്ധ്യാപകലോകം ആകെ) സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമലോകം മുഴുവനും മാര്‍ക്‌സിസ്റ്റ് വലയത്തിലാണ്. ബിജെപി അധികാരത്തില്‍ വന്നതോടെ ഇന്ത്യ ഫാസിസ്റ്റായി കഴിഞ്ഞു എന്ന അവസ്ഥയില്‍ വെച്ചാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. തനി ഫ്യൂഡല്‍-മുതലാളിത്ത അടിത്തറയില്‍ ഒരു മാര്‍ക്‌സിസ്റ്റ് മേല്‍ക്കൂര അവസ്ഥയാണുള്ളത്. സമ്പദ്‌വ്യവസ്ഥയിലും സാംസ്‌കാരിക ബൗദ്ധികരംഗത്തും ചലനരഹിതമായ സ്തംഭനമാണ് സര്‍വത്ര. വിദേശത്തുനിന്ന് മുടങ്ങാതെയുള്ള പണം വരവ് കാരണം ഈ ജഡാവസ്ഥ പുറത്തുവരാതെ പുരോഗതിയുടെ തെറ്റായ ബാഹ്യരൂപങ്ങള്‍ പുറത്തുകാണിക്കുന്നു എന്നുമാത്രം. വര്‍ഷങ്ങളായി സഖാക്കള്‍ പരിപാലിച്ചുപോരുന്ന ജഡീകൃതമായ സാംസ്‌കാരിക സഞ്ചയത്തിന്റെ സൂക്ഷിപ്പുകാരാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിവര്‍ഗം. സര്‍വകലാശാലകളിലെ ഉന്നതപദവികള്‍, അദ്ധ്യാപക ജോലികള്‍ എന്നിവ സഖാക്കള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം ഔദ്യോഗിക പദവികളിലെത്താനുള്ള കുറുക്കുവഴിയാണ് ബുദ്ധിജീവികളുടെ 'മാര്‍ക്‌സിസം.' ബൂര്‍ഷ്വാസിയുടെ ചെരുപ്പുനക്കികള്‍ എന്ന് സഖാക്കള്‍ ജനാധിപത്യ വിശ്വാസികളായ ബുദ്ധിജീവികളെ നിരന്തരമായി കുറ്റപ്പെടുത്താറുണ്ട്. പക്ഷേ ഈ പദാവലി സഖാവ് ബുദ്ധിജീവികള്‍ക്കാണ് കൂടുതല്‍ ചേരുക. പലരും മാര്‍ക്‌സിസം -ലെനിനിസം എന്നൊക്കെ നിരന്തരം ജപിക്കുമെങ്കിലും സത്യത്തില്‍ സാധനം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നുപോലും പലര്‍ക്കും വശമില്ല എന്നതാണ് സത്യം. പാര്‍ട്ടി പത്രത്തില്‍ വരുന്ന മുദ്രാവാക്യ സാഹിത്യത്തിനപ്പുറം 'മാര്‍ക്‌സിസ' വും കഷ്ടിയാണ് ഇവര്‍ക്ക്. ഇത്തരം ബുദ്ധിയില്ലാത്ത ബുദ്ധിജീവികളാണ് കമ്മ്യൂണിസവും മാര്‍ക്‌സിസവും ശ്രീനാരായണഗുരുവിന്റെ നവോത്ഥാന ദര്‍ശനത്തിന്റെ പിന്തുടര്‍ച്ചയാണ് എന്നുവരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. സത്യത്തില്‍ ശ്രീനാരായണന്റെയും വാഗ്ഭടാനന്ദന്റെയും ദര്‍ശനങ്ങള്‍ ഹൈന്ദവദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ്. രണ്ടുപേരും അദ്വൈത വേദാന്തികളായിരുന്നു. വേദാന്തതത്വങ്ങള്‍ സാമൂഹ്യപരിഷ്‌കാരത്തിനുവേണ്ടി ഉപയോഗിച്ചു എന്നതാണ് സത്യം. ഹൈന്ദവദര്‍ശനത്തെ അംഗീകരിക്കാത്തവര്‍ക്ക് പ്രത്യേകിച്ച് ശത്രുതാപരമായി കാണുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഗുരുദേവ ദര്‍ശനത്തെ അംഗീകരിക്കാനാവില്ല. ഗുരു ജാതിമേധാവിത്വത്തിനെതിരായി സമരം ചെയ്യുകയും ആ നിലക്ക് സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ ഇല്ലായ്മചെയ്യുന്നതിനുള്ള പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു എന്നത് ശരിയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ്. ഈ ഒരു 'പൊതുമേഖല'യെ അടിസ്ഥാനമാക്കിയാവണം ഗുരുദേവന്‍ തുടങ്ങിവെച്ച പ്രക്രിയയുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് സഖാക്കള്‍ക്ക് തോന്നാന്‍ കാരണം. പ്രത്യക്ഷമായി തോന്നുന്ന ഈ ഐകരൂപ്യത്തിന് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകവീക്ഷണവും പ്രവര്‍ത്തനരീതികളും ലക്ഷ്യങ്ങളും തികച്ചും ഭിന്നമാണെന്ന് മാത്രമല്ല പരസ്പ്പരവിരുദ്ധം കൂടിയാണ്. ഗുരുദേവ ദര്‍ശനത്തിന് ഏറ്റവും കൂടുതല്‍ അനുയോജ്യമായ സഖ്യശക്തി സംഘപരിവാര്‍ തന്നെയാണ്. സംഘത്തെ സംബന്ധിച്ചിടത്തോളം ഗുരുദേവദര്‍ശനം പൂര്‍ണമായി അവര്‍ക്ക് സ്വീകാര്യമായിരിക്കുമെന്നു മാത്രമല്ല ഈ ദര്‍ശനം സംഘത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. എസ്എന്‍ഡിപിയുമായി സിപിഎമ്മിന് യോജിക്കാന്‍ കഴിയുമോ? ആലോചിച്ചാലോചിച്ച് ഇപ്പോള്‍ എസ്എന്‍ഡിപിയുമായി യോജിച്ചുപോകാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറാവുകയാണല്ലോ. ഈ യോജിപ്പിനെക്കുറിച്ച് അതിന്റെ വിശദാംശങ്ങളെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കാം.സിപിഎം സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും കൂടി എസ്എന്‍ഡിപി സെക്രട്ടറിയെ കണ്ടു സംസാരിക്കുന്ന ഒരു ഭാവനാ ചിത്രം നമുക്ക് നോക്കാം. മാര്‍ക്‌സിസ്റ്റ് പക്ഷത്ത് നേരത്തെ പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും മാത്രം. എസ്എന്‍ഡിപി സെക്രട്ടറിയോടൊപ്പം ഒരു സംഘപരിവാറിന്റെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണുള്ളത്. പാര്‍ട്ടി സെക്രട്ടറി: (സ്വാഗതം ചെയ്തുകൊണ്ടുള്ള തുടക്കം)ശ്രീനാരായണ ഗുരു ജാതിമേധാവിത്വത്തിനെതിരായി പടപൊരുതിയ ഒരു പോരാളിയാണ്. ഉച്ചനീചത്വം ഇല്ലാതാക്കുന്നതില്‍ ഈ പ്രസ്ഥാനം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഈ പ്രസ്ഥാനവുമായി സഹകരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എസ്എന്‍ഡിപി സെക്രട്ടറി: ''ഞങ്ങള്‍ക്കും പാര്‍ട്ടിയുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ട്. അധഃകൃതരായവരുടെ ഉന്നമനം നമ്മുടെ ലക്ഷ്യമാണ്. പാര്‍ട്ടി അതിനെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവാക്യം തന്നെ നമുക്ക് അടിസ്ഥാന സഹകരണത്തിനുള്ള പൊതുപരിപാടിയായി തെരഞ്ഞെടുക്കാം.'' പാര്‍ട്ടി സെക്രട്ടറി: 'ഒരു ജാതി' എന്ന തത്വം നല്ലത് തന്നെ. പക്ഷെ ഞങ്ങളുടെ പാര്‍ട്ടിക്ക് ജാതിസംബന്ധിച്ച് വ്യക്തമായ നയമുണ്ട്. എല്ലാ ജാതിയിലും പെട്ടവര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ട്. തൊഴിലാളിവര്‍ഗമാണ് നമ്മുടെ പാര്‍ട്ടിയുടെ അടിസ്ഥാനവര്‍ഗം. തൊഴിലാളിവര്‍ഗത്തിന് ജാതിയില്ല. തൊഴിലാളിവര്‍ഗമാണ് ഭാരതത്തില്‍ ജാതിയില്ലാതാക്കാനുള്ള ഒരേ ഒരു ശക്തി. 1853 ആഗസ്റ്റ് 8 ന് 'ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണ്‍' എന്ന പത്രത്തിലെഴുതിയ 'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവി ഫലങ്ങള്‍' എന്ന ലേഖനത്തില്‍ മാര്‍ക്‌സ് ഇത് ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ പുരോഗതിക്കും ശക്തിക്കും ജാതി തടസ്സമാണെന്ന് മാര്‍ക്‌സ് ഉറച്ച് വിശ്വസിക്കുന്നു. അത് നശിപ്പിക്കപ്പെടേണ്ടതാണെന്ന കാര്യത്തിലും മാര്‍ക്‌സിന് സംശയമുണ്ടായിരുന്നില്ല. മാര്‍ക്‌സിന്റെ നിഗമനം തികച്ചും ശരിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മറ്റുജാതികള്‍ക്കെതിരെ പൊരുതുന്നത് വര്‍ഗസമരത്തെ ശിഥിലമാക്കും. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യമാണ് പ്രധാനം. അതുകൊണ്ട് ഭൂരിപക്ഷക്കാരായ ഈഴവരുടെ ഉന്നമനം തൊഴിലാളിവര്‍ഗത്തിലൂടെയാണ് ഉണ്ടാവേണ്ടത്. നിങ്ങള്‍ക്കും തൊഴിലാളിവര്‍ഗ സമരത്തിലും തൊഴിലാളിവര്‍ഗ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും സ്വാഗതം.'' എസ്.എന്‍.സെക്ര: ''അപ്പോള്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് പാര്‍ട്ടിയില്ല?'' പാ.സെ.: ''തീര്‍ച്ചയായും ഉണ്ട്. പക്ഷേ ഞങ്ങള്‍ പറഞ്ഞല്ലോ വര്‍ഗസമരത്തിന്റെ മാര്‍ഗമാണ് ഞങ്ങളുടെ മാര്‍ഗം.'' എസ്.എന്‍.സെക്ര: ''അപ്പോള്‍ ജാതിവിരുദ്ധ പ്രസ്ഥാനം പോയി. ഇനി ഒരു മതം എന്ന കാര്യത്തില്‍ എന്തായിരിക്കും പാര്‍ട്ടി നിലപാട്?'' പാ.സെ: ''ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് സുവ്യക്തവും ഉറച്ചതുമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സ് പലതവണ പറഞ്ഞിട്ടുള്ളതാണ്. മതവിശ്വാസികള്‍ സ്വര്‍ഗത്തിലാണ് വിശ്വസിക്കുന്നത്. നമ്മള്‍ സ്വര്‍ഗം ഇവിടെ തന്നെ ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു. ഭൂമിയിലെ സ്വര്‍ഗമാണ് കമ്മ്യൂണിസം. അത് ഇവിടെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി മെമ്പര്‍മാരെ പാര്‍ട്ടി തല്‍ക്കാലം അംഗീകരിക്കും. പാര്‍ട്ടി പ്രവര്‍ത്തകന്മാരും നേതാക്കളും നിരീശ്വരവാദം പരിശീലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇത്രയും നമുക്ക് ചെയ്യാന്‍ പറ്റും.'' എസ്.എന്‍.സെക്ര: ''അപ്പോള്‍ ഹിന്ദുമതത്തിന്റെ ഐക്യത്തിന് പാര്‍ട്ടി സഹായിക്കില്ല?'' പാ.സെ.: ''ഹിന്ദുമത ഭ്രാന്തന്മാര്‍ രാജ്യത്തിന് തന്നെ നാശമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.'' എസ്.എന്‍.സെക്ര: ''അപ്പോള്‍ മതവും പോയി. ഞങ്ങള്‍ക്ക് ഏതായാലും ന്യൂനപക്ഷമതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധ്യമല്ല. കേരളത്തില്‍ ഭൂരിപക്ഷക്കാരായ ഹിന്ദുക്കള്‍കൂടി അവകാശപ്പെട്ടത് ന്യൂനപക്ഷങ്ങള്‍ കയ്യടക്കുന്നു എന്നതാണ് ഞങ്ങളുടെ അനുഭവം.'' പാ.സെക്ര.: ''അക്കാര്യം നിങ്ങള്‍ പുനര്‍ചിന്തിക്കണം. ന്യൂനപക്ഷങ്ങള്‍ക്കും അവകാശങ്ങളുണ്ട്.'' എസ്.എന്‍.സെക്ര: ''അപ്പോള്‍ ജാതിയും പോയി, മതവും പോയി. ഒരു ദൈവം എന്ന സന്ദേശത്തിന്റെ കാര്യമോ?'' പാ.സെക്ര: ''ഇക്കാര്യം നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് ഒരത്ഭുതം തന്നെ. കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിളിക്കുന്നത് തന്നെ ഭൗതിവാദികളെന്നാണ്. ഏതെങ്കിലും തരത്തില്‍ ലോകം ദൈവസൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവരെ ആശയവാദികള്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. അവരുമായി ഞങ്ങള്‍ നിരന്തരസമരത്തിലാണ്. ഹെഗലിന്റെ ആശയവാദത്തിനെതിരെ കലാപം നടത്തിക്കൊണ്ടാണ് മാര്‍ക്‌സിസം ജനിച്ചത് തന്നെ. ഈ ലോകം സ്വയംഭൂ ആണെന്നും ആത്മാവും മറ്റും ഭൗതികവസ്തുവിന്റെ വളര്‍ച്ചകൊണ്ടുണ്ടായതാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വളര്‍ച്ച വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷഫലമായി ഉണ്ടായതാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ അടിസ്ഥാന ദര്‍ശനത്തെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്നുവിളിക്കുന്നത്. ഗുരുദേവന്‍ ശരിക്കും ഒരു ഭൗതികവാദിയാണെന്നാണ് ഞങ്ങളുടെ വിശ്വാസം.'' എസ്.എന്‍.സെക്ര: ഗുരുദേവന്‍ ഒരു വേദാന്തിയായിരുന്നു. ധാരാളം അതിനെക്കുറിച്ച് ഗുരു എഴുതിയിട്ടുമുണ്ട്. ദൈവശതകം അടക്കം ഒട്ടനവധി ദര്‍ശനഗ്രന്ഥങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഗുരുദേവന്റെ ഏറ്റവും പ്രാഥമികമായ ''ഒരു ജാതി, ഒരു മതം, ഒരു ദൈവം'' എന്ന കാഴ്ചപ്പാടുപോലും നിങ്ങളുടെ പാര്‍ട്ടിക്ക് സ്വീകാര്യമല്ല. ആ നിലക്ക് നമ്മള്‍ തമ്മില്‍ എന്ത് സഹകരണമാണ് സാധ്യമാവുക? നിങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള വെറും വോട്ട് ബാങ്കാക്കി ഞങ്ങളെ ഉപയോഗിക്കാനാണെങ്കില്‍ അത് നടപ്പില്ല.'' പാ.സെ: ''സംഘപരിവാറിന്റെ തൊഴുത്തില്‍ കൊണ്ടുപോയി എസ്എന്‍ഡിപിയെ കെട്ടാനാണ് ഭാവമെങ്കില്‍ അത് നടപ്പില്ല.'' എസ്.എന്‍.സെക്ര: തൊഴുത്തില്‍ കെട്ടാന്‍ ഞങ്ങള്‍ പശുക്കളല്ല. ഞങ്ങള്‍ വെറും പശുക്കളാണെന്ന് നിങ്ങള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ തിരുത്തുന്നതാണ് നല്ലത്. സംഘപരിവാറില്‍ എസ്എന്‍ഡിപിയുടെ സ്ഥാനം തൊഴുത്തല്ല, സംഘപ്രവര്‍ത്തകരുടെ ഹൃദയത്തിലാണ്. അതിനേക്കാള്‍ വലുതായി എന്താണ് ലഭിക്കേണ്ടത്? നിങ്ങള്‍ മുമ്പു കൂട്ടുകെട്ടുണ്ടാക്കിയ പാര്‍ട്ടികള്‍ക്കെന്താണ് സംഭവിച്ചത്. ബംഗളാ കോണ്‍ഗ്രസിനെ പൂര്‍ണമായും മൂക്കില്‍ വലിച്ചില്ലേ? സിപിഐയെ മുഖ്യമന്ത്രിക്കസേരില്‍ നിന്നിറക്കി വെറും വാലാക്കി നശിപ്പിച്ചില്ലേ? ഞങ്ങളേതായാലും നിങ്ങളുടെ വഴിക്കില്ല.'' ഇതുപറഞ്ഞ് എസ്എന്‍ സെക്രട്ടറി പാര്‍ട്ടിയാപ്പീസില്‍ നിന്ന് ഇറങ്ങിനടന്നു. ഇവര്‍ പോയ ഉടനെ. പാര്‍ട്ടി സെക്രട്ടറി പൊളിറ്റ് ബ്യൂറോ അംഗത്തോട് ''നമുക്ക് ഇവരെ ചന്ദ്രശേഖരന്‍ പോയേടത്തേക്ക് അയച്ചാലോ?'' പൊളി.ബ്യൂ.മെ. ''ഛേ-ആ പുലിവാല് ഇതുവരെ തീര്‍ന്നിട്ടില്ല. പുതിയ ഒന്നുതല്‍ക്കാലം വേണ്ട. കണിച്ചുകുളങ്ങരയില്‍ പോയി ലക്കില്ലാത്ത കുറേ ആരോപണങ്ങള്‍ തട്ടിവിടട്ടെ. അയാള്‍ അതിന് നല്ലമിടുക്കനാണ്. ഞങ്ങളുടെ കൂടെ വരില്ലെങ്കില്‍ ശ്രീനാരായണീയനെ ആകെ നാറ്റണം. നാറ്റാന്‍ കെളവന്‍ മിടുക്കനാണ്.''പാര്‍ട്ടി സെക്രട്ടറി ഈ പരിപാടി എങ്ങനെ നടപ്പില്‍ വരുത്തിയെന്ന് നിങ്ങള്‍ അന്വേഷിച്ചറിയുക. ശ്രീനാരായണനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും തമ്മില്‍ പൊതുവായി ഒന്നുമില്ല. ഭാവനയിലുള്ള ഈ സംഭാഷണം മാര്‍ക്‌സിസ്റ്റ് ശ്രീനാരായണീയ ബാന്ധവം തീരെ പ്രതിലോമപരമായ ഒന്നായിരിക്കുമെന്ന് വ്യക്തമാക്കുന്നു. സമാനഹൃദയങ്ങള്‍ തമ്മിലുള്ള യോജിപ്പ് മാത്രമാണ് സല്‍ബന്ധങ്ങളിലേക്ക് നയിക്കുക. ഇത്തരമൊരു ബന്ധം ക്രിയാത്മക ശക്തികളെ ബലപ്പെടുത്തും, നാടിന് ഗുണവും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.