ഐരാണിമുട്ടം വാട്ടര്‍ ടാങ്ക് നോക്കുകുത്തി

Monday 12 October 2015 10:40 pm IST

കുടിവെള്ളം പമ്പ് ചെയ്യാനാകാതെ സ്ഥിതി ചെയ്യുന്ന
ഐരാണി മുട്ടത്തെ വാട്ടര്‍ ടാങ്ക്‌

രാജേഷ് ദേവ്
പേട്ട: നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കോടികള്‍ ചെലവഴിച്ച ഐരാണിമുട്ടം വാട്ടര്‍ ടാങ്ക് നോക്കുകുത്തിയാകുന്നു. ജപ്പാന്‍ കുടിവെള്ളപദ്ധതി പ്രകാരം ടാങ്കിന്റെ നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ടാങ്കില്‍ നിന്ന് കുടിവെള്ളം പമ്പ് ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി പ്രദേശങ്ങളില്‍ പൈപ്പ് ലൈനുകള്‍ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയാത്തതാണ് വാട്ടര്‍ ടാങ്കിന്റെ പ്രവര്‍ത്തനം ഇഴയാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നത്.
എഴുപത്തിയഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് ടാങ്കിന്റെ സംഭരണശേഷി. പൂന്തുറ, ബീമാപള്ളി, വലിയതുറ തുടങ്ങിയ തീരദേശ മേഖലകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ടാങ്കിന്റെ നിര്‍മാണ സ്ഥലത്ത് നിന്ന് ഏഴുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ കഴിയുന്ന പദ്ധതിക്കാണ് ടാങ്ക് നിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വച്ചത്.
എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജിക്ക വന്‍തോതില്‍ ഇറക്കുമതി ചെയ്ത് പദ്ധതി പ്രദേശങ്ങളില്‍ കുഴിച്ചിട്ടിരിക്കുന്നതല്ലാതെ ഇവ പരസ്പരം ബന്ധിപ്പിക്കാനോ ടാങ്കില്‍ നിന്നുള്ള പ്രധാനലൈനുമായി ബന്ധപ്പെടുത്താനോ നടപടി സ്വീകരിക്കുന്നില്ല. പദ്ധതി ശരിയായ വിധത്തില്‍ നടന്നു വരുന്നതായാണ് ജിക്ക അധികൃതര്‍ അവകാശപ്പെടുന്നത്.
അതേസമയം ആറ്റുകാല്‍ പ്രദേശങ്ങളിലുള്ള ഇരുനൂറോളം കുടുംബങ്ങള്‍ക്ക് 3 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ മാത്രമേ കുടിവെള്ളം എത്തിക്കാന്‍ ജിക്കയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുള്ളു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ്റുകാല്‍ പൊങ്കാല ദിവസം അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലുണ്ടായ പൊട്ടലിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങളിലേക്ക് താത്കാലികമായി ടാങ്കില്‍ നിന്ന് കുടിവെള്ളം കടത്തിവിട്ടത്. ഈ സ്ഥിതിക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാറ്റം വന്നിട്ടില്ല.
മണക്കാട് പ്രദേശങ്ങളില്‍ വ്യാസം കുറഞ്ഞ പൈപ്പിലൂടെ കുടിവെള്ളം കടത്തിവിട്ടുകൊണ്ടുള്ള ജിക്കയുടെ പ്രവര്‍ത്തനത്തില്‍ പ്രദേശത്ത് പൈപ്പ് ലൈനുകള്‍ പൊട്ടുന്നതും പതിവാണ്. കൊഞ്ചിറവിളയില്‍ അടുത്തകാലത്ത് 900 എംഎം പൈപ്പ് പൊട്ടിയപ്പോള്‍ തകരാര്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നു. ടാങ്കില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ടാങ്കിന്റെ വാല്‍വ് അടയ്ക്കാന്‍ കഴിയാത്തതാണ് പണി ഇഴയാന്‍ കാരണമായത്. കോടികള്‍ മുടക്കി ടാങ്ക് നിര്‍മിച്ചിട്ടും ഗുണനിലവാരമില്ലാത്ത വാല്‍വുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്ന പരാതിയാണ് കരാര്‍ ജീനക്കാര്‍ക്കിടയിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.