ഭാരതീയ സംസ്‌കാരത്തിന്റെ നിലനില്‍പ്പിനാധാരം സുദൃഡമായ കുടുംബ ഘടന: സ്വാമി ചിദാനന്ദപുരി

Monday 12 October 2015 10:41 pm IST

കണ്ണൂര്‍: ഭാരതീയ സംസ്‌കാരത്തിന്റെ നിലനില്‍പ്പിനാധാരം ഇവിടെ നിലനിന്നു വന്ന സുദൃഡമായ കുടുംബ ഘടനയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വിജ്ഞാനവാഹിനി ആധ്യാത്മിക പ്രചാര്‍ സഭ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതീയ കുടുംബ സങ്കല്‍പ്പം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ സംസ്‌കാരങ്ങള്‍ നില നിന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അത്തരം പ്രാചീന സംസ്‌കാരങ്ങളുടെ സജീവ സാന്നിധ്യം നമുക്ക് ഇന്ന് കാണാന്‍ സാധിക്കില്ല. ചില നാഗരികതകളുടെ ശേഷിപ്പുകള്‍ നമുക്ക് കാണാന്‍ സാധിച്ചേക്കും. അത്തരം സംസ്‌കാരങ്ങളൊന്നും കാലഘട്ടത്തെ അതിജീവിച്ചില്ല. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന പ്രാചീന സംസ്‌കാരം ഭാരതീയ സംസ്‌കാരം മാത്രമാണ്. അതിന്റെ കാലഗണന പ്രവചിക്കുക പോലും അസാധ്യമാണ്. ചില അപചയങ്ങള്‍ സംഭവിച്ചുവെങ്കിലും നമ്മുടെ സനാതന സംസ്‌കാരം ഇന്നും സജീവ സാന്നിധ്യമായി നിലനില്‍ക്കുന്നു. കേവലം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, യുക്തിയുടെ അടിസ്ഥാനത്തില്‍ തന്നെ ഇത് സാധൂകരിക്കാവുന്നതാണ്. ലോകത്തെ വിവിധ സംസ്‌കാരങ്ങളുടെ നാശത്തിന് കാരണമായത് മതാധിഷ്ഠിത, സാമ്രാജ്യത്വ അധിനിവേശമാണ്. കാലഘട്ടത്തിനനുസരിച്ച് നവീകരിക്കാന്‍ സാധിക്കാത്തതും സ്വയം സംരക്ഷിക്കാന്‍ സാധിക്കാത്തതുമായ വ്യവസ്ഥിതികള്‍ക്കാണ് നാശം സംഭവിക്കുക. മതവും സംസ്‌കാരവും രണ്ട് തലത്തിലുള്ളതാണ്. മതം ഏകമുഖമാണെങ്കില്‍ സംസ്‌കാരം വൈവിധ്യമുള്ളതാണ്. മതങ്ങളുടെ അധിനിവേശത്തില്‍ പല സ്ഥലങ്ങളിലും പ്രാചീന സംസ്‌കാരങ്ങള്‍ നശിച്ചു എന്നതാണ് വസ്തുത. യൂറോപ്പും അമേരിക്കയും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. എന്നാല്‍ മതങ്ങളുടെ സംഘടിതമായ അധിനിവേശമുണ്ടായിട്ടും ഭാരതീയ സംസ്‌കാരം കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന കുടുംബ സങ്കല്‍പ്പമാണെന്നും ഈ സങ്കല്‍പ്പം നശിച്ചാല്‍ നമ്മുടെ സംസ്‌കാരവും നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. എസ്.പി. പി.എന്‍.ഉണ്ണിരാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ഒ.ജയകൃഷ്ണന്‍ സ്വാഗതവും എം.സുമേഷ് നന്ദിയും പറഞ്ഞു.