ശ്രോതാക്കളില്‍ ഭക്തി പകര്‍ന്ന് ജ്യോതിര്‍ഗമയ...

Monday 12 October 2015 10:47 pm IST

ശങ്കരമംഗലം ബി. ത്രിലോചനന്‍

ശിവാ കൈലാസ്
തിരുവനന്തപുരം: റേഡിയോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ശ്രോതാക്കളില്‍ ഭക്തിയുടെ നൈവേദ്യം പകര്‍ന്ന് ജ്യോതിര്‍ഗമയ ആരംഭിച്ചത്. ഹരിനാമകഥകളും ഇതിഹാസ പാരായണവും ജനമനസുകള്‍ക്ക് സുപരിചിതമാക്കിയ ശങ്കരന്‍ നമ്പൂതിരിയുടെ ഇളമുറക്കാരനെയാണ് 92.7 എഫ് എമ്മിലൂടെ ആദ്യ ആദ്ധ്യാത്മീക പരിപാടിയുടെ അവതാരകനാക്കിയത്. ശങ്കരമംഗലം ബി. ത്രിലോചനന്‍ എന്ന ഇതിഹാസങ്ങളുടെ ഉപാസകന്‍ എട്ട് വര്‍ഷം മുന്‍പാണ് റേഡിയോയില്‍ ആദ്ധ്യാത്മിക പ്രഭാഷണത്തിലൂടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു തുടങ്ങിയത്. അത് ചരിത്രമാവുകയായിരുന്നു. മലയാളത്തില്‍ ആദ്യമായി ഒരു ആദ്ധ്യാത്മീക പരിപാടി. എല്ലാദിവസവും പുലര്‍ച്ചെ അഞ്ചുമുതല്‍ ഒന്‍പതു വരെ നീണ്ടുനില്‍ക്കുന്ന ഭക്തിയുടെ അമൃതേത്ത്.
കുടപ്പനക്കുന്ന് ടിവിആര്‍ 152(എ) ശങ്കരമംഗലത്ത് ത്രിലോചനന്‍ ബിരുദ പഠനം കഴിഞ്ഞ് തേടിയലഞ്ഞത് സര്‍ക്കാര്‍ ഉദ്യോഗമായിരുന്നില്ല. മുത്തച്ഛന്‍ ശങ്കരന്‍ നമ്പൂതിരി ശീലിപ്പിച്ച ഈശ്വരോപാസനയുടെ ശേഷിപ്പുകള്‍ തേടുകയായിരുന്നു അദ്ദേഹം. ഇതിനിടെ കൈയില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി വേണ്ടെന്നുവച്ചു. തറവാട്ടില്‍ ക്ഷയിച്ചു തുടങ്ങിയിരുന്ന കാവും നാഗപ്രതിഷ്ഠയും പുനരുദ്ധരിച്ചു. ദേവപ്രീതിക്കായി നിത്യപൂജയും ശുദ്ധികലശവും നടത്തി. അവിടെ നിന്നാരംഭിക്കുകയായിരുന്നു ത്രിലോചനന്റെ ആദ്ധ്യാത്മികയാത്ര. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സപര്യ. ആദ്ധ്യാത്മിക പ്രഭാഷണം നടത്തുവാന്‍ ദേശങ്ങള്‍ താണ്ടി പോകാറുണ്ട് ത്രിലോചനന്‍. പക്ഷേ ആദ്ധ്യാത്മികതയെ കച്ചവടമാക്കാന്‍ ഒരുക്കമല്ല ഇദ്ദേഹം. ബാലഗോകുലം നടത്തുന്ന പാഠശാലകളില്‍ എത്തുമ്പോഴാണ് ഇന്നും യഥാര്‍ഥഭക്തിയുടെ ബാല്യങ്ങളെ കാണാ ന്‍ കഴിയുന്നതെന്ന് ത്രിലോചനന്‍ പറയുന്നു. സമയം കിട്ടുമ്പോഴൊക്കെ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്ക് പുരാണ കഥ പറഞ്ഞുകൊടുക്കാന്‍ പോകാറുണ്ട് ഈ പ്രഭാഷകന്‍.
ക്രിസ്തീയവചനങ്ങള്‍ മാത്രം റേഡിയോയില്‍ മുഴങ്ങികേള്‍ക്കുമ്പോള്‍ ഹൈന്ദവദര്‍ശനങ്ങളും പുരാണകഥകളും ജനങ്ങളെ കേള്‍പ്പിക്കാന്‍ ത്രിലോചനന്‍ കൊതിച്ചു. പലരുമായി പലവട്ടം തന്റെ ആഗ്രഹം പറഞ്ഞു. അങ്ങനെയാണ് 92.7 ബിഗ് എഫ്എമ്മിലേക്ക് ക്ഷണം ലഭിച്ചത്. ആദ്യഘട്ടത്തില്‍ പരീക്ഷണമെന്നോണം ആരംഭിച്ച ശുഭദിനം എന്ന പരിപാടിക്ക് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ സമയവും വിഭവങ്ങളും ഉള്‍പ്പെടുത്തി ജ്യോതിര്‍ഗമയ എന്ന പേരില്‍ പരിപാടിയെ സമ്പന്നമാക്കുകയായിരുന്നു.
തറവാട്ടു ക്ഷേത്രമായ കുഞ്ചുവീട് നാഗരാജ ക്ഷേത്രത്തില്‍ ആദ്ധ്യാത്മിക പാഠശാല സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ത്രിലോചനന്‍. വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസഗ്രന്ഥങ്ങളും സാധാരണക്കാരന് സൗജന്യമായി പഠിക്കാന്‍ സാധിക്കുന്ന പാഠശാല. പുലരികളില്‍ ഹരിനാമംചൊല്ലി മലയാളിമനസുകള്‍ക്ക് ഭക്തിയുടെ നൈവേദ്യം വിളമ്പുന്ന ശങ്കരമംഗലം ബി. ത്രിലോചനന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.