വീട്ടമ്മയെ കെട്ടിയിട്ട് നാലുപവന്‍ കവര്‍ന്നു

Monday 12 October 2015 10:48 pm IST

മലയിന്‍കീഴ്: വീട്ടമ്മയെ കെട്ടിയിട്ടശേഷം നാലുപവനും നാലായിരം രൂപയും കവര്‍ന്നു. മാറനല്ലൂരിലെ കുരുവിന്‍മുകള്‍ ശ്രീദേവി ഭവനത്തില്‍ രാധ (49)യെയാണ് വീട്ടില്‍ കയറി വായില്‍ തുണി തിരുകി കെട്ടിയിട്ടശേഷം സ്വര്‍ണാഭരണം കവര്‍ന്നത്. ഞായറാഴ്ച രാത്രി 3 മണിയോടെ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയശേഷം വന്ന രാധയും മകള്‍ അശ്വതിയും 11 മണിയോടെ ഉറങ്ങാന്‍ കിടന്നു. രണ്ട് മണിക്ക് ഉണരുമ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും നിലവിളിച്ചതിനെ തുടര്‍ന്ന് വായില്‍ തുണി തിരുകി കമഴ്ത്തികിടത്തി കൈകളും ബന്ധിച്ചു. മാല ഊരിയശേഷം മേശയിലുണ്ടായിരുന്ന പണം പരതുന്നതിനിടെ രാധയുടെ നിലവിളികേട്ട മകള്‍ അശ്വതി തൊട്ടടുത്ത മുറിയില്‍നിന്നും എത്തുമ്പോഴേക്കും രണ്ടുപേര്‍ ഓടുന്നത് കണ്ടു. ഒരാള്‍ മേച്ചാരിയോട് ഭാഗത്തേക്കും ഒരാള്‍ പെരുമ്പഴുതൂര്‍ ഭാഗത്തേക്കുമാണ് ഓടിയതെന്ന് പറയുന്നു. എന്നാല്‍ വീട് പൊളിച്ചല്ല തസ്‌ക്കരര്‍ വീടിനുള്ളില്‍ കയറിയത്. പുറത്തുനിന്നുവന്ന ഇവര്‍ക്ക് പിന്നാലെ വീട്ടില്‍ കയറി ഒളിച്ചിരുന്നു എന്നാണ് പോലീസ് നിഗമനം. വിരലടയാള വിദഗദ്ധരും പോലീസും വിശദമായ പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.