മൂന്നാംമുന്നണിയെ ഇടതുവലതു മുന്നണികള്‍ ഭയക്കുന്നു: എ.ജി.ഉണ്ണികൃഷ്ണന്‍

Monday 12 October 2015 10:55 pm IST

കോട്ടയം: കേരളത്തിലെ ഇടത് വലത് മുന്നണികള്‍ എസ്എന്‍ഡിപിയെയും വെള്ളാപ്പള്ളി നടേശനെയും വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിജയപുരം നോര്‍ത്ത് മേഖലയുടെ ആഭിമുഖ്യത്തില്‍ നട്ടാശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും കള്ളക്കേസുകളില്‍ കുടുക്കിയും അനുകൂലമാക്കുവാനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാലമത്രയും ശ്രീനാരായണീയ പ്രസ്ഥാനവും പട്ടികജാതി ജനവിഭാഗങ്ങളിലെ അടിസ്ഥാന വര്‍ഗവും കോണ്‍ഗ്രസിനും സിപിഎമ്മിനും അനുകൂലമായിരുന്നെങ്കില്‍ തെറ്റ് മനസ്സിലാക്കിക്കൊണ്ട് മൂന്നാമതൊരു ശക്തിയാകാനുള്ള ശ്രമം ഇരുമുന്നണികളുടെയും സമനില തെറ്റിച്ചിരിക്കുകയാണ്. ഇതിന്റെ ജല്‍പ്പനങ്ങളാണ് സിപിഎം-കോണ്‍ഗ്രസ് നേതാക്കന്മാര്‍ പുറത്ത് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.വി രഘുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.എന്‍.സുഭാഷ്, രമേശന്‍ കല്ലില്‍, പി.ജെ.ഹരികുമാാര്‍, വിജി വളച്ചയില്‍, രണരാജ് പൂഴിമേല്‍, മായ സജി, ശശി ഗൗരീഭന്ദ്രം, ബാബു അരിക്കാട്, രാജേഷ് ചെറിയമഠം, ടി.ആര്‍.സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.