പാത ഇരട്ടിപ്പിക്കല്‍: പ്ലാമൂട് മേല്‍പ്പാലം പണി ആരംഭിച്ചു

Monday 12 October 2015 10:59 pm IST

കുറിച്ചി: റെയില്‍വേ പാത ഇരട്ടിപ്പിന്റെ ഭാഗമായി പ്ലാമൂട് മേല്‍പ്പാലം പണി ആരംഭിച്ചു. വീതി കുറഞ്ഞ മേല്‍പ്പാലം വലിയ ഗതാഗത കുരുക്കാണ് ഈ പ്രദേശത്ത് ഉണ്ടാക്കിയിരുന്നത്. പാലം വീതി കൂട്ടി പൊളിച്ചു പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. ജനുവരിയോടു കൂടി പാലം പണി പൂര്‍ത്തിയാകുമെന്ന് റെയില്‍വേ അറിയിച്ചു. പാലത്തിന്റെ ഇരു വശങ്ങളും പൊളിച്ചു വീതി കൂട്ടുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന പ്ലാമൂട് ചാലച്ചിറ റോഡിലാണ് മേല്‍പ്പാലം. എംസി റോഡ് നവീകരണവും കൂടി ഈ ‘ഭാഗത്ത് നടക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ടിലാണ് ഇവിടുത്തെ ജനങ്ങള്‍. എംസിറോഡിനെ സ്ഥിരമായി ആശ്രയിക്കുന്ന മലകുന്നം, ഇളംകാവ്, ഇത്തിത്താനം, ചാലച്ചിറ ഭാഗത്തെ യാത്രക്കാര്‍ ചിറവം മുട്ടം റോഡിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. തീരെ വീതി കുറഞ്ഞ ഇവിടുത്തെ റെയില്‍വേ ഗേറ്റ് വലിയ ഗതാഗത കുരുക്കാണ് ഉണ്ടാക്കുന്നത്. ഗേറ്റ് അടഞ്ഞു കിടക്കുമ്പോള്‍ കാത്തു കിടക്കുന്ന വാഹനങ്ങള്‍ വീതി കുറഞ്ഞ പാളത്തിലേയ്ക്ക് കടക്കുമ്പോള്‍ കുടുങ്ങി പോകുന്നത് പതിവാണ്. ക്രോസിങ്ങിലെ ടൈലുകള്‍ ഇളകി പോയത് മൂലം ചെറിയ വാഹനങ്ങളും ഇവിടെ കുടുങ്ങി പോകുന്നു. പ്ലാമൂട് മേല്‍പ്പാലം പണി പൂര്‍ത്തിയാകുന്നത് വരെ നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന ചിറവം മുട്ടം റെയില്‍വേ ഗേറ്റിലെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.