ഘടകകക്ഷികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് മുന്നണികള്‍ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍; മാരത്തോണ്‍ ചര്‍ച്ച ഫലിക്കുന്നില്ല

Monday 12 October 2015 11:04 pm IST

തിരുവനന്തപുരം: നാമിനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാതെ ഇടതുവലതു മുന്നണികള്‍. വിഭാഗീയതയും ജാതി സമവാക്യങ്ങളും ഉയര്‍ന്നതോടെ ഘടകകഷികളുടെ കടുംപിടുത്തം സിപിഎമ്മിനും കോണ്‍ഗ്രസിനും തലവേദന സൃഷ്ടിക്കുന്നു. തിരുവനന്തപുരം നഗരസഭയിലെ സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയാക്കിയെങ്കിലും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തിലും റിബല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ കുഴയ്ക്കുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഇതുവരെയും കഴിഞ്ഞില്ല. വി.എസ് ഗ്രൂപ്പിന് വ്യക്തമായ ആധിപത്യമുള്ള നെയ്യാറ്റിന്‍കര ഏര്യാകമ്മറ്റിയില്‍ ഘടകക്ഷികളില്‍ നിന്നു സീറ്റ് തിരികെ എടുക്കാനുള്ള നീക്കം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ വി.എസ്-പിണറായി ഗ്രൂപ്പുകളിലെ പ്രമുഖര്‍ക്ക് സുരക്ഷിത സീറ്റുകള്‍ നഷ്ടമായി. ഇതേതുടര്‍ന്ന് സിപിഐക്കുള്ള വഌങ്ങാമുറി വാര്‍ഡും നിലമേല്‍ വാര്‍ഡും സിപിഎം എടുക്കാന്‍ നീക്കം നടത്തിയിരുന്നു. മറ്റു വാര്‍ഡുകള്‍ നല്കാനുള്ള പാര്‍ട്ടിയുടെ തന്ത്രം ഒരു വിഭാഗത്തിന് രസക്കേട് ഉണ്ടാക്കിയതോടെ സീറ്റ് ചര്‍ച്ച വഴിമുട്ടി. സിപിഐ ഈ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ മണ്ഡലം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നു വിട്ടുനില്ക്കുകയാണ്. തന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സീറ്റ് വിഭജനം നടത്തിയെന്ന് ആരോപിച്ചാണ് മണ്ഡലം പ്രസിഡന്റ് വിട്ടുനില്ക്കുന്നത്. പ്രസിഡന്റ് താമസിക്കുന്ന വാര്‍ഡ് മുസ്ലീംലീഗിന് വിട്ട്‌കൊടുത്തതും ഇഷ്ടക്കേടിന് ഇടയായിട്ടുണ്ട്. ജില്ലാ ഡിവിഷനിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. താലൂക്കിലെ പൂവച്ചല്‍ ഡിവിഷന്‍ എം.ആര്‍ ബൈജുവിന് നീക്കിവച്ചിരുന്ന സീറ്റാണ്. കഴിഞ്ഞ തവണ ബൈജു പ്രതിനിധാനം ചെയ്ത പള്ളിച്ചല്‍ ഡിവിഷന്‍ വനിതാ സംവരണ സീറ്റായതിനാലായിരുന്നു ഇത്. പകരം പള്ളിച്ചല്‍ പൂവച്ചലില്‍ നിന്നു വിജയിച്ച നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസലിനു നല്‍കാനായിരുന്നു ധാരണ. എന്നാല്‍ ധാരണകളെല്ലാം തെറ്റിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇന്നലെ ആദ്യ പട്ടിക പുറത്തിറക്കിയത്. പൂവച്ചല്‍ ജനറല്‍ സീറ്റായിട്ടു കൂടി അന്‍സജിതയ്ക്ക് നല്‍കുകയായിരുന്നു. പള്ളിച്ചല്‍ ഡിവിഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബാബുകുമാറിന്റെ സഹോദരിയും മുന്‍ വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റുമായ ശോഭനകുമാരിക്ക് ഉറപ്പിച്ചു. കോണ്‍ഗ്രസ് നേതൃപദവിയിലുള്ളവരുടെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും സീറ്റ് വീതിച്ചു നല്‍കിയതില്‍ ഒരു വിഭാഗം അസംതൃപ്തി അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഈ അസംതൃപ്തി വലിയൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നെടുമങ്ങാട് ഘടകകഷികള്‍ ചോദിച്ച സീറ്റെല്ലാം സിപിഎം വിട്ടു നല്കി. എന്നാല്‍ കോണ്‍ഗ്രസ്സ് ഇപ്പോഴും സീറ്റ് ചര്‍ച്ചയില്‍ തമ്മലടി തുടരുകയാണ്.