ഓട നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍

Monday 12 October 2015 11:09 pm IST

തിരുവനന്തപുരം: നഗരസഭയുടെ ഓടനിര്‍മ്മാണംമൂലം കോളനിവാസികള്‍ ദുരിതത്തില്‍. മുട്ടത്തറ ശിവജി കോളനിയിലെ ജനങ്ങളാണ് ഓടയിലെ മലിനജലത്തില്‍ കൊതുകിന്റെ വളര്‍ച്ച കാരണം പ്രതിസന്ധി നേരിടുന്നത്. മഴക്കാലത്തുള്ള വെള്ളക്കെട്ടിനെ തുടര്‍ന്നാണ് വാര്‍ഡിന്റെ വികസനമെന്നോണം കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവിടെ ഓട നിര്‍മ്മാണം നടത്തിയത്. വെള്ളം ഒഴുകിപ്പോകുന്നതിന് മറ്റ് ഓടകളുമായി ബന്ധപ്പെടുത്താതെ കെട്ടിനിന്ന് വറ്റുന്നതരത്തില്‍ ഇടയ്ക്കിടെ കിണറുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു ഓടയുടെ പണി പൂര്‍ത്തീകരിച്ചത്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഓട നിര്‍മ്മാണത്തില്‍ അനുമതി നല്‍കിയത്. എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടതോടെ സമീപത്തെ വീടുകളിലെ ഡ്രെയിനേജു നിറഞ്ഞ് ഓട കൊതുകുകളുടെ വിഹാര കേന്ദ്രമായി മാറുകയായിരുന്നു. പുത്തന്‍പള്ളി വാര്‍ഡില്‍ ഇത്തരത്തിലുള്ള ഓടമൂലം ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധം ഉന്നയിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലറുള്‍പ്പെടുന്ന ഇടതുപക്ഷക്കാരാരും ഇതു മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായില്ല. ഇന്ന് ഇവിടുത്തെ ജനങ്ങള്‍ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണ്. ഇത്തരത്തില്‍ നിരവധി ക്രമക്കേടുകളുടെ വികസന പരമ്പരയാണ് മുട്ടത്തറ വാര്‍ഡില്‍ അരങ്ങേറിയിരിക്കുന്നത്. പെരുന്നെല്ലി ജംഗ്ഷനില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള പാര്‍വതി പുത്തനാറിന്റെ തീരം കയ്യേറിയാണ് നഗരസഭ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മിക്കാനും മാതൃകാ ട്യൂഷന്‍ സെന്ററിന് സ്ഥലം സൗജന്യമായി അനുവദിച്ചുകൊടുക്കാനും ശ്രമിച്ചത്. ലക്ഷങ്ങളാണ് ഇവിടെ ചെലവിട്ടതായി പറയുന്നത്. കടകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പകരം പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച കെട്ടിടം തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഉദ്ഘാടനം നടത്തി കയ്യൊഴിഞ്ഞ സ്ഥിതിയാണ്.