പാര്‍ട്ടിയും കൗണ്‍സിലറും തമ്മില്‍ ശീതസമരം; വലിയവിള വാര്‍ഡില്‍ വികസനം വഴിമുട്ടി

Monday 12 October 2015 11:14 pm IST

വലിയവിള: പാര്‍ട്ടിയും കൗണ്‍സിലറും തമ്മില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടര്‍ന്നുവന്ന ശീതസമരം മൂലം വലിയവിള വാര്‍ഡില്‍ വികസനം വഴിമുട്ടി. എടുത്തുപറയാവുന്ന ഒരു വികസന പദ്ധതിയും വലിയവിളയില്‍ നടപ്പിലാക്കാന്‍ സിപിഎം പ്രതിനിധിയായ കൗണ്‍സിലര്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ മൂന്നുതവണയായി സിപിഎം പ്രതിനിധിയാണ് വലിയവിള വാര്‍ഡില്‍ ഭരണം കയ്യാളുന്നത്. വലിയവിള വാര്‍ഡിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. ദേവിനഗര്‍, നല്ലിയൂര്‍ക്കോണം, പുലിയനംപുറം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളില്‍ കാല്‍നടയാത്രപോലും ദുസ്സഹമായി. വലിയവിളയില്‍ നിന്ന് ശാസ്തമംഗലം വഴി നഗരത്തിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടെ വല്ലപ്പോഴും വന്നുപോകുന്ന സ്വകാര്യബസുകളെയാണ് ജനം ആശ്രയിക്കുന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇടതുപക്ഷം പ്രചാരണ തന്ത്രമാക്കുന്ന വലിയവിളയില്‍ നിന്ന് ശാസ്തമംഗലം വഴിയുള്ള യാത്രാക്ലേശം പരിഹരിക്കല്‍ എങ്ങുമെത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വലിയവിള വാര്‍ഡില്‍ ആകെയുള്ള മുത്തശ്ശി സ്‌കൂളാണ് സര്‍ക്കാര്‍ യുപി സ്‌കൂള്‍. നിരവധി വികസനപദ്ധതികളാണ് ഈ സ്‌കൂളിനുവേണ്ടി പ്രഖ്യാപിക്കുന്നതെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെ കാര്യമായി ഒന്നും ചെയ്യാന്‍ കൗണ്‍സിലര്‍ക്ക് കഴിഞ്ഞില്ല. തലമുറകള്‍ക്ക് അക്ഷരമധുരം പകര്‍ന്ന ഈ സരസ്വതി ക്ഷേത്രത്തെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നത് നാട്ടുകാരുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. ഇതിനായി വാര്‍ഡ് കൗണ്‍സിലര്‍ക്ക് പലതവണ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. റോഡുകളുടെ വശങ്ങളില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന ഓടകള്‍ നവീകരിക്കുവാന്‍ തയ്യാറായില്ല. ഇതുമൂലം മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ശക്തമായ മഴയില്‍ ദേവിനഗര്‍, മൈത്രിനഗര്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളാണ് ഈ മേഖലയില്‍ വെള്ളപ്പൊക്കം മൂലം തകര്‍ന്നത്. തകര്‍ന്നുവീണ വീടുകളുടെ കണക്കെടുപ്പില്‍ നടപടി ഒതുങ്ങിയതല്ലാതെ വെള്ളപ്പൊക്ക നിവാരണത്തിന് ഓടകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. നഗരസഭയുടെ അതിര്‍ത്തി പ്രദേശത്തു കിടക്കുന്ന വലിയവിള വാര്‍ഡ് വികസനം എത്തിനോക്കാത്ത പ്രദേശമായി അധഃപതിച്ചിരിക്കുന്നു. തെരുവ് വിളക്കുകള്‍ കത്താത്ത, സഞ്ചാരയോഗ്യമായ റോഡുകളില്ലാത്ത, മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത വാര്‍ഡാണിത്. ജനങ്ങള്‍ക്ക് അറിവിന്റെ, വായനയുടെ മധുരം പകരാന്‍ മണ്‍മറഞ്ഞ അക്ഷര സ്‌നേഹികള്‍ സ്ഥാപിച്ച വലിയവിളയിലെ ഗ്രാമ വിലാസ ഗ്രന്ഥശാല ഇന്ന് സിപിഎം പാര്‍ട്ടി ഓഫീസായി മാറ്റപ്പെട്ടിരിക്കുന്നു. ഇവിടെ തെരഞ്ഞെടുപ്പോ അംഗത്വം നല്‍കലോ ഇല്ല. പൂര്‍ണ്ണമായും പാര്‍ട്ടി നിയന്ത്രണത്തില്‍ തകര്‍ച്ച നേരിടുകയാണ് ഗ്രന്ഥശാല. ഇടതു ഭരണത്തില്‍ വീര്‍പ്പുമുട്ടുകയാണ് വലിയവിള വാര്‍ഡും ഈ ഗ്രന്ഥശാലയും.