ആട് ആന്റണി പിടിയില്‍

Wednesday 14 October 2015 12:02 am IST

പാലക്കാട്: കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്നതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി ആട് ആന്റണി പോലീസ് പിടിയിലായി. ചിറ്റൂരിന് സമീപം തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ഗോപാലപുരത്തെ ഭാര്യാവീട്ടില്‍ വച്ച് ഇന്നലെ രാവിലെ എട്ടോടെയാണ് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി: എം.എല്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്റണിയെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ പാലക്കാട്ടെ രണ്ട് സ്ത്രീകളുടെ വീടുകളില്‍ പതിവായി എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വലവിരിച്ച പോലീസ് ദിവസങ്ങളോളം നിരീക്ഷിച്ചു. ഗോപാലപുരം ചെക്‌പോസ്റ്റിനു സമീപമുള്ള ഭാര്യാവീട്ടിലെത്തിയ ആന്റണിയെ രാവിലെ എട്ടോടെയാണ് ജില്ലാ ക്രൈം സ്‌ക്വാഡും സ്‌പെഷ്യല്‍ബ്രാഞ്ചും ചേര്‍ന്ന് പിടികൂടിയത്. പാലക്കാട്ടെ മറ്റൊരു ഭാര്യയിലുളള മകനെ കാണാനെത്തിയതായിരുന്നു ആന്റണി. കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം 200 ഓളം കേസുകളിലെ പ്രതിയാണ്. കേരള തമിഴ്‌നാട് അതിര്‍ത്തിഗ്രാമങ്ങളില്‍ വിവിധ വേഷങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ആന്റണിയെന്ന് പോലീസ് പറഞ്ഞു. സതീഷ് കുമാര്‍, രാജേഷ്, ശ്രീനിവാസന്‍ തുടങ്ങി പല പേരുകളിലാണ് ഇയാള്‍ ആളുകളെ പരിചയപ്പെടുന്നത്. പല സ്ഥലങ്ങളില്‍ നിന്നായി ഇരുപതിലേറെ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്ത ശേഷം ആന്റണിയെ കൊല്ലം സിറ്റി പോലീസിന് കൈമാറി. പോലീസ് സേനയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് അന്വേഷണസംഘം കൈവരിച്ചതെന്ന് ഡിജിപി: ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ആട് ആന്റണി ഗോപാലപുരത്ത് എത്താറുണ്ടെന്ന് വിവരം ലഭിച്ച പോലീസ് കഴിഞ്ഞ ഒരുമാസമായി ഇയാളുടെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചതിനാല്‍ മുടി പറ്റേവെട്ടി രൂപത്തില്‍ മാറ്റംവരുത്തിയിരുന്ന ആന്റണിയെ തിരിച്ചറിയാന്‍ എളുപ്പമായിരുന്നില്ല. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണസംഘം ഭാര്യ ബിന്ദുവുമായി സൗഹൃദമുണ്ടാക്കിയാണ് ആട് ആന്റണി തന്നെയാണോ എന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് ഒരുസംഘം  ധാരാപുരത്തും മറ്റൊരു സംഘം ഗോപാലപുരത്തും ഇയാളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇടവിട്ടുള്ള ദിവസങ്ങളില്‍മാത്രമാണ് ഗോപാലപുരത്തെ വീട്ടില്‍ എത്തിയിരുന്നതെന്ന്് മനസ്സിലാക്കി തിങ്കളാഴ്ച ഒരു വനിതാപോലീസ് ബിന്ദുവിന്റെ സുഹൃത്തെന്ന നിലയില്‍ വീട്ടില്‍ താമസിച്ചു. മറ്റ് പോലീസുകാര്‍ പുറത്തും നിലയുറപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഗോപാലപുരത്ത് എത്തിയ ഇയാളെ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയും ചെയ്തു.