കാവനൂര്‍ പഞ്ചായത്തില്‍ ബിജെപിക്ക് മേല്‍ക്കൈ

Tuesday 13 October 2015 12:55 pm IST

കാവനൂര്‍: പഞ്ചായത്തില്‍ എല്ലാ മുന്നണികളെയും പിന്നിലാക്കി കൊണ്ട് ബിജെപിക്ക് മുന്നേറുകയാണ്. ജനദ്രോഹം മാത്രം കൈമുതലാക്കിയ ഇരുമുന്നണികളെയും ജനം കൈവിടുമെന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയുടെ വളര്‍ച്ചയില്‍ പരിഭ്രാന്തരായ ഇരുമുന്നണികളും പല വാര്‍ഡുകളിലും സംയുക്തമായാണ് മത്സരിക്കുന്നത്. നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്. ആകെ 19 സീറ്റുകളാണ് പഞ്ചായത്തിലുള്ളത് അതില്‍ 11 സീറ്റ് യുഡിഎഫിനും ബാക്കിയുള്ള എട്ട് സീറ്റ് എല്‍ഡിഎഫിനുമാണ്. പഞ്ചായത്ത് ഭരണസമിതിയുടെ ദുര്‍ഭരണത്തില്‍ പ്രതികരിച്ചില്ലെന്ന് മാത്രമല്ല, അവരെ പ്രോത്സാഹിപ്പിക്കുകയാണ് ഇടത് മുന്നണി ചെയ്തത്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ യുഡിഎഫിന് ആയില്ലായെന്നതാണ് സത്യം. പഞ്ചായത്തിന്റെ വീട് അനുവദിച്ചതിലും പോരായ്മകളുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അര്‍ഹരായവര്‍ക്ക് ഈ പദ്ധതിയുടെ ഒരു ഗുണവും കിട്ടിയിട്ടില്ല. പാറേചാല്‍ കണ്ണാടിപറമ്പ് കോളനിയിലെ കുടിവെള്ള ക്ഷാമം വലിയൊരു പ്രശ്‌നമായി നിലനില്‍ക്കുന്നു. നാട്ടുകാരും സംഘടനകളും നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ട് പോലുമില്ല. മുഴിപ്പാടം-പാലാനാട് റോഡിന്റെ ശോചനീയവസ്ഥയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജനവാസ കേന്ദ്രത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നെങ്കിലും അതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ ഹിന്ദുഐക്യവേദി പോലുള്ള സംഘടനകള്‍ വിഷയം ഏറ്റെടുക്കുകയും ജനകീയ പ്രക്ഷോഭത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തതോടെ താല്‍ക്കാലികമായി ആ ശ്രമം നിര്‍ത്തിവെച്ചിരിക്കുകയാണ്. അധികാരത്തിന്റെ സുഖലോലുപതയില്‍ ജനസേവനം മറന്നുപോകുകയായിരുന്നു അധികൃതര്‍. അതിന് ഈ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.