ഗുജറാത്ത് കലാപം: സഞ്ജീവ് ഭട്ടിനെതിരെ സുപ്രീംകോടതി

Tuesday 13 October 2015 11:42 pm IST

സഞ്ജീവ് ഭട്ട്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പ്രതിചേര്‍ക്കണമെന്ന മുന്‍ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഗുജറാത്ത് അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇമെയില്‍ അക്കൗണ്ട് ചോര്‍ത്തിയ സംഭവത്തില്‍ സഞ്ജീവ് ഭട്ടിനെതിരെ നടപടി എടുക്കാമെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. യാതൊരു യോഗ്യതകളുമില്ലാത്ത ആവശ്യങ്ങളാണ് ഭട്ട് ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

അമിത് ഷാ, എസ് ഗുരുമൂര്‍ത്തി എന്നിവരെ ഗുജറാത്ത് കലാപക്കേസുകളില്‍ പ്രതിയാക്കണമെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ ആവശ്യം. അമിത്ഷായും ഗുരുമൂര്‍ത്തിയുമായിരുന്നു വിചാരണക്കോടതിയിലും സുപ്രീംകോടതിയിലും നീതിനടപ്പാകുന്നതിന് തടസ്സമായി നിന്നതെന്നും ഭട്ട് ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം സുപ്രീംകോടതി തള്ളിക്കളഞ്ഞു.

സഞ്ജീവ് ഭട്ടിനെതിരായ രണ്ടു കേസുകളിലെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ഭട്ടിന്റെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാര്‍ മേത്തയുടെ മെയിലുകള്‍ ചോര്‍ത്തിയ കേസും കീഴുദ്യോഗസ്ഥനെ നിര്‍ബന്ധിച്ച് മൊഴിമാറ്റിച്ചു എന്ന കേസുമാണ് സഞ്ജീവ് ഭട്ടിനെതിരെ നിലവിലുള്ളത്.

2011ല്‍ സഞ്ജീവ് ഭട്ട് ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കലാപം തടയാനുള്ള തന്റെ ശ്രമങ്ങളെ മോദി സര്‍ക്കാര്‍ എതിര്‍ത്തെന്നായിരുന്നു ആരോപണം. കലാപക്കാലത്ത് മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കലാപം നിയന്ത്രിക്കേണ്ടതില്ലെന്ന തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന കള്ള സത്യവാങ്മൂലം  ഭട്ട് കോടതിയില്‍ നല്‍കിയിരുന്നു. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് സഞ്ജീവ് ഭട്ട് നടത്തിയ കള്ള സത്യവാങ്മൂലത്തിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതോടെ ഭട്ടിന് ജോലി നഷ്ടമായി.

സുപ്രീംകോടതിയും ഭട്ടിന്റെ ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞതോടെ പ്രതിസന്ധിയിലാണ് സഞ്ജീവ് ഭട്ട്. ഭട്ടിന്റെ ആവശ്യങ്ങള്‍ക്ക് യാതൊരു വിധ പരിഗണനകളും അര്‍ഹിക്കുന്നതല്ലെന്നും കോടതി ഇന്നലെ വ്യക്തമാക്കി.

സുപ്രീംകോടതി നിയോഗിച്ച മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍കെ രാഘവന്‍ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘം മോദി സര്‍ക്കാരിന് കലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട്, ടീസ്ത സെതല്‍വാദ് എന്നിവരുടെ കാപട്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം തുടരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.