ജന്മസുകൃതം കൈകളിലേന്തിയവര്‍

Tuesday 13 October 2015 7:38 pm IST

ജന്മം പുണ്യമാണ്, ജനനം പുണ്യകര്‍മ്മവും. ഒരു പിറവിയില്‍ ഉയിരെടുക്കുന്നത് മൂന്ന് ജന്മങ്ങളാണ്; മാതാവ്, പിതാവ്, പുത്രന്‍ അല്ലെങ്കില്‍ പു്രതി. അതുകൊണ്ടു തന്നെ ഓരോ ജനനവും ആഘോഷങ്ങളാണ് അന്നും ഇന്നും എന്നും. കാലം മാറിയതോടെ നമുക്കുചുറ്റും സൗകര്യങ്ങളുടെയും എളുപ്പവിദ്യകള്‍ നിറഞ്ഞു. ശാസ്ത്രവും കണ്ടുപിടുത്തങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ന് എല്ലാകാര്യങ്ങള്‍ക്കും സുഖവും സൗകര്യങ്ങളും തേടിപ്പോകുന്നു, സമൂഹം. പ്രസവം ഉള്‍പ്പെടെയുള്ള കാര്യങ്ങളടക്കം സുഖവും സൗകര്യവും നോക്കിയാണ് ചെയ്യുന്നത്. പ്രസവവേദന അറിയാതിരിക്കാനുള്ള മരുന്നുകളും നല്ലദിവസം നോക്കി ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കലും ഫാഷനായി മാറി. അങ്ങനെ ജനനത്തിന്റെ ആഘോഷ രൂപത്തില്‍ മാറ്റമുണ്ടായി. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ പഴമയില്‍ നിന്ന് പറഞ്ഞുകേട്ടൊരു കഥയുണ്ട്. കഥയല്ല അനുഭവങ്ങളുടെ മടിശ്ശീലയില്‍ നിന്നുള്ള കിലുക്കം. കവലകള്‍ തോറും ആശുപത്രികളും നാടുനീളെ ഡോക്ടര്‍മാരും ഉണ്ടാകുന്നതിനു മുമ്പ് ജനന പ്രക്രിയയുടെ കാര്‍മികത്വം വഹിച്ചിരുന്ന വയറ്റാട്ടികളെന്ന മാലാഖമാരെക്കുറിച്ച്. പ്രസവമെടുക്കാനും പ്രസവാനന്തര ശുശ്രൂഷ ചെയ്യാനും ദൈവനിയോഗം പോലെ ഗ്രാമങ്ങളിലുണ്ടായിരുന്ന വയറ്റാട്ടികളെന്നറിയപ്പെട്ടിരുന്ന സ്ത്രീകള്‍. വര്‍ഗചിന്തയുടെയോ ജാതിഭേദത്തിന്റെയോ മതില്‍ക്കെട്ടുകളില്ലാത്ത കര്‍മ്മമായിരുന്നു വയറ്റാട്ടികളുടേത്. താഴ്ന്ന സമുദായക്കാരുടെയും ഉന്നതരുടെയും പ്രസവമെടുത്തിരുന്നത് വയറ്റാട്ടികളായിരുന്നു. സാധാരണ മനുഷ്യന് ചിന്തിക്കാന്‍പോലുമാകാത്ത ഉയരത്തിലേക്ക് വൈദ്യശാസ്ത്രം വളര്‍ന്നു. പുതിയ തലമുറ അതിന്റെ സൗഭാഗ്യങ്ങള്‍ അനുഭവിച്ച് സുഖകരമായ പ്രസവത്തിനായി എല്ലാ സൗകര്യങ്ങളേയും പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഒരു തലമുറ സങ്കീര്‍ണമായ ഈ പ്രതിസന്ധികളെ തരണം ചെയ്തത് എങ്ങനെയായിരുന്നുവെന്നത് തികച്ചും  അത്ഭുതകരമാണ്. വയറ്റാട്ടികളുടെ സേവനം വേണ്ടാതായതോടൈ വിസ്മൃതിയിലാണ്ടത് ഒരു സംസ്‌കൃതിയുടെ ഒട്ടേറെ പഴയ പാഠങ്ങളാണ്. വാഹനങ്ങളും വൈദ്യുതി വിളക്കുകളും വിരുന്നെത്തിയിട്ടില്ലാത്ത ഒരുകാലം. ആശുപത്രികളും ഡോക്ടര്‍മാരും പേരിനു മാത്രം ഉള്ള ഗ്രാമങ്ങള്‍. പ്രസവവും പ്രസവാനന്തര ശുശ്രൂഷകളും ചെയ്തിരുന്നത് വയറ്റാട്ടികള്‍ എന്നറിയപ്പെടുന്ന പേറ്റിച്ചികളായിരുന്നു.  ഓരോ ഗ്രാമത്തിനും സ്വന്തമായി വയറ്റാട്ടികളുണ്ടാകുമെന്ന് പഴമക്കാര്‍ പറയുന്നു. ദൈവനിയോഗമായാണ് തങ്ങളുടെ കര്‍ത്തവ്യത്തെ അവര്‍ കാണുന്നത്. ഒരിക്കലും ആരോടും വരില്ല എന്നോ പറ്റില്ല എന്നോ പറയാത്തവര്‍. പെണ്ണിന് പേറ്റുനോവിന്റെ ലക്ഷണങ്ങള്‍ തുടങ്ങും മുമ്പേ ബന്ധുക്കള്‍ വയറ്റാട്ടികളെ വിളിക്കാനാളെ വിടും.  ഇടിയും മഴയുമുള്ള നട്ടപ്പാതിരക്കാവും പലരും കടന്ന് വരിക. എപ്പോഴും എവിടേക്കും പോകാന്‍ തയ്യാറായി നിന്നുകൊള്ളണം.  പാടവരമ്പുകളിലൂടെയും കാട്ടുവഴികളിലൂടെയും ഓലച്ചൂട്ടുകളും പിടിച്ച് ഓട്ടമായിരിക്കും. ഏമാന്‍മാരുടെ വീടുകളിലാണെങ്കില്‍ കമ്പ്രാന്തലുകളോ കാളവണ്ടികളോ ഉണ്ടാവും.  വീട്ടില്‍ നിന്നും ആണുങ്ങളാരെങ്കിലും കൂടെപ്പോകും. മനസ്സില്‍ ദൈവത്തെയും വിളിച്ചായിരിക്കും അവരുടെ ഓട്ടം. തള്ളക്കും കുഞ്ഞിനും ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയായിരിക്കും മനസ്സില്‍. രണ്ടു ജീവനുകള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്നു പിടയുമ്പോള്‍ ദൈവ നിയോഗംപോലെയാണവിടെ വയറ്റാട്ടികള്‍എത്തുന്നത്. കുലത്തൊഴില്‍ മാത്രമായിരുന്നില്ല അവര്‍ക്കത്. ഒരു സുകൃതം ചെയ്യലായിരുന്നു. മുറുമുറുപ്പ് പറഞ്ഞ് പിന്തിരിഞ്ഞ് നടക്കാന്‍ കഴിയാറില്ല. കാരണം  വറുതിയുടെ കാലമാണ.് പട്ടിണിയും പരിവട്ടവും വിരുന്നുണ്ടുപോയിരുന്ന പതിവുദിനങ്ങള്‍. ചെറിയകുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യം തളര്‍ത്തിയ കാരണവരുടെയടക്കം വയര്‍ നിറക്കണം. വീടുകളിലെ വയറുകള്‍ പുലരണമെങ്കില്‍ ഈ വരുമാനവും മുഖ്യഘടകമായിരുന്നു . മൂന്നിടങ്ങഴി നെല്ല്. മൂന്നാഴി അരി അതായിരുന്നു പ്രസവമെടുത്താല്‍ കിട്ടിയിരുന്ന കൂലി. ആദ്യത്തെ പ്രസവമാണെങ്കില്‍ തുണിയും കുപ്പായവും കിട്ടും.  സമ്പന്നവീടുകളാണെങ്കില്‍ നാല്‍പതു ദിവസവും പെണ്ണിനേയും കുട്ടിയേയും കുളിപ്പിക്കണം. മുസ്ലീംങ്ങളുടെ വീടാണെങ്കില്‍ പ്രസവം കഴിഞ്ഞാല്‍ പതിനാലിന്റെ അന്ന് കുട്ടിയുടെ  മുടികളയുന്ന ദിവസം ബലിദാനമുണ്ടാകും. അതിന് കഴിവില്ലാത്തവര്‍ മൂന്നിടങ്ങഴി നെല്ലും മുന്നാഴി അരിയും 300 ഗ്രാം എണ്ണയും നല്‍കണം. നാല്‍പ്പതിന്റെ അന്ന് മുതലാളിമാരുടെ വീടുകളില്‍ നിന്ന് പണവും കൊടുക്കും. എന്നാല്‍ നാട്ടുനടപ്പുകള്‍ പലപ്പോഴും തെറ്റിപ്പോകും.   ഇല്ലായ്മകളോടും വല്ലായ്മകളോടും കലഹിക്കാറില്ല. ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് പ്രസവം. വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും പ്രസവത്തോടുള്ള ഭയം പൂര്‍ണമായും മാറിയിട്ടില്ല. ചില അടിയന്തര സാഹചര്യങ്ങളില്‍ കുഞ്ഞിന്റേയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടാവാം. ആ ഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയാതെയും പോയിട്ടുണ്ട്.  ഓരോ പേറ്റുനോവും പാതിമരണത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അവരുടെ വേദന ലഘൂകരിക്കാനും പ്രസവം വേഗത്തിലാക്കാനും എത്തുന്ന പേറ്റിച്ചികളും പ്രാര്‍ത്ഥനകളോടെയാണ് വീടിറങ്ങുന്നത്. ഏതു പ്രതിസന്ധിയേയും തരണം ചെയ്യേണ്ടി വന്നേക്കാം. ആപത്തൊന്നും സംഭവിക്കരുതേ എന്നുമാത്രമാണ് പ്രാര്‍ഥന. എത്ര പ്രസവമെടുത്തിട്ടുണ്ടെങ്കിലും പുതിയ ആളുകള്‍ പടിപ്പുര കയറിവരുമ്പോഴും വയറ്റാട്ടിയുടെ മനസും പിടക്കാന്‍ തുടങ്ങും. പ്രസവം ശുഭകരമായി പര്യവസാനിക്കുമ്പോള്‍ മാത്രമേ നെഞ്ചിലെ തീ അണയുന്നുള്ളൂ. എന്നാല്‍ മനസ്സ് പതറിക്കൂടാ.ആത്മധൈര്യം കൈവിടാനും പാടില്ല. ചിലപ്പോള്‍ അത്യാസന്ന നിലയില്‍ കുഞ്ഞിനെ വലിച്ചൂരിയെടുക്കേണ്ടിവരും. ഈ സമയത്ത് കഴുത്ത് കുടുങ്ങിപ്പോകുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുക. ആപത്തുഘട്ടങ്ങളില്‍ ആരും കുറ്റപ്പെടുത്തുകയോ കുറ്റവാളികളാക്കുകയോ ചെയ്തിട്ടില്ല. അവരെകൊണ്ട് അത്രയേ ചെയ്യാനാവൂ എന്നായിരുന്നു ആളുകള്‍ പറയുക. പ്രസവം കഴിഞ്ഞാല്‍ പിന്നെ പ്രസവാനന്തര ശുശ്രൂഷകളാണ്. ഒരുമാസത്തിലധികം ഇവയുണ്ടാവും. ഇന്ന് ഡോക്ടര്‍മാര്‍പോലും പറയുന്നത് ഗര്‍ഭിണികളോട് ദേഹം അനങ്ങരുതെന്നാണ്. പഴയകാലത്തെ ഗര്‍ഭിണികള്‍ ദേഹമനങ്ങി പണിയെടുക്കുമായിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണനയോ പരിചരണമോ ലഭിച്ചിരുന്നില്ല. പ്രത്യേക ഭക്ഷണമില്ല. പത്തുമാസം തികയുംവരെ പലരും നെല്ലുകുത്തുകയും കൊയ്യുകയും, വെള്ളം കോരുകയുമൊക്കെ ചെയ്തിരുന്നു. പ്രസവിച്ചാല്‍ നാല്‍പത് ദിവസം മാത്രമേ വിശ്രമമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ചിലര്‍ അപ്പോഴും വീട്ടുജോലികളൊക്കെ ചെയ്യും. ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക് കാരണമാകും. 19 മുതല്‍ 25 വയസ്സുവരെയാണ് ആദ്യ പ്രസവത്തിന് പറ്റിയ പ്രായമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് 17 വയസാകുമ്പോഴേക്കും വിവാഹിതയായി കുഞ്ഞുജനിച്ചിട്ടുണ്ടാവും. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ വിധിക്കുമ്പോള്‍ ഈ പഴമക്കാര്‍ അതിന് മാര്‍ക്കിടില്ല. ഇന്നത്തെപ്പോലെയുള്ള സൗകര്യങ്ങള്‍പോയിട്ട് ഒരു ഡോക്ടറെ കാണാന്‍പോലും പറ്റിയിരുന്നില്ല.  ഓരോന്നിനും അനുഭവത്തിന്റെ പാഠപുസ്തകങ്ങളില്‍ നിന്നും അവര്‍ക്ക് പലതും പറയാനുണ്ട്. പഴമക്കാരായ വയറ്റാട്ടികളും കാരണവത്തികള്‍ക്കുമുണ്ടായിരുന്നു ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കൈമാറാന്‍. പഴയ കാലത്ത് ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കാന്‍പോലും ആശുപത്രിയിലേക്ക് പോയിരുന്നില്ല.   പ്രസവിച്ചു മൂന്നാലു ദിവസം കഴിഞ്ഞുണ്ടാകുന്ന പനിയെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ അതിനുശേഷം ഉണ്ടാകുന്ന പനിയെ പേടിക്കണമെന്നാണ് പഴമക്കാര്‍ പറയുന്നത്. അണുബാധ മൂലമായിരുന്നു ഈ പനിയുടെ വരവ്.   പഴയ കാലംതന്നെയായിരുന്നു ജീവിതത്തിന്റെ സുകൃതം-പഴമക്കാര്‍ പറയുന്നു. ഏത് അസുഖത്തിനും ആശുപത്രിയിലേക്കോടുകയും, പലമരുന്നുകളും കഴിച്ച് സ്വയം അസുഖം വരുത്തിവയ്ക്കുന്ന സമൂഹമാണ് ഇന്നുള്ളത്. കണിയാരെക്കൊണ്ട് നല്ലദിവസം നോക്കി സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്നത് ഒരു ഫാഷനായും ഇന്ന് മാറിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.