ഭാരതത്തിന്റെ സ്വന്തം ആനിബസന്റ്

Tuesday 13 October 2015 7:51 pm IST

'ഭാരതത്തിന് പണ്ടുണ്ടായിരുന്ന സാംസ്‌കാരിക പാരമ്പര്യവും സ്വാതന്ത്ര്യവും വീണ്ടെടുത്ത് കൊടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു 1893ല്‍ ഈ രാജ്യത്ത് വന്ന് സ്വന്തം നാടാക്കി മാറ്റുമ്പോള്‍ എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം'- ഈ വാക്കുകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റും തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന ആനിബസന്റിന്റെതാണ്. ബ്രിട്ടീഷ് ഭരണകാലത്തെ ഭാരതീയരുടെ പല പ്രശ്‌നങ്ങളിലും ഇടപെടുന്നതിനും ലഘൂകരിക്കുന്നതിനും തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച മഹദ് വനിതയായിരുന്നു ആനി ബസന്റ്. സ്ത്രീ സമത്വത്തിനും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ഇടപെടുന്നതോടൊപ്പം ഹോംറൂള്‍ പ്രസ്ഥാനത്തിന് വളരെ സഹായസഹകരണങ്ങള്‍ ചെയ്ത ധീരവനിതയായിരുന്നു അവര്‍. ഈ മഹതി ഒരു നല്ല പ്രാസംഗികയും എഴുത്തുകാരിയും കൂടിയായിരുന്നു. ''ഭാരതീയരെ ഗാഢനിദ്രയില്‍ നിന്ന്  ഉണര്‍ത്തിയ വനിത'' എന്ന് മഹാത്മജി അവരെ വിശേഷിപ്പിച്ചു. ഒക്‌ടോബര്‍ ഒന്നിന് ആനിബസന്റിന്റെ ജന്മദിനമായിരുന്നു. ഗൂഗിള്‍ ഡൂഡില്‍ ഈ മഹതിയുടെ ചിത്രത്തോടൊപ്പം അവര്‍ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ''ന്യൂ ഇന്ത്യ'' എന്ന  പത്രത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചുകൊണ്ട് അവരുടെ സ്മരണ പുതുക്കി. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ബ്രിട്ടീഷുകാരുടെ നിന്ദ്യവും നീചവുമായ ഭരണമാണ് മനസ്സിലെത്തുക. ജനറല്‍ ഡയറിനെപ്പോലെ ഭാരതീയരെ കൂട്ടക്കുരുതി ചെയ്തവരും മാനസിക-ശാരീരിക പീഡനങ്ങളേല്‍പ്പിച്ചിരുന്നവരും അവര്‍ക്കിടയില്‍ നിരവധിയുണ്ടായിരുന്നെങ്കിലും ചുരുക്കം ചില വിദേശികള്‍ ഈ നാട്ടിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി  ജീവിതം ഉഴിഞ്ഞുവച്ചു. നമുക്ക് പകരംവയ്ക്കാനൊന്നുമില്ലാതിരുന്നിട്ടും നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാം അര്‍പ്പിച്ചവരിലൊരാളായിരുന്നു ആനിബസന്റ്. നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും ധര്‍മ്മബോധത്തെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുന്നതിനായി അവര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. ചെന്നൈയിലെ കടല്‍ത്തീരത്തുവച്ച് അവര്‍ കണ്ടെടുത്ത ബാലനായിരുന്നു പില്‍ക്കാലത്ത് ലോകം ആദരിക്കുന്ന തത്വചിന്തകനായ ജിദ്ദുകൃഷ്ണമൂര്‍ത്തി. അഡയാറിലെ തിയോസഫിക്കല്‍ സൊസൈറ്റിയോട് ചേര്‍ന്ന സ്ഥലം ആനിബസന്റിന്റെ പേരില്‍ ''ബസന്റ് നഗര്‍'' എന്നറിയപ്പെടുന്നു. അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും പ്രതീകമായ ആനിബസന്റിന്റെ സ്മരണ ഓരോ വനിതയ്ക്കും പ്രചോദനമാകേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.