ഇന്ദ്രജിത്തും രാമനും നേര്‍ക്കുനേര്‍

Tuesday 13 October 2015 8:34 pm IST

മകരാക്ഷന്‍ തീജ്വാലകള്‍ക്കു സമാനമായ ശരങ്ങളയച്ചുകൊണ്ട് വാനരന്മാരെ എതിരിട്ടു. അവര്‍ ഭയന്ന് രാമസമീപം അഭയംതേടി. ഇതുകണ്ട് രാമന്‍ വില്ലുമായി മകരാക്ഷനെ നേരിട്ടു. രാമന്‍ ശരമാരി തുടങ്ങി. മകരാക്ഷനും ഒപ്പത്തിനൊപ്പം പൊരുതി നിന്നെങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ ഖരാത്മജന്‍ തളര്‍ന്നുപോയി. ആ സമയത്ത് രഘുവരന്‍ അവന്റെ കൊടിയും, കുടയും കൈയിലിരുന്ന വില്ലും തേരും തകര്‍ത്ത് സാരഥിയേയും വധിച്ചു. മകരാക്ഷന്‍ ശൂലവുമായി രാമനെ നേരിട്ടു. അദ്ദേഹം പാവകാസ്ത്രം കൊണ്ട് മകരാക്ഷന്റെ കഴുത്തറുത്തു. മകരാക്ഷന്റെ മരണം രാക്ഷസസേനക്ക് കനത്ത ആഘാതമേല്പിച്ചു. തങ്ങള്‍ക്കേറ്റ ആഘാതത്തെപ്പറ്റി ഇന്ദ്രജിത്ത് പിതാവിനെ അറിയിച്ചു. അതറിഞ്ഞപ്പോള്‍ രാവണന്‍ സ്വയം യുദ്ധത്തിന്ന് പുറപ്പെടാന്‍ തയ്യാറായി. അതുകണ്ടപ്പോള്‍ ഇന്ദ്രജിത്ത് ഉടനെ യുദ്ധത്തിനിറങ്ങുന്നതില്‍ നിന്നും പിതാവിനെ പിന്തിരിപ്പിച്ചു. താന്‍ നേരിട്ടിറങ്ങി യുദ്ധം ചെയ്ത് ശത്രുക്കളെ നിഗ്രഹിച്ച് ഇപ്പോള്‍ ഏര്‍പ്പെട്ട പരാജയത്തിന്റെ സങ്കടം നീക്കിത്തരാമെന്ന് രാവണന് ഉറപ്പുനല്‍കിക്കൊണ്ട് യുദ്ധത്തിനു പുറപ്പെട്ടു. യുദ്ധഭൂമിയിലെത്തിയ ഇന്ദ്രജിത്ത് അദൃശ്യനായിനിന്ന് രാമലക്ഷ്മണന്മാര്‍ക്കു നേരെ അസ്ത്രപ്രയോഗം തുടങ്ങി. തിരിച്ച് അവരും ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും മേഘനാഥന്‍ അദൃശ്യനായിരുന്നതിനാല്‍ പ്രയോജനമൊന്നുമുണ്ടായില്ല. കോപമാര്‍ന്ന സൗമിത്രി ജ്യേഷ്ഠനെ സമീപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. മായാവിയായി മറഞ്ഞുനിന്നുകൊണ്ട് യുദ്ധം തുടരുന്നതിനാല്‍ ഇന്ദ്രജിത്തിന് വാനരസേനയില്‍ ഏറെപ്പേരെ കൊല്ലാന്‍ സാധിക്കുന്നു. അതുകൊണ്ട് ഇവനു നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ അനുമതി തരണമെന്നപേക്ഷിച്ചു. അതിനു മറുപടിയായി ഒരുവന്‍ ചെയ്യുന്ന തെറ്റിന് മറ്റുപലരേയും ഹനിക്കുന്നത് ശരിയല്ലെന്ന് രാമന്‍ മറുപടി പറഞ്ഞു. മാത്രമല്ല അയുദ്ധ്യമാനം പ്രച്ഛന്നം പ്രാഞ്ജലിം ശരണാഗതം പലായമാനം മത്തം വാ ന ഹന്തും ത്വമിഹാര്‍ ഹസി (യുദ്ധം 80:39) യുദ്ധം ചെയ്യാതിരിക്കുന്നവനേയും, നേരെ വരാതെ ഒളിഞ്ഞുനിന്ന് യുദ്ധം ചെയ്യുന്നവനേയും ഭയപ്പെട്ട് പാദങ്ങളില്‍ ശരണമടഞ്ഞവനേയും, യുദ്ധത്തില്‍ നിന്നും ഓടിപ്പോകുന്നവനേയും, തലക്ക് വെളിവില്ലാത്തവനേയും കൊല്ലരുത്. മാത്രമല്ല അത്തരക്കാര്‍ക്കുനേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നത് മഹാപാതകമാണ്. ഈ അല്പനെ ഞാന്‍ ഇപ്പോള്‍ എന്റെ ശരങ്ങള്‍ക്ക് ഇരയാക്കുന്നുണ്ട് എന്ന് പറഞ്ഞ് ശ്രീരാമചന്ദ്രന്‍ വില്ലുകുലച്ച് യുദ്ധത്തിനു തയ്യാറായി. ഇതുകണ്ട മേഘനാഥന്‍ രാമനു നേരെ യുദ്ധം ചെയ്യാന്‍ സന്നദ്ധനായില്ല.